ആരോഗ്യപ്രശ്നങ്ങൾ ആർക്കും എപ്പോൾ വേണമെങ്കിലും വരാം. ശരീരം പ്രകടിപ്പിക്കുന്ന ലക്ഷണങ്ങളേയും മാറ്റങ്ങളേയും തിരിച്ചറിഞ്ഞ് ആവശ്യമായ പരിഹാരം കാണുകയാണ് വേണ്ടത്. പല രോഗങ്ങളും തുടക്കത്തിലേ തിരിച്ചറിഞ്ഞ് ചികിത്സിച്ചാൽ പൂർണമായും ഭേദമാക്കാവുന്നതാണ്. ഇനി ശരീരം ആദ്യഘട്ടത്തിൽ ലക്ഷണങ്ങൾ ഒന്നും തന്നെ പ്രകടിപ്പിക്കാത്ത ചില രോഗങ്ങളുണ്ട്. അതാകട്ടെ ഗുരുതരമാകാനുള്ള സാധ്യതയും ഏറെയാണ്. അത്തരം സാഹചര്യങ്ങളെ മറികടക്കാനുള്ള തയ്യാറെടുപ്പുകൾ കൂടി ജീവിതശൈലിയുടെ ഭാഗമാക്കേണ്ടതുണ്ട്.
പല രോഗങ്ങളും നിശബ്ദമായി ശരീരത്തെ ആക്രമിക്കുകയും തുടക്കത്തിൽ ലക്ഷണങ്ങൾ ഒന്നും തന്നെ കാണിക്കാതിരിക്കുകയും ചെയ്യും. ഹൃദയം, കരള്‍, വൃക്കകള്‍, പാന്‍ക്രിയാസ് തുടങ്ങിയ പ്രധാന അവയവങ്ങളെ ദോഷകരമായി ബാധിക്കുന്നവയാണ് ഇവയിൽ പല രോഗങ്ങളും. ചിട്ടയായ ജീവിത ശൈലി, പതിവ് പരിശോധനകൾ, എന്നിവയിലൂടെ വേണം ഇത്തരം രോഗങ്ങളെ പ്രതിരോധിക്കാൻ.
കരളില്‍ അധികമായി കൊഴുപ്പ് അടിഞ്ഞുകൂടുന്നതുകൊണ്ട് വരുന്ന ഫാറ്റിലിവർ. തുടക്കത്തില്‍ വലിയ ലക്ഷണങ്ങള്‍ ഒന്നും കണിക്കാത്തതിനാൽ തിരിച്ചറിഞ്ഞെന്ന് വരില്ല. പതിവായ ആരോഗ്യ പരിശോധനകള്‍ രക്തപരിശോധന ഉൾപ്പെടെ നടത്തുകയാണ് ഈ രോഗം തിരിച്ചറിയാനുള്ള വഴി. പച്ചക്കറികള്‍, പഴങ്ങള്‍, ലീന്‍ പ്രോട്ടീനുകള്‍, ധാന്യങ്ങള്‍ എന്നിവയെല്ലാം അടങ്ങിയ സമീകൃത ആഹാരവും പതിവായ വ്യായാമങ്ങളും രോഗത്തെ നിയന്ത്രിക്കാനും സഹായിക്കും.
സാധാരണ ഗതിയിൽ പ്രാരംഭ ലക്ഷണങ്ങൾ കാണിക്കാത്ത അതി ഗുരുതരമായ മരണസാധ്യതയേറെയുള്ള രോഗമാണ് ഹൃദ്രോഗം. പലപ്പോഴും നെഞ്ചുവേദന പോലെയുളള പതിവ് മുന്നറിയിപ്പ് ലക്ഷണങ്ങള്‍ ഇല്ലാതെയും നിശബ്ദമായി ഹൃദയാഘാതം സംഭവിച്ചേക്കാം. ഹൃദയ പേശികള്‍ക്ക് ഓക്‌സിജന്‍ ലഭിക്കുന്നതിന്റെ കുറവ്, ക്ഷീണം, അസ്വസ്ഥതകള്‍, ശ്വാസതടസം തുടങ്ങിയ സൂക്ഷ്മ ലക്ഷണങ്ങള്‍ ഉണ്ടാകാൻ സാധ്യതയുണ്ട്. പക്ഷെ ഇവയെല്ലാം സ്വാഭാവിക അസ്വസ്ഥതകളായി മാത്രമേ പരിഗണിക്കാൻ വഴിയുള്ളു. ആരോഗ്യകരമായ ജീവിതശൈലിയും ഇടയ്ക്കിടെ ഹൃദയ പരിശോധനകളും നടത്തുക എന്നതാണ് പോംവഴി.
അപൂര്‍വ്വമായി മാത്രം പ്രാരംഭ ലക്ഷണങ്ങള്‍ കാണിക്കുന്ന രോഗാവസ്ഥയാണ് ഉയര്‍ന്ന രക്തസമ്മര്‍ദം. രക്തക്കുഴലുകളെ സാവധാനം തകരാറിലാക്കുകയും ഹൃദയാഘാതം, പക്ഷാഘാതം, വൃക്കരോഗം തുടങ്ങി ജീവന്‍ അപകടപ്പെടുത്തുന്ന അവസ്ഥകള്‍ക്കുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുന്ന അവസ്ഥയാണിത്. ഉപ്പിന്റെ ഉപയോഗം കുറയ്ക്കുക, പതിവായി വ്യായാമം ചെയ്യുക, സമ്മര്‍ദ്ദം നിയന്ത്രിക്കുക, പുകയില, മദ്യം ഇവയുടെ അമിത ഉപയോഗം കുറയ്ക്കുക, തുടങ്ങിയ ജീവിതശൈലി മാറ്റങ്ങള്‍ മുൻകരുതലെന്നോണം സ്വീകരിക്കുക. അതോടൊപ്പം കൃത്യമായി പരിശോധനകൾ നടത്തുക.
എച്ച് ഐവി ബാധയും പ്രാരംഭ ലക്ഷണങ്ങൾ കാണിക്കുന്നില്ല. മനുഷ്യന്റെ രോഗപ്രതിരോധ ശേഷിയെ നശിപ്പിക്കുന്ന എയ്ഡ്‌സ് ബാധിതരാകുക എന്ന സ്ഥിതിയേയും മുൻകരുതലുകളിലൂടെയാണ് നേരിടേണ്ടത്. സുരക്ഷിതമായ ലൈംഗിക ബന്ധവും പതിവ് മെഡിക്കല്‍ പരിശോധനകളും ഫലപ്രദമായ പ്രതിരോധ നടപടികളാണ്. ടൈപ്പ് 2 പ്രമേഹമാണ് മറ്റൊരു വില്ലൻ. ശരീരം ഇന്‍സുലിനോട് പ്രതിരോധം കാണിക്കുകയോ ആവശ്യത്തിന് ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാതിരിക്കുകയോ ചെയ്യുന്ന അവസ്ഥയാണിത്. പ്രാരംഭ ഘട്ടത്തില്‍ ലക്ഷണങ്ങള്‍ കാണിക്കാത്തതുകൊണ്ടുതന്നെ പതിവായുളള വൈദ്യ പരിശോധനകള്‍, ശാരീരിക പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് ഇവിടെയും പ്രതിവിധി.