കോട്ടയം: കുമരകം പഞ്ചായത്തിലെ പത്താം വാർഡിലെ ബിജെപി സ്ഥാനാർഥി കർണാടകക്കാരിയാണ്. കർണാടക സ്വദേശിനി എങ്ങനെ കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കും. അതൊരു പ്രണയ കഥയാണ്. കുമരകം സ്വദേശി മിഥുൻ കൃഷ്ണൻ 18 വർഷം മുമ്പ് ബംഗളൂരുവിൽ പഠനത്തിനായി എത്തിയതാണ്. അയൽവാസിയായിരുന്നു ശ്വേത. പരിചയപ്പെട്ടു, പ്രണയിച്ചു, വിവാഹിതരായി. അങ്ങനെ ശ്വേത, കുമരകത്തിൻ്റെ മരുമകളായി.
പതിനെട്ട് വർഷമായി കേരളത്തിലായതുകൊണ്ട് തന്നെ മലയാളം പച്ചവെള്ളം പോലെ അറിയാം. പത്താം വാർഡിലെ എല്ലാ വീടും സുപരിചിതമാണ്. അതുകൊണ്ട് ജയത്തേക്കുറിച്ച് ആശങ്കയേ ഇല്ല.പത്താം വാർഡ് ബിജെപിയുടെ സിറ്റിംഗ് വാർഡാണ്. ആ ആത്മവിശ്വാസത്തിൽ കൂടിയാണ് ശ്വേതയുടെ പ്രചാരണം. എൽഡിഎഫിൻ്റെ സിന്ധു രവികുമാറും യുഡിഎഫിൻ്റെ ദിവ്യാ ദാമോദരനുമാണ് ശ്വേതയുടെ എതിരാളികൾ.