ഇത്തരം വീട്ടുപകരണങ്ങൾ നിങ്ങളറിയാതെ നിങ്ങളെ രോഗിയാക്കിയേക്കാം

നിരുപദ്രവകാരികളൈണെന്ന് നമ്മൾ വിശ്വസിക്കുന്ന പല നിത്യോപയോ​ഗ സാധനങ്ങളും ഫലത്തിൽ നമ്മളെ മോശമായി ബാധിക്കുന്നവയാണ്
ഇത്തരം വീട്ടുപകരണങ്ങൾ നിങ്ങളറിയാതെ നിങ്ങളെ രോഗിയാക്കിയേക്കാം
Published on

നമ്മൾ ഏറ്റവും സുരക്ഷിതാരാണെന്ന് വിശ്വസിക്കുന്നത് വീടുകളിലാണ്. സുരക്ഷയും സമാധാനവും സന്തോഷവും എല്ലാം നിറഞ്ഞതാണ് മനുഷ്യർക്ക് അവരുടെ വീട്. എന്നാൽ വീടുകളിലെ ചില വസ്തുക്കൾ നമ്മുടെ ആരോ​ഗ്യത്തെ മോശമായി ബാധിക്കുമെന്നും പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസമായിരിക്കുമല്ലേ? എന്നാൽ സംഭവം സത്യമാണ് നിരുപദ്രവകാരികളൈണെന്ന് നമ്മൾ വിശ്വസിക്കുന്ന പല നിത്യോപയോ​ഗ സാധനങ്ങളും ഫലത്തിൽ നമ്മളെ മോശമായി ബാധിക്കുന്നവയാണ്.

സോഫകൾ, കാർ സീറ്റുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ തുടങ്ങിയ നിത്യോപയോഗ സാധനങ്ങൾ അപകടമാണെന്നാണ് ആർക്കൈവ്സ് ഓഫ് ടോക്സിക്കോളജിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനം പഠനം പറയുന്നത്. എങ്ങനെയെന്നല്ലേ? ഈ വസ്തുക്കളിൽ എല്ലാം സാധാരണയായി ഉപയോ​ഗിക്കുന്ന ഒന്നാണ് പോളിബ്രോമിനേറ്റഡ് ഡൈഫെനൈൽ ഈഥറുകൾ. അഗ്നി പ്രതിരോധ രാസവസ്തുക്കളായാണ് ഇവ ഉപയോ​ഗിക്കുന്നത്. എന്നാൽ ഇവ മുതിർന്നവരിലും കുട്ടികളിലും ഒരുപോലെ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നാണ് പഠനം പറയുന്നത്.

തീപിടിത്ത സാധ്യത കുറയ്ക്കുന്നതിനും, തടയുന്നതിനുമായി ഫർണിച്ചറുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവയിൽ ചേർക്കുന്ന സിന്തറ്റിക് സംയുക്തങ്ങളാണ് പിബിഡിഇകൾ അഥവാ പോളിബ്രോമിനേറ്റഡ് ഡൈഫെനൈൽ ഈഥറുകൾ. തീപിടുത്തമുണ്ടായാൽ തീ പടരുന്നത് മന്ദഗതിയിലാക്കുന്നതിലൂടെ സുരക്ഷ വർധിപ്പിക്കുന്നതിന് ഈ രാസവസ്തുക്കൾ ഗാർഹിക ഉൽപ്പന്നങ്ങളിൽ വ്യാപകമായി ഉപയോഗിക്കാറുണ്ട്.

തീപിടുത്ത അപകടങ്ങൾ തടയുക എന്നതാണ് ഉദ്ദേശ്യമെങ്കിലും, ഈ സംയുക്തങ്ങളുമായി ദീർഘനേരം സമ്പർക്കം പുലർത്തുന്നത് ആരോഗ്യത്തിന് ഹാനികരമാകുമെന്നാണ് ബെം​ഗുളൂരിവിലെ കാവേരി ആശുപത്രിയിലെ ഇന്റേണൽ മെഡിസിൻ കൺസൾട്ടന്റ് ഡോ. ടി.ആർ. ഹേംകുമാർ പറയുന്നത്.

ഹോർമോൺ തകരാറുകൾ

പിബിഡിഇകൾ എൻഡോക്രൈൻ സിസ്റ്റത്തെ തടസപ്പെടുത്തിയേക്കാം, പ്രത്യേകിച്ച് ​ഗർഭകാലം പോലുള്ള നിർണായക ഘട്ടങ്ങളിൽ ഇത് കുട്ടികളിൽ ദീർഘകാല പ്രശ്നങ്ങൾക്ക് കാരണമാകും.

നാഡീസംബന്ധമായ പ്രത്യാഘാതങ്ങൾ

കുട്ടികളിൽ നാഡീസംബന്ധമായ പ്രശ്നങ്ങൾക്ക് പിബിഡിഇകൾ കാരണമാകും.

പെരുമാറ്റ, ഉപാപചയ വൈകല്യങ്ങൾ

പ്രസവാനന്തരമുള്ള ഓട്ടിസ്റ്റിക് പോലുള്ള പെരുമാറ്റത്തിനും മെറ്റബോളിക് സിൻഡ്രോമിനും ഇത്തരം രാസവസ്തുക്കളുമായുള്ള സമ്പർക്കം കാരണമാകുമെന്നാണ് പഠനം പറയുന്നത്. ആൺകുട്ടികൾക്ക് ജനനസമയത്ത് ഭാരക്കുറവും പെൺകുട്ടികൾക്ക് ഹൈപ്പർ ആക്ടിവിറ്റിയും ​ഗവേഷണത്തിൽ കണ്ടെത്തിയെന്നും പഠനം പറയുന്നു.

കുട്ടികളുടെ നാഡീവ്യവസ്ഥയെ സംരക്ഷിക്കുന്നതിനായി അവരുടെ വളർച്ചയുടെ ഘട്ടത്തിൽ പിബിഡിഇ അടങ്ങിയ ഫർണിച്ചറുകളും മറ്റ് ഉപകരണങ്ങളും വീടുകളിൽ നിന്ന് ഒഴിവാക്കുന്നത് നിർണായക ചുവടുവയ്പ്പാകുമെന്നാണ് ഡോ. ഹേംകുമാർ പറയുന്നത്. വീട്ടുപകരണങ്ങളിൽ അഗ്നി പ്രതിരോധ ശേഷിയുള്ള രാസവസ്തുക്കളുടെ സാന്നിധ്യം കുറയ്ക്കുന്നത് ആരോഗ്യം സംരക്ഷണത്തിന് വളരെ പ്രധാനമാണെന്നും ഡോക്ടർ പറയുന്നു.

സുരക്ഷിതമായ ഫർണിച്ചറുകൾ തിരഞ്ഞെടുക്കുക

പിബിഡിഇകൾ ഉപയോഗിച്ച് നിർമിച്ച ഇൻഡോർ ഫർണിച്ചറുകളും ഫിക്‌ചറുകളും ഒഴിവാക്കുക. പ്രത്യേകിച്ച് കുട്ടികളുടെ ഉൽപ്പന്നങ്ങൾ.

ഇതരമാർഗങ്ങൾ തിരഞ്ഞെടുക്കുക

പിബിഡിഇ രഹിതമെന്ന് ലേബൽ ചെയ്‌തതോ പരിസ്ഥിതി സൗഹൃദപരവും ആരോഗ്യത്തിന് ഹാനികരമല്ലാത്തതെന്ന് സാക്ഷ്യപ്പെടുത്തിയതോ ആയ ഉൽപ്പന്നങ്ങൾ വാങ്ങുക,

വായുസഞ്ചാരം മെച്ചപ്പെടുത്തുക

വായുവിലൂടെ പകരുന്ന ഈ രാസവസ്തുക്കളുടെ ശേഖരണം കുറയ്ക്കുന്നതിന് നിങ്ങളുടെ വീട്ടിൽ ശരിയായ വായുസഞ്ചാരം ഉറപ്പാക്കുക.

പതിവായി വൃത്തിയാക്കൽ

വീട്ടിലെ പൊടിയിൽ അടിഞ്ഞുകൂടുന്ന പിബിഡിഇ കണികകൾ കുറയ്ക്കുന്നതിന് ഇടയ്ക്കിടെ വീട് വൃത്തിയാക്കുക.

പതിവായി കൈകൾ കഴുകുക

പിബിഡിഇകൾക്ക് ഉപരിതലങ്ങളിൽ നിന്ന് ചർമത്തിലേക്ക് പകരാൻ കഴിയുമെന്നതിനാൽ, പതിവായി കൈ കഴുകുന്നത് അപകട സാധ്യത കുറയ്ക്കാൻ സഹായിക്കും. പ്രത്യേകിച്ച് കുട്ടികളിൽ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com