ജാഗ്രത വേണം! എന്താണ് സൂനോട്ടിക് രോഗങ്ങൾ?

സൂനോട്ടിക് രോഗങ്ങൾ മനുഷ്യൻ്റെ ആരോഗ്യത്തിൽ ചെലുത്തുന്ന സ്വാധീനം മനസിലാക്കുകയും ആവശ്യമായ മുൻകരുതലുകൾ എടുക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്
ജാഗ്രത വേണം! എന്താണ് സൂനോട്ടിക് രോഗങ്ങൾ?
Published on
Updated on

എല്ലാ വർഷവും ജൂലെെ ആറിന് ലോക സൂനോട്ടിക് ദിനമായാണ് ആചരിക്കുന്നത്. എന്താണ് സൂനോട്ടിക് എന്നല്ലേ? മൃഗങ്ങളിൽ നിന്ന് ഉത്ഭവിക്കുന്ന അണുബാധകളെയോ പകർച്ചവ്യാധികളെയോ ആണ് സൂനോട്ടിക് അല്ലെങ്കിൽ ജന്തുജന്യരോഗങ്ങൾ എന്നുവിളിക്കുന്നത്. വൈറസുകൾ, ബാക്ടീരിയകൾ, പരാദങ്ങൾ ഫംഗസുകൾ എന്നിവ മൂലമാണ് ഇവ ഉണ്ടാകുന്നത്. കോവിഡ് 19, പേവിഷബാധ, എബോള, നിപ്പ, കുരങ്ങുപനി, പന്നിപ്പനി, പക്ഷിപ്പനി എന്നിവയെല്ലാം സൂനോട്ടിക് രോഗങ്ങൾക്ക് ഉദാഹരണങ്ങളാണ്.

ലോകമെമ്പാടും ഇന്ന് വലിയ ഭീഷണിയുയർത്തുന്ന ഒന്നാണ് മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന സൂനോട്ടിക് രോഗങ്ങൾ. നമ്മൾ ജീവിക്കുന്ന ചുറ്റുപാടുകളിൽ മൃഗങ്ങളുമായുള്ള സമ്പർക്കം കൂടുമ്പോൾ ഇത്തരം രോഗങ്ങൾ പകരാനുള്ള സാധ്യതയും വർധിക്കുന്നു. ഇവിടെ നിലനിൽക്കുന്ന എല്ലാ രോഗങ്ങളിലും അവയിൽ 60 ശതമാനവും സൂനോട്ടിക് സ്വഭാവമുള്ളവയാണെന്നും ഉയർന്നുവരുന്ന അണുബാധകളിൽ 70 ശതമാനവും മൃഗങ്ങളിൽ നിന്നാണെന്നുമാണ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷൻ വ്യക്തമാക്കുന്നത്.

1886 ജൂലെ ആറിന് ഫ്രഞ്ച് ബയോളജിസ്റ്റായ ലൂയി പാസ്റ്റർ പേവിഷ ബാധക്കുള്ള വാക്സിൻ ആദ്യമായി നൽകിയതിന്റെ സ്മരണയിലാണ് ദിനം ആചരിച്ച് വരുന്നത്. പേവിഷ ബാധയുള്ള നായയുടെ കടിയേറ്റ ജോസഫ് മെയിസ്റ്റർ എന്നയാളാണ് അന്ന് വാക്സിൻ സ്വീകരിച്ചത്. സൂനോട്ടിക് രോഗങ്ങൾ മനുഷ്യൻ്റെ ആരോഗ്യത്തിൽ ചെലുത്തുന്ന സ്വാധീനം മനസിലാക്കുകയും ആവശ്യമായ മുൻകരുതലുകൾ എടുക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. ജന്തുജന്യ രോഗങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് എല്ലാ വർഷവും ലോക സൂനോട്ടിക് ദിനം ആചരിക്കുന്നത്.

ജാഗ്രത വേണം! എന്താണ് സൂനോട്ടിക് രോഗങ്ങൾ?
സിറ്റുവേഷൻഷിപ്പും മെന്റൽ ട്രോമയും വേണ്ട! ലവ് വിത്ത് എക്സ്പയറി ഡേറ്റ്; എന്താണ് സൺ സെറ്റ് ക്ലോസ്?

എങ്ങനെയാണ് പകരുന്നത്?

രോഗബാധിതരായ മൃഗങ്ങളുമായുള്ള നേരിട്ടുള്ള സമ്പർക്കം. മൃഗങ്ങളുടെ ഉമിനീര്, രക്തം, മലമൂത്രവിസർജ്യം എന്നിവയുമായുള്ള സമ്പർക്കം. കൊതുക്, ചെള്ള് എന്നിവ വഴിയുള്ള രോഗപ്പകർച്ച. ശരിയായി വേവിക്കാത്ത മാംസം, പാൽ, മലിനമായ വെള്ളം എന്നിവയുടെ ഉപയോഗം എന്നിവ മൂലമെല്ലാം സൂനോട്ടിക് രോഗങ്ങൾ പകരും. രോഗം ബാധിക്കുന്ന ഓരോരുത്തരും മറ്റ് ആളുകളിലേക്ക് ഇത് കൈമാറ്റാം ചെയ്യുന്നതോടെ വ്യാപ്തിയും കൂടുന്നു. നേരിട്ടുള്ള സമ്പർക്കം, ആഹാരം, വെള്ളം, പരിസ്ഥിതി എന്നിവയിലൂടെയാണ് രോഗാണു മനുഷ്യരിലെത്തുന്നത്.

പ്രതിരോധ മാർ​ഗങ്ങൾ

വളർത്തുമൃഗങ്ങളുമായി ഇടപഴകിയ ശേഷം കൈകൾ സോപ്പിട്ട് നന്നായി കഴുകുക. വളർത്തുമൃഗങ്ങൾക്ക് കൃത്യസമയത്ത് വാക്സിനേഷനുകൾ നൽകുക. മാംസവും പാലും നന്നായി തിളപ്പിച്ചു മാത്രം ഉപയോഗിക്കുക. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക എന്നിവയാണ് രോ​ഗം തടയാനുള്ള പ്രതിരോ​ധ മാർ​ഗങ്ങൾ.

മൃഗങ്ങളിൽ അസ്വാഭാവികമായ രോഗലക്ഷണങ്ങളോ മരണങ്ങളോ കണ്ടാൽ ഉടൻ തന്നെ വെറ്ററിനറി ഡോക്ടറെ വിവരമറിയിക്കേണ്ടതാണ്. കൃത്യമായ ശുചിത്വ ശീലങ്ങളിലൂടെയും മുൻകരുതലുകളിലൂടെയും മാത്രമേ സൂനോട്ടിക് രോഗങ്ങളെ ഒരു പരിധി വരെ തടയാൻ സാധിക്കൂ.

News Malayalam 24x7
newsmalayalam.com