ഒടുവിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ തൻ്റെ ദീർഘകാല പങ്കാളിയായ ജോർജിന റോഡ്രിഗസിനോട് വിവാഹാഭ്യർഥന നടത്തി. ജോർജിന അധികമൊന്നും ചിന്തിക്കാതെ സമ്മതം മൂളുകയും ചെയ്തു. എന്നാൽ ലോകം ഏറ്റവുമധികം ശ്രദ്ധിച്ചതും സംസാരിച്ചതും അവരുടെ പ്രണയത്തെക്കുറിച്ചായിരുന്നില്ല, റൊണാൾഡോ സമ്മാനിച്ച മോതിരത്തെക്കുറിച്ചായിരുന്നു.
റൊണാൾഡോ സമ്മാനിച്ച മോതിരത്തിൻ്റെ ചിത്രം പങ്കുവെച്ചു പങ്കുവെച്ചുകൊണ്ടാണ് ജോർജിന തന്റെ വിവാഹത്തിൻ്റെ കാര്യം പ്രഖ്യാപിച്ചത്. ഡിസൈനിന്റെ കാതലായ ഭാഗത്ത് ഒരു വലിയ ഓവൽ ആകൃതിയിലുള്ള വജ്രവും ഇരുവശത്തും ഒരു കാരറ്റ് വീതം തൂക്കമുള്ള രണ്ട് ചെറിയ കല്ലുകളും ഉണ്ട്.
ഉത്ഭവം, കരകൗശല വൈദഗ്ദ്ധ്യം തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ച്, ഈ നിലവാരത്തിലുള്ള ഒരു മോതിരത്തിന് മൂന്ന് മുതൽ അഞ്ച് മില്യൺ ഡോളർ( ഏകദേശം 18 കോടി രൂപ) വരെ വില വരുമെന്നാണ് കണക്കാക്കുന്നത്. നാച്ചുറൽ ഡയമണ്ട് കൗൺസിലിലെ ഇന്ത്യ ആൻ്റ് മിഡിൽ ഈസ്റ്റിന്റെ മാനേജിംഗ് ഡയറക്ടർ റിച്ച സിംഗ് "ഗംഭീരവും അസാധാരണവും" എന്നാണ് മോതിരത്തെ വിശേഷിപ്പിച്ചത്. "ഈ മോതിരത്തിൻ്റെ ആകൃതി കാലാതീതമാണ്, മോതിരത്തിലെ കല്ലുകൾ അവിശ്വസനീയമാംവിധം സവിശേഷമാണ്, കൂടാതെ ഇതൊരു പ്രകൃതിദത്ത വജ്രമാണെന്ന വസ്തുത പകരം വയ്ക്കാൻ കഴിയാത്ത അതുല്യത നൽകുന്നു" റിച്ച സിംഗ് പറയുന്നു.
എത്ര വിലപ്പിടിപ്പുള്ളതാണെങ്കിലും ഈ മോതിരം ധരിച്ച് നടക്കുന്നത് അൽപം ബുദ്ധിമുട്ടായിരിക്കുമെന്നും റിപ്പോർട്ടുണ്ട്. "ഭാരവും വലുപ്പവും അതിനെ അമൂല്യമാക്കുന്നുണ്ടെങ്കിലും, അത് സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്യേണ്ടതും ആവശ്യമാണ്," റിച്ച സിംഗ് വിശദീകരിച്ചു. ഇത് ദിവസവും ധരിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. വസ്ത്രങ്ങളിൽ കുരുങ്ങുകയും വിരലിൽ ഭാരം അനുഭവപ്പെടുകയും ചെയ്തേക്കാം.