തൃശൂർ: കോർപ്പറേഷനിലേക്കുള്ള സ്ഥാനാർഥി നിർണയത്തിൽ വേറിട്ട പരീക്ഷണവുമായി ബിജെപി. ഹിന്ദു വോട്ടുകൾക്ക് ഭൂരിപക്ഷമുള്ള വാർഡിൽ മുസ്ലീം വനിതയെ സ്ഥാനാർഥിയാക്കിയാണ് രാഷ്ട്രീയ നീക്കം. കണ്ണൻകുളങ്ങര സ്വദേശിയും എഴുത്തുകാരിയുമായ മുംതാസ് താഹയാണ് ബിജെപി പ്രതിനിധിയായി ജനവിധി തേടുന്നത്. ജില്ലയിൽ തന്നെ ബിജെപി പാനലിൽ മത്സരിക്കുന്ന ഏക മുസ്ലീം വനിതയെന്ന പ്രത്യേകതയും മുംതാസിനുണ്ട്.
തൃശൂർ കോർപ്പറേഷൻ ഭരണത്തെ നിർണ്ണയിക്കാൻ തക്ക ശേഷിയുള്ളവരായി ഈ തെരഞ്ഞെടുപ്പിൽ തങ്ങൾ മാറുമെന്നാണ് ബിജെപിയുടെ അവകാശവാദം. അത്തരമൊരു ലക്ഷ്യം മുൻ നിർത്തിയാണ് ഭൂരിപക്ഷം ഡിവിഷനുകളിലേക്കും ഇത്തവണ പാർട്ടി സ്ഥാനാർഥികളെ നിശ്ചയിച്ചത്. പതിവ് ശൈലി വിട്ട് യുവാക്കൾക്കൾക്കും ക്രൈസ്തവ വിഭാഗങ്ങളിൽ നിന്നുള്ളവർക്കും പ്രാതിനിധ്യം ഉറപ്പാക്കിയായിരുന്നു സ്ഥാനാർത്ഥി നിർണയം. എന്നാൽ ഇവരിൽ നിന്നെല്ലാം വ്യത്യസ്ഥമായി തികച്ചും അപ്രതീക്ഷിതമായിരുന്നു മുംതാസിന്റെ സ്ഥാനാർഥിത്വം.
തൃശൂർ കൂർക്കഞ്ചേരി സ്വദേശിയായ മുംതാസ് സംരംഭക എന്ന നിലയിലും എഴുത്തുകാരി എന്ന നിലയിലും ഇതിനോടകം ശ്രദ്ധേയയാണ്. എട്ട് വർഷമായി ബിജെപി പ്രവർത്തകയും അനുഭാവിയുമാണ് മുംദാസും കുടുംബവും. രണ്ട് വർഷത്തോളം ചെന്നൈ കേന്ദ്രമായി ന്യൂനപക്ഷ മോർച്ചയുടെ ചുമതലകളും വഹിച്ചിരുന്നു. പ്രധാനമന്ത്രി മുന്നോട്ട് വച്ച വികസന കാഴ്ചപ്പാടുകളാണ് തന്നെ ബിജെപിയിലേക്ക് ആകർഷിച്ചതെന്നാണ് മുംതാസ് പറയുന്നത്.
ന്യൂനപക്ഷങ്ങൾ ബിജെപിയോട് അകൽച്ചയിലാണെന്ന ധാരണ തെറ്റാണന്നും അതിന് തെളിവാണ് തന്റെ സ്ഥാനാർഥിത്വമെന്നും മുംതാസ്. ഹിന്ദുവോട്ടുകൾ ഭൂരിപക്ഷമുള്ള കോർപ്പറേഷനിലെ 35ാം ഡിവിഷനിലാണ് മുംതാസ് മത്സരിക്കുന്നത്.
കോൺഗ്രസിന്റെ സിറ്റിങ് വാർഡിൽ ബിജെപി നടത്തുന്ന പരീക്ഷമാണ് തന്റെ സ്ഥാനാർഥിത്വമെങ്കിലും ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്ന് മുംതാസ് പറയുന്നു. ജനങ്ങൾക്കിടയിലേക്ക് ഇറങ്ങുമ്പോൾ ലഭിക്കുന്ന സ്വീകാര്യത വോട്ടായി മാറുമെന്നും മുംതാസ് പ്രതീക്ഷിക്കുന്നു.