തൃശൂർ ബ്രഹ്മകുളം സ്വദേശിനിയാണ് മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയായ തപസ്യ. ഡാൻസിലും വയലിൻ വായനയിലും പഠനത്തിലുമൊക്കെ മിടുമിടുക്കിയാണ്. എന്നാൽ ഇൻ്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ച, കുട്ടികവയത്രിയെന്ന നിലയിലാണ് കൂടുതൽ പേർക്കും തപസ്യയെ പരിചയം.
തനിക്ക് ചുറ്റുമുള്ള ലോകത്തെ കാഴ്ചകളും അനുഭവങ്ങളും മുത്തശ്ശി മീരയോട് പറഞ്ഞും പാടിയുമാണ് ആമി കവിതകളുടെ ലോകത്തേക്ക് എത്തുന്നത്. ആമി ഈണത്തിൽ ചൊല്ലിക്കൊടുത്ത കവിതകൾ മുത്തശ്ശി എഴുതി സൂക്ഷിച്ചു. ആമിയുടെ അധ്യാപകനും എഴുത്തുകാരനുമായ ശ്രീജിത്ത് തൊണ്ടയാടാണ് കവിതകൾ കൂട്ടിച്ചേർത്ത് പുസ്തകമാക്കാൻ മുൻ കൈയ്യെടുത്തത്.
38 കവിതകൾ ഉൾപ്പെടുത്തി വർണ്ണജാലകം എന്ന കവിതാ സമാഹരം 2004ലാണ് തപസ്യ പ്രസിദ്ധീകരിക്കുന്നത്. അതേ വർഷം തന്നെ 28 ഇംഗ്ലീഷ് കവിതകൾ കൂട്ടിച്ചേർത്ത് മൈ മാജിക് പെൻസിൽ എന്ന പേരിൽ രണ്ടാം പുസ്തകവും പ്രസിദ്ധപ്പെടുത്തി. ചെറുപ്രായത്തിൽ തന്നെ രണ്ട് ഭാഷകളിലായി 66 കവിതകൾ എഴുതിയ മികവാണ് ഇൻ്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടാൻ തപസ്യക്ക് അവസരം ഒരുക്കിയത്.
ആറാം വയസിൽ തപസ്യ എഴുതിയ വർണ്ണ ജാലകം എന്ന പുസ്തകം, കവി ആലങ്കോട് ലീല കൃഷ്ണനും മൈ മാജിക് പെൻസിൽ സംഗീത സംവിധായകൻ ഔസേപ്പച്ചനുമാണ് പ്രകാശനം ചെയ്തത്. എട്ടാം വയസിലെത്തി നിൽക്കുമ്പോൾ മൂന്നാമത്തെ പുസ്തകം കൂടി പ്രസിദ്ധീകരിക്കാനുള്ള ഒരുക്കത്തിലാണ് ഈ കൊച്ച് മിടുക്കിയും മാതാപിതാക്കളായ നീനുവും സുനീഷും. മുത്തശ്ശി മീരയാണ് കൂട്ടിക്ക് എപ്പോഴും പിന്തുണയുമായി കൂടെയുള്ളത്. ഗുരുവായൂർ ശ്രീ ഗോകുലം സ്കൂളിലെ അധ്യാപകരും കൂട്ടുകാരും നൽകുന്ന പ്രോത്സാഹനങ്ങളും തപസ്യയുടെ വളർച്ചയിൽ നിർണ്ണായക പങ്കു വഹിക്കുന്നു.