വയനാട്: സർവതും ഉരുൾ എടുത്ത വയനാട് ചൂരൽമല- മുണ്ടക്കൈ നിവാസികൾ കണ്ണീരോർമകളുമായി വീണ്ടും ചൂരൽമലയിലെത്തി. അതിജീവനത്തിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പിൽ ചൂരൽമലയും മുണ്ടക്കൈയും ഇന്ന് ഒരു വാർഡാണ്. ദുരന്തം പലയിടത്തായി ചിതറിച്ച മനുഷ്യർ വോട്ട് വണ്ടിയിലാണ് ഇന്ന് പോളിംഗ് സ്റ്റേഷനുകളിൽ എത്തിയത്.
ചൂരൽമലയിലേയും മുണ്ടക്കൈയിലെയും വോട്ടർമാർക്ക് ഇന്ന് ഒരു ഓർമയുടെ തെരഞ്ഞെടുപ്പ് ദിനം കൂടിയാണ്. ഹൈസ്കൂൾ റോഡിലെ പാർട്ടി പ്രവർത്തകരുടെ തിരക്കും, ചൂരൽമല സ്കൂളിലെ വോട്ടർമാരുടെ നീണ്ട ക്യൂവും ഇല്ലാത്ത തെരഞ്ഞെടുപ്പ്. നേതാക്കളിൽ പലരും ഇന്ന് കൂടെയില്ല. ഈ മണ്ണിൽ ദുരന്തം ബാക്കിയാക്കിയവർ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി മാറി താമസിക്കുകയാണ്. ദുരന്ത ബാധിതർക്കായി ജില്ലാ ഭരണകൂടം തയാറാക്കിയ വോട്ട് വണ്ടിയിലാണ് വോട്ടർമാർ പോളിംഗ് സ്റ്റേഷനിൽ എത്തിയത്. മഹാദുരന്തത്തിനു ശേഷം വീണ്ടും ചൂരൽമലയിൽ കണ്ടുമുട്ടിയ സന്തോഷത്തിലും ഉരുൾ ഓർമയിലും പലരുടെയും കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.
മുണ്ടക്കൈ സ്‌കൂൾ തകർന്നതോടെ സെന്റ് സെബാസ്റ്റ്യൻ ചർച്ച് പാരീഷ് ഹാൾ, നൂറുൽ ഇസ്ലാം മദ്രസ എന്നിവിടങ്ങളിലായിരുന്നു ഇത്തവണ പോളിംഗ് ബൂത്ത് സജ്ജമാക്കിയത്. ദുരന്തബാധിതർ സർക്കാരിന്റെയും, സന്നദ്ധ സംഘടനകളുടെയും വീടുകളിലേക്ക് മാറുന്നതോടെ ഇവരുടെ വോട്ടും പലയിടങ്ങളിലേക്ക് മാറും. ദുരന്തം അടർത്തി മാറ്റിയ മുണ്ടക്കൈക്കാരുടെ ജന്മനാട്ടിലെ അവസാനത്തെ തെരഞ്ഞെടുപ്പ് കൂടിയാണിത്.