
പ്രതിസന്ധികളെ നിശ്ചയദാർഢ്യം കൊണ്ട് മറികടന്ന് മുന്നേറുന്ന ഒരു കുട്ടി താരത്തെ പരിചയപ്പെടാം. അംഗപരിമിതികളെ മറികടന്നാണ് ഈ കൊച്ചുമിടുക്കൻ പിയാനോ വാദനം സ്വായത്തമാക്കിയത്. വേഗതയും താളവും ഒരുപോലെ വേണ്ട പിയാനോയിൽ അത്ഭുതം തീർക്കുകയാണ് ആലപ്പുഴ സ്വദേശി ആർവിഎസ്എം ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി യാസീൻ.
യാസീൻ്റെ കൈകളിൽ ഏത് ഈണവും വഴങ്ങും. അത് ശാസ്ത്രീയമായി പഠിച്ചിട്ടല്ല. സ്വഭാവികമായി വന്നു ചേർന്നതാണ്. കറുപ്പും വെളുപ്പും നിറത്തിലുള്ള 88 കീ കളിലൂടെ അതിവേഗത്തിൽ പായുന്ന യസീൻ പിയാനോയിൽ തീർക്കുന്നത് ആരെയും അത്ഭുതപ്പെടുത്തുന്ന സംഗീതമാണ്.
സ്വന്തമായി പിയാനോ പഠിക്കാൻ കഴിയുമോ എന്നുള്ള ചോദ്യത്തിനുള്ള ഉത്തരം കൂടിയാണ് യാസീൻ. അതും കേൾക്കുന്ന ഏത് പാട്ടും മണിക്കൂറുകൾ കൊണ്ടു പിയാനോയിലേക്ക് എത്തിക്കും. ചെറിയ കളിപ്പാട്ടത്തിൽ ആരംഭിച്ച പിയാനോ വായനയ്‌ക്ക് പ്രോത്സാഹനം കൂടി വന്നു. മുൻപ് പഠിച്ച സ്കൂളിലെ അധ്യാപകൻ്റെ വക പുതിയ പിയാനോയും ലഭിച്ചു. ഇപ്പോൾ ഉപയോഗിക്കുന്നത് പിതാവ് ഷാനവാസ് ജോലി ചെയ്യുന്ന സ്ഥാപനത്തിൻ്റെ സമ്മാനം.
സംഗീതം ഇത്രയധികം ഇഷ്ടപ്പെടുന്ന യസീൻ്റെ ആഗ്രഹം പക്ഷേ മറ്റൊനാണ്. സയൻ്റിസ്റ്റ് ആകണമെന്നാണ് ആഗ്രഹം. ഇതിനോടകം സിനിമാ മേഖലയിലെ പ്രമുഖർക്കൊപ്പം വേദി പങ്കിട്ടു കഴിഞ്ഞു യാസീൻ. ആർവിഎസ്എം ഹയർസെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ് യാസീൻ. ഇന്ത്യാ ബുക്ക് ഓഫ് റിക്കോർഡ്‌സിലും സംസ്ഥാന സർക്കാറിൻ്റെ ഉജ്ജ്വല ബാല്യം പുരസ്കാരവും ഈ മിടുക്കനെ തേടിയെത്തി. നേട്ടങ്ങൾ എണ്ണി പറയുന്നതിലും ഒറ്റ വാക്കിൽ കുട്ടിത്താരം എന്നു വിശേഷിപ്പിച്ചാൽ മതിയാകും യാസീൻ എന്ന പ്രതിഭയെ.