ഇന്ന് ലോക റോസ് ദിനം; കാൻസർ രോഗികൾക്ക് പ്രതീക്ഷയും പ്രചോദനവും നൽകിയ മെലിൻഡ റോസിൻ്റെ ഓർമ

കാൻസറുമായി പോരാടുന്നവരുടെ ജീവിതങ്ങളിൽ പ്രതീക്ഷയും സന്തോഷവും നിറയ്ക്കുന്നതിനാണ് ഈ ദിവസം ആചരിക്കുന്നത്
മെലിൻഡ റോസ്
മെലിൻഡ റോസ്Source: News Malayalam 24x7
Published on

ഇന്ന് ലോക റോസ് ദിനം. കാൻസറിനെതിരെ പോരാടുന്നവരുടെ ആത്മവിശ്വാസം ഉയർത്തുക എന്ന ലക്ഷ്യത്തോടെ എല്ലാ വർഷവും സെപ്റ്റംബർ 22ന് ലോക റോസ് ദിനമായാണ് ആചരിക്കുന്നത്. കാൻസറുമായി പോരാടുന്നവരുടെ ജീവിതങ്ങളിൽ പ്രതീക്ഷയും സന്തോഷവും നിറയ്ക്കുന്നതിനാണ് ഈ ദിവസം ആചരിക്കുന്നത്.

12 വയസുള്ള കാൻസർ രോഗിയായ മെലിൻഡ റോസിൻ്റെ ജീവിത കഥയാണ് ലോക റോസ് ഡേയ്ക്ക് പിന്നിൽ. ആ കാനഡ സ്വദേശിനിയുടെ ഓർമയിലാണ് റോസ് ദിനത്തിന്‍റെ തുടക്കം. ധൈര്യശാലിയായ പെൺകുട്ടിയായിരുന്നു മെലിൻഡ. 1994 ലാണ് അസ്‌കിൻസ് ട്യൂമർ എന്ന അപൂർവ രക്താർബുദം മെലിഡയ്ക്ക് ഉണ്ടെന്ന് കണ്ടെത്തുന്നത്. ഇനി ഏതാനും ആഴ്‌ചകൾ മാത്രമേ ജീവിക്കുകയുള്ളൂ എന്നും ഡോക്‌ടർമാർ വിധിയെഴുതി.

പക്ഷേ, നിരാശപ്പെട്ടിരിക്കാൻ മെലിൻഡയ്ക്ക് മനസില്ലായിരുന്നു. അവൾ രോഗത്തെ സധൈര്യം നേരിട്ടു. പുഞ്ചിരിച്ചു. ശരിക്കും പറഞ്ഞാൽ, സന്തോഷത്തോടെ ഏകദേശം ആറുമാസത്തോളം പിന്നീട് അവൾ ജീവിച്ചു.

മെലിൻഡ റോസ്
'ജിഎസ്‌ടി 2.0' ഇന്നുമുതൽ, സമസ്ത മേഖലയ്ക്കും നേട്ടം; നിത്യോപയോഗ സാധനങ്ങൾക്കും വില കുറയും

മെലിൻഡയുടെ നിശ്ചയദാർഢ്യവും ജീവിതത്തോടുള്ള ഉത്സാഹവും കാൻസർ ബാധിതര്‍ക്ക് മാത്രമല്ല അവളുടെ ചുറ്റുമുള്ള എല്ലാവർക്കും പ്രചോദനമായിരുന്നു. ആശുപത്രിയിൽ കഴിയുമ്പോൾ, കാൻസറിനെതിരെ പോരാടുന്നവര്‍ക്കും അവരെ പരിചരിക്കുന്നവർക്കും സന്തോഷവും പോസിറ്റിവിറ്റിയും നൽകുന്നതായിരുന്നു മെലിൻഡയുടെ പ്രകൃതം. ഒഴിവുസമയങ്ങളിൽ ചുറ്റുമുള്ളവർക്ക് കത്തുകളും ഇമെയിലുകളും കവിതകളും അവൾ എഴുതി. അതൊക്കെയും പ്രതീക്ഷയും പ്രചോദനവും പകരുന്ന കുറിപ്പുകളായിരുന്നു.

തീവ്ര രോഗപീഡയിലും ജീവിതത്തോടുള്ള മെലിൻഡയുടെ അഭിനിവേശവും മറ്റുള്ളവരെ സഹായിക്കാനുള്ള അർപ്പണബോധവും എല്ലാവരേയും അതിശയിപ്പിച്ചു. സ്നേഹത്തിന്‍റെയും സഹാനുഭൂതിയുടെയും പ്രതീക്ഷയുടെയും പ്രതീകമായി അവൾ മാറി. മെലിൻഡ റോസിൻ്റെ ഓർമ ദിനമാണ് ലോകം റോസ് ഡേ ആയി കണക്കാക്കുന്നത്.

മെലിൻഡ റോസ്
ആദ്യ ആക്ഷൻ ചിത്രവുമായി ശ്രീനാഥ് ഭാസി; പൊങ്കാല ഒക്ടോബറിൽ തീയേറ്ററുകളിലേക്ക്

കാൻസർ രോഗം സ്ഥിരീകരിച്ച് കഴിയുമ്പോൾ വല്ലാതെ നെഗറ്റീവ് ആകുന്നവരാണ് പലരും. പക്ഷേ, വെളിച്ചം മുന്നിലുണ്ട്, കൂടെയുണ്ട് എന്നു അവരോട് പറയാൻ നമുക്ക് കഴിയണം. കാൻസറിനെതിരെ പോരാടുന്നവർക്ക് പ്രതീക്ഷയും ശക്തിയും നൽകുന്നതില്‍ നാം ഓരോരുത്തർക്കും ഉത്തരവാദിത്വമുണ്ട്. ഇന്ന്, ലോക റോസ് ദിനം ആ വലിയ പ്രാധാന്യം നമ്മളെ ഓർമിപ്പിക്കുകയാണ്. രോഗത്തെ അതിജീവിക്കുന്നവര്‍ക്ക്, അതിനെ പോസിറ്റീവായി നേരിടാൻ പ്രാപ്‌തരാക്കുക എന്ന ലക്ഷ്യത്തോടെ സ്നേഹത്തോടെയും അനുഭാവത്തോടുയും പ്രചോദനത്തോടും കൂടി ഈ ദിനം നമുക്ക് അനുഭവമാക്കാം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com