തിരുവനന്തപുരം: തീവ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട ജോലിഭാര പരാതി പ്രളയങ്ങൾക്കിടെ ബിഎൽഒമാർക്കായി പുതിയ ഡിജിറ്റൽ ക്യാമ്പയിനുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. "താങ്ക്യൂ യൂ ബിഎൽഒ- യൂ മെയ്ഡ് ഇറ്റ് 100% " എന്നാണ് ക്യാമ്പയിൻ്റെ പേര്. ബൂത്തുകളുടെ ഡിജിറ്റൈസേഷൻ നൂറ് ശതമാനം പൂർത്തിയാക്കിയ ബിഎൽഒമാർക്ക് വ്യക്തിഗത അഭിനന്ദന സർട്ടിഫിക്കറ്റ്, ബാഡ്ജ് എന്നിവ നൽകും.
നേട്ടം കൈവരിച്ച ബിഎൽഒമാരുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിച്ചായിരിക്കും കമ്മീഷൻ നന്ദി അറിയിക്കുക. ബിഎൽഒമാരുടെ വ്യക്തിഗത അനുഭവങ്ങൾ റെക്കോർഡ് ചെയ്ത് സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിക്കാനും തീരുമാനമായി.
അതേസമയം എസ്ഐആർ നടപടികൾ വേഗത്തിൽ നൂറുശതമാനം പൂർത്തിയാക്കുന്ന എറണാകുളം ജില്ലയിലെ ആദ്യ ബിഎൽഒമാർ എന്ന പദവി നേടിയിരിക്കുകയാണ് എൽദോ കെ. പോളും , ശ്രീദേവിയും. തുരുത്തി സ്വദേശിയാണ് എൽദോ. പതിനേഴ് ദിവസം കൊണ്ടാണ് പാലമറ്റം സ്വദേശി ശ്രീദേവി നടപടികൾ പൂർത്തിയാക്കിയത്.
ബിഎൽഓമാരുടെ ജോലി ഭാര പ്രതിസന്ധി മുഖവിലയ്ക്കെടുക്കാതെയായിരുന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു.ഖേൽക്കറിൻ്റെ പ്രതികരണം. ജോലിയിൽ വിട്ടുവീഴ്ച പാടില്ലെന്ന് രത്തൻ യു. ഖേൽകർ പറഞ്ഞു. ഭരണഘടന ഉത്തരവാദിത്തം നിറവേറ്റേണ്ടത് കടമയാണ്. ടാർഗെറ്റിന് വേണ്ടി കൂട്ടായപരിശ്രമം വേണം. പരാതികൾ പരിഹരിച്ച് മുന്നോട്ടുപോകുമെന്നും രത്തൻ ഖേൽക്കർ പറഞ്ഞു.