എറണാകുളം: കോതമംഗലം-നെല്ലിക്കുഴി പഞ്ചായത്തിൽ വോട്ടർ പട്ടികയിൽ ക്രമക്കേട് നടന്നതായി പരാതി. സിപിഐഎം യുവനേതാവിൻ്റെ പ്രതിശ്രുത വധുവിൻ്റെ പേര് എങ്ങനെ പട്ടികയിൽ ഉൾപ്പെട്ടു എന്നാണ് യുഡിഎഫിൻ്റെ ചോദ്യം. സംഭവം ചൂണ്ടിക്കാട്ടി നെല്ലിക്കുഴി പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ ജില്ലാ കലക്ടർക്ക് പരാതി നൽകി.
ഈ മാസം മുപ്പതാം തീയതി വിവാഹം നിശ്ചയിച്ചിട്ടുള്ള സിപിഐഎം യുവ നേതാവിന്റെ വധുവിന്റെ പേര് വോട്ടർ പട്ടികയിൽ ഉൾപ്പെട്ടത് ചൂണ്ടിക്കാട്ടിയാണ് വോട്ടർ പട്ടികയിൽ ക്രമക്കേട് നടന്നു എന്ന് യുഡിഎഫ് ആരോപിക്കുന്നത്. നെല്ലിക്കുഴി പഞ്ചായത്തിൽ കഴിഞ്ഞ ദിവസം പുറത്തിറക്കിയ വോട്ടർപട്ടികയിലാണ് ക്രമക്കേട് നടന്നെന്നാണ് യുഡിഎഫിൻ്റെ ആരോപണം.
കുറഞ്ഞത് ആറുമാസം എങ്കിലും സ്ഥലത്ത് സ്ഥിരതാമസമാക്കിയ വ്യക്തിയെ മാത്രമെ വോട്ടർ പട്ടികയിൽ ചേർക്കാൻ കഴിയൂ എന്നാണ് നിയമം. ഇത് നിലനിൽക്കെയാണ് ക്രമക്കേട് നടത്തിയിട്ടുള്ളതെന്നും യുഡിഎഫ് ആരോപിക്കുന്നു.
ഇത് കൂടാതെ മറ്റ് വാർഡുകളിലും പഞ്ചായത്തിൽ സ്ഥിരതാമസം അല്ലാത്ത നിരവധി പേരുടെ വോട്ടുകൾ പട്ടികയിൽ ചേർത്തിട്ടുണ്ടെന്നും യുഡിഎഫ് നേതൃത്വം ചൂട്ടിക്കാട്ടുന്നു. സംഭവത്തിൽ കൃത്യമായ ഇടപെടൽ വേണമെന്നാണ് യുഡിഎഫിൻ്റെ ആവശ്യം.