തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളൊക്കെ അത്യധികം സജീവമായാണ് നടക്കുന്നത്. പോസ്റ്റർ ഒട്ടിക്കലും ചുമരെഴുത്തും വീടുകൾ കയറി ഇറങ്ങിയുള്ള പ്രചാരണവും ഒക്കെ നടക്കുന്നുണ്ട്. ഇതിനൊക്കെയായി ഒരു ധാരണയുമില്ലാതെ കാശെടുത്തു വീശുന്നവരാണ് പലരും. അങ്ങനെ പണം ചെലവഴിക്കുന്നവരൊക്കെ പിന്നീട് വലിയ കുരുക്കുകളിൽ ചെന്നുവീഴാറുമുണ്ട്. കാരണം ഇതിനെല്ലാത്തിനും തെരഞ്ഞെടുപ്പ് കമ്മീഷന് ഒരു കണക്ക് ഉണ്ട്. അത് ലംഘിക്കാൻ പാടില്ല.
പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഏറ്റവും കഷ്ടപ്പാട് ചെലവിന്‍റെ കാര്യത്തിലാണ്. ചെലവു ചെയ്യാവുന്ന തുകയെക്കുറിച്ച് ധാരണയില്ലാതെ കാശെടുത്തു വീശുന്നവരാണ് പലരും. അങ്ങനെ പണം ചെലവഴിക്കുന്നവരൊക്കെ പിന്നീട് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടി നേരിടും. ചെലവഴിച്ച തുകയുടെ കണക്ക് നൽകാതിരുന്നാൽ നടപടി പിന്നാലെ വരും. പരിധി ലംഘച്ചു ചെലവു ചെയ്താൽ അയോഗ്യത വരെ ഉണ്ടാകാം. പരിധി ലംഘിച്ചു ചെലവു ചെയ്തതിനും കണക്കു നൽകാത്തതിനും സ്ഥാനം നഷ്ടമാകുന്ന സ്ഥിതി വരെ ഉണ്ടാകും.
ഗ്രാമപഞ്ചായത്ത് വാർഡിൽ സ്ഥാനാർഥിക്ക് ചെലവഴിക്കാൻ കഴിയുന്ന പരമാവധി തുക 25,000 രൂപയാണ്. പോസ്റ്റർ ഒട്ടിക്കാനും ചുമരെഴുതാനും വീടുകൾ കയറിഇറങ്ങുമ്പോഴുള്ള ചെലവിനും വണ്ടി വിളിക്കാനും മൈക്ക് കെട്ടി അനൗൺസ്മെന്‍റ് നടത്താനുമെല്ലാം അനുവദിച്ചിട്ടുള്ളത് ഈ തുക മാത്രമാണ്. നഗരസഭാ വാർഡിലും ബ്ലോക്ക് പഞ്ചായത്ത് വാർഡിലും ചെലവഴിക്കാവുന്നത് 75,000 രൂപയാണ്. മുക്കാൽ ലക്ഷം രൂപയിൽ ചെലവുകൾ ഒതുക്കണമെന്നാണ് നിബന്ധന.
ജില്ലാ പഞ്ചായത്തിലേക്കും കോർപ്പറേഷനിലേക്കും മത്സരിക്കുന്നവർക്ക് അൽപം കൂടി ഇളവുണ്ട്. അവർക്ക് 1,50,000 രൂപ ചെലവഴിക്കാം. പ്രചാരണ സാമഗ്രികൾക്കുൾപ്പെടെ ഇതിലേറെ ചെലവു വന്നാൽ നടപടി ഉറപ്പാണ്. ചെലവ് നിയന്ത്രിക്കുന്നുണ്ടോ എന്നു പരിശോധിക്കാൻ നിരീക്ഷകർ മിക്ക വാർഡുകളിലും എത്തും. വരുത്തിയ ചെലവുകളും നൽകിയ കണക്കുകളും പൊരുത്തപ്പെടുന്നില്ലെങ്കിൽ നടപടി ഉറപ്പാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ജയിച്ചോ, തോറ്റോ എന്നതിന് പ്രസക്തിയില്ല. 30 ദിവസത്തിനകം കണക്കു നൽകിയിരിക്കണം എന്നാണ് കമ്മീഷൻ്റെ നിബന്ധന.
കെട്ടിവയ്ക്കുന്ന തുക തിരികെ കിട്ടണമെങ്കിലും നടപടികളെല്ലാം പൂർത്തിയായിരിക്കണം. ഗ്രാമപഞ്ചായത്തിലേക്ക് 2,000 രൂപയാണ് മത്സരിക്കാനായി കെട്ടിവയ്‌ക്കേണ്ടത്. ബ്ലോക്ക് പഞ്ചായത്തിലേക്കും നഗരസഭയിലേക്കും 4000 രൂപയും, ജില്ലാ പഞ്ചായത്തിലേക്കും കോർപ്പറേഷനിലേക്കും 5000 രൂപയും കെട്ടി വയ്ക്കണം. പട്ടിക ജാതി-വർഗ വിഭാഗങ്ങളിലുള്ളവർ ഇതിന്‍റെ പകുതി തുക കെട്ടിവച്ചാൽ മതി. ഗ്രാമപഞ്ചായത്തിലെക്കൊക്കെ സ്വതന്ത്രരായി മത്സരിക്കുന്ന പലരും ഈ നടപടികൾ പൂർത്തിയാക്കാൻ മെനക്കെടാറില്ല. അടുത്ത തവണ മൽസരിക്കാൻ എത്തുമ്പോഴാണ് പ്രശ്നം തിരിച്ചറിയുന്നത്. അങ്ങനെ കുഴപ്പത്തിലായ നിരവധി പേർ ഇത്തവണയും ഉണ്ടായിരുന്നു.