പച്ചക്കറികളും പഴങ്ങളും, പാലും തുടങ്ങി മത്സ്യ മാംസാദികളും മരുന്ന് വരെ സൂക്ഷിക്കും ഫ്രിഡ്ജിൽ. എത്ര ക്ലീൻ ചെയ്ത് വച്ചാലും പലപ്പോഴും ദുർഗന്ധമായിരിക്കും ഫ്രിഡ്ജ് തുറന്നാൽ അദ്യം പുറത്തെത്തുക. പുറനെ നിന്ന് നോക്കിയാൽ എല്ലാം വൃത്തിയായി അടുക്കി ഇരിക്കുന്നുവെന്നു തോന്നിയാലും അവിടെ നിന്നാണ് ദുർഗന്ധം വരികയെന്ന് ചിലപ്പോൾ കണ്ടെത്താനും കഴിയില്ല.
പച്ചക്കറികൾ കേടാകുന്നതോ, മാസം പഴകുന്നതോ, ഇടയ്ക്ക് വൈദ്യുതി പോയാൽ പല വസ്തുക്കലും ആവശ്യത്തിന് തണുപ്പ് ലഭിക്കാതെ പഴകുന്നതോ ആകാം.ഡോർ തുറക്കുമ്പോഴേ മൂക്കിലേക്ക് അടിച്ചു കയറുന്ന മണം. ഭൂരിഭാഗം അടുക്കളകളിലേയും പ്രശ്നം. ഇത് പരിഹരിക്കാൻ എളുപ്പവഴി തേടുന്നവരാണധികവും.
ഫ്രിഡ്ജിലെ ദുർഗന്ധം അകറ്റാൻ ഫലപ്രദമായ എന്നാൽ ലളിതമായ ഒരുവഴിയുണ്ട്.അതിന് ഒരു കഷണം സ്പോഞ്ച് മതിയാകും. സ്‌പോഞ്ച് ഉപയോഗിച്ച് നമുക്ക് റഫ്രിജേറ്ററിനെ നല്ല ഫ്രഷായി സൂക്ഷിക്കാൻ കഴിയും. സാധാരണ സ്‌പോഞ്ച് നന്നായി നനച്ച് വെള്ളം കളഞ്ഞെടുക്കുക. അത് ഫ്രിഡ്ജിൽ വയ്ക്കുക. അത്രമാത്രം മതി.
നനഞ്ഞ രീതിയിൽ, എന്നാൽ വെള്ളം ഇറ്റുവീഴാത്ത് രീതിയിൽ വേണം ഇത് ഫ്രിഡ്ജിൽ വെക്കാൻ. ഫ്രിഡ്ജ് എപ്പോൾ തുറന്നാലും ചൂടുള്ള വായു അകത്ത് കയറുകയും ഇത് പിന്നീട് ഈർപ്പമായി മാറുകയും ചെയ്യുന്നതാണ് പ്രധാന പ്രശ്നം. സ്പോഞ്ച് വയക്കുന്നതിലൂടെ അത് പരിഹരിക്കാനാകും. സ്‌പോഞ്ചിന് ജലകണങ്ങളെ ആഗിരണം ചെയ്ത് നിർത്താനുള്ള കഴിവുള്ളതുകൊണ്ട് ഇത് ഫ്രിഡ്ജിലെ അന്തരീക്ഷത്തെ വല്ലാതെ വരണ്ട നിലയിലാകാതെ സൂക്ഷിക്കും.
ഫ്രിഡ്ജിനുള്ളിലെ അധിക ഈർപ്പത്തെ സ്‌പോഞ്ച് വലിച്ചെടുക്കുകയും ചെയ്യും. ഇത് മൂലം ദുർഗന്ധത്തിന് നല്ല തോതിൽ കുറവ് അനുഭവപ്പെടും. പച്ചക്കറികൾ കൂടുതൽ നേരം ഫ്രഷായി ഇരിക്കുകയും ചെയ്യും. ഇലക്കറികൾ പ്രത്യേകിച്ചും ഏറെ നാൾ പുതുമയോടെ ഇരിക്കും. ഇനി സ്പോഞ്ച് വയക്കുക മാത്രമല്ല കൃത്യമായി ഫ്രഡ്ജ് വൃത്തിയാക്കാനും മടിക്കരുത്.