തൃശൂർ: പാർട്ടിക്കുള്ളിൽ ആഭ്യന്തര കലഹം രൂക്ഷമായതിന് പിന്നാലെ തൃശൂർ കോർപ്പറേഷനിലേക്കുള്ള സ്ഥാനാർഥിയെ പിൻവലിച്ച് ബിജെപി. തൃശൂർ സിറ്റി ജില്ലാ കമ്മിറ്റി വൈസ് പ്രസിഡൻ്റും നിലവിലെ കൗൺസിലറുമായ ഡോ. വി. ആതിരയെ പിൻവലിച്ചാണ് പുതിയ സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. അതേസമയം ആതിരയെ മാറ്റിയതു തർക്കങ്ങളെ തുടർന്നല്ലെന്നും സംഘടനാ ചുമതലകൾ ഉള്ളതിനാലെന്നുമാണ് ബിജെപിയുടെ ഔദ്യോഗിക വിശദീകരണം.
സ്ഥാനാർഥി പ്രഖ്യാപനം നടത്തി ഒരാഴ്ച പിന്നിടുമ്പോഴാണ് ഡോ. വി. ആതിരയെ പിൻവലിക്കാൻ ബിജെപി തീരുമാനിച്ചത്. ആതിരക്കെതിരെ പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ എതിർപ്പും പ്രാദേശിക നേതൃത്വത്തിന്റെ വിയോജിപ്പുമാണ് പ്രധാന കാരണം. എതിർപ്പ് ഉന്നയിച്ചവരുമായി ദേശീയ - സംസ്ഥാന നേതാക്കൾ സംസാരിക്കുകയും അനുനയിപ്പിക്കുകയും ചെയ്തിരുന്നെങ്കിലും ഫലമുണ്ടായില്ല. ഇതിന് പിന്നാലെയാണ് പ്രചാരണം തുടങ്ങിയ സ്ഥാനാർഥിയെ ഗത്യന്തരമില്ലാതെ പാർട്ടി മാറ്റിയത് പക്ഷെ ഇക്കാര്യം മറച്ച് പിടിച്ചാണ് ബിജെപി ജില്ലാ നേതൃത്വം വിഷയത്തോട് പ്രതികരിച്ചത്.
സ്ഥാനാർഥി നിർണയത്തെ ചൊല്ലിയുള്ള തർക്കവും ആഭ്യന്തര ഭിന്നതകളും വിജയപ്രതീക്ഷയുള്ള കുട്ടൻകുളങ്ങരയിൽ ബിജെപിയുടെ സാധ്യകകൾക്ക് മങ്ങലേൽപ്പിക്കുന്നുണ്ട്. എന്നാൽ ഇക്കാര്യങ്ങൾ തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും ശുഭ പ്രതീക്ഷ തന്നെയാണുള്ളതെന്നുമാണ് പുതിയ സ്ഥാനാർഥി ശ്രീവിദ്യ പറയുന്നത്.
കേരള വർമ്മ കേളേജിലെ അധ്യാപികയും സിറ്റി ജില്ലാ വൈസ് പ്രസിഡന്റുമായ ആതിര കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പൂങ്കുന്നം ഡിവിഷനിൽ നിന്നാണ് മത്സരിച്ച് വിജയിച്ചത്. കോൺഗ്രസിന്റെ സിറ്റിങ് സീറ്റ് പിടിച്ചെടുത്തതും അഞ്ച് വർഷക്കാലം നടത്തിയ പ്രവർത്തനങ്ങളും അടിസ്ഥാനമാക്കി മേയർ സ്ഥാനാർഥിയായി പോലും ഇവരെ ഒരുഘട്ടത്തിൽ പരിഗണിച്ചിരുന്നു. എന്നാൽ പൂങ്കുന്നം ഡിവിഷനിലേക്ക് ഇവരെ ഇത്തവണ പരിഗണിക്കാതിരിക്കുകയും മണ്ഡലം പ്രസിഡന്റ് രഘുനാഥ് സി. മേനോനെ സ്ഥാനാർഥിയാക്കുകയും ചെയ്തതോടെ പാർട്ടിയിലെ തർക്കങ്ങൾ രൂക്ഷമായി മാറിയതും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ പോലും ബാധിച്ചതും.