

കൈവിട്ട കോർപ്പറേഷനുകൾ തിരിച്ചുപിടിച്ചും കണ്ണൂർ കോർപ്പറേഷൻ നിലനിർത്തിയും തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിൻ്റെ മിന്നുന്ന പ്രകടനം. തിരുവനന്തപുരത്ത് താമര വിരിഞ്ഞു.കോഴിക്കോട് കോർപ്പറേഷനിലെ 46 വർഷത്തെ സമഗ്രാധിപത്യം എൽഡിഎഫിന് നഷ്ടമായി.കോർപ്പറേഷനിൽ കേവല ഭൂരിപക്ഷം നേടാൻ എൽഡിഎഫിനായില്ല.
കേരളത്തിൻ്റെ തലസ്ഥാന നഗരിയിൽ താമര വിരിയിച്ചു കൊണ്ട് ബിജെപി ഉണ്ടാക്കിയ ചരിത്ര നേട്ടമാണ് ഈ തദ്ദേശ തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ രാഷ്ട്രീയ സവിശേഷത.ചുവന്ന വഴികളിലെല്ലാം കാവിപ്പതാക പറപ്പിച്ചാണ് തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്. തിരുവനന്തപുരം കോർപ്പറേഷനിൽ 56 സീറ്റിൽ നിന്ന് 29 സീറ്റിലേക്കാണ് LDF കൂപ്പുകുത്തിയത്. യുഡിഎഫ് 10ൽ നിന്ന് 19 ലേക്ക് സീറ്റ് നില ഉയർത്തി. എന്നാൽ ബിജെപി 34ൽ നിന്നാണ് 50 സീറ്റിലേക്കുയർന്നത്.
ചരിത്രലാദ്യമായി കൊല്ലം കോർപറേഷൻ കോൺഗ്രസിന് ത്രിവർണ പരവതാനി വിരിച്ചു.38 സീറ്റിൽ നിന്ന് 16 സീറ്റുകളിലേക്കാണ് കൊല്ലം കോർപ്പറേഷനിൽ ഇടതുമുന്നണി വീണത്.അതേസമയം, 10 ൽ നിന്ന് 27 സീറ്റിലേക്ക് യുഡിഎഫ് നടന്നു കയറി.
2010ലെ യുഡിഎഫ് തരംഗത്തിൽ പോലും ഇടതിനൊപ്പം അചഞ്ചലമായി നിന്ന കോഴിക്കോടും ഇത്തവണ ആടിയുലഞ്ഞു. LDFൻ്റെ 50 സീറ്റ് 34 ആയി കുറഞ്ഞു . യുഡിഎഫ് 18ൽ നിന്ന് 26ലേക്ക് സീറ്റ് നില ഉയർത്തി. അവിടെയും വ്യക്തമായ മുന്നേറ്റമുണ്ടാക്കിയത് എൻഡിഎ ആണ് . 7ൽ നിന്ന് 13ലേക്ക് അവരുടെ സീറ്റ് നില ഉയർത്താൻ എൻഡിഎയ്ക്ക് കഴിഞ്ഞു.
കോൺഗ്രസിൻ്റെ കുത്തകയായി അടയാളപ്പെട്ടിരുന്ന കൊച്ചി കോർപ്പറേഷൻ ഭരണം കഴിഞ്ഞ തവണ LDF ന് നേടാൻ കഴിഞ്ഞിരുന്നു. അതിന് വഴിവച്ചത് കോൺഗ്രസിനുള്ളിലെ പടലപ്പിണക്കങ്ങളായിരുന്നു. എന്നാൽ, ഇത്തവണ കൊച്ചി കോർപ്പറേഷൻ പൂർവാധികം ശക്തിയോടെ കോൺഗ്രസ് വീണ്ടെടുത്ത കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. കൊച്ചി കോർപ്പറേഷനിലും ബിജെപി നടത്തിയിരിക്കുന്ന മുന്നേറ്റം സ്പഷ്ടമാണ്.
തൃശൂർ കോർപ്പറേഷൻ എല്ലാക്കാലത്തും കോൺഗ്രസിനൊപ്പമാണ്. കഴിഞ്ഞ തവണ എൽഡിഎഫും യുഡിഎഫും 24 വീതം സീറ്റ് നേടിയപ്പോൾ കോൺഗ്രസ് വിമതനായിരുന്ന എം.കെ. വർഗീസിനെ കൂടെക്കൂട്ടിയാണ് ഇടതുപക്ഷം ഭരണം നേടിയത്. എന്നാൽ ഇത്തവണത്തെ തേരോട്ടത്തിൽ 33 സീറ്റോടെ തൃശൂരും കോൺഗ്രസ് തിരിച്ചുപിടിച്ചു. എൽഡിഎഫിൻ്റെ 24 സീറ്റ് 11ആയി കുറഞ്ഞു. 6 സീറ്റുണ്ടായിരുന്ന എൻഡിഎ ഇത്തവണ 8 സീറ്റാണ് നേടിയത്.
കണ്ണൂർ കോർപ്പറേഷൻ ഭരണത്തിൽ കോൺഗ്രസല്ലാതെ മറ്റൊരു ശബ്ദമില്ലായിരുന്നു. ഇത്തവണ 34ൽ നിന്ന് 36ലേക്ക് അവർ സീറ്റ് നില ഉയർത്തി. എൽഡിഎഫാകട്ടെ 19ൽ നിന്ന് 15ലേക്ക് വീഴുകയും ചെയ്തു. കണ്ണൂർ കോർപ്പറേഷനിൽ എൽഡിഎയ്ക്കുണ്ടായിരുന്നത് ഒരു സീറ്റായിരുന്നെങ്കിൽ അത് നാലായി ഉയർന്നിട്ടുണ്ട്.
ഈ തദ്ദേശ തെരഞ്ഞെടുപ്പിലൂടെ നഗര വോട്ടർമാർ നൽകുന്ന രാഷ്ട്രീയ സന്ദേശം ഇടത് മുന്നണിക്ക് തീർച്ചയായും നടുക്കമുണ്ടാക്കുന്നതാണ്.