വയനാട്: സുൽത്താൻബത്തേരിയിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗം യുഡിഎഫ് മുന്നണിയുടെ ഭാഗമായി മത്സരിക്കും. നഗരസഭയിൽ ഇരുപത്തിയഞ്ചാം ഡിവിഷനിലാണ് ജോസഫ് വിഭാഗം മത്സരിക്കുക. നേരത്തെ സീറ്റ് ധാരണയാകാത്തതിനെ തുടർന്ന് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കേരള കോൺഗ്രസ് വിഭാഗം തീരുമാനിച്ചിരുന്നു. പിന്നീട് നടന്ന മുന്നണിയോഗത്തിലാണ് ജോസഫ് വിഭാഗത്തിന് സീറ്റ് അനുവദിച്ചത്.
നഗരസഭയിലെ സുൽത്താൻബത്തേരി ഡിവിഷനിലാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗം മത്സരിക്കുന്നത്. കഴിഞ്ഞദിവസം ചേർന്ന യുഡിഎഫ് യോഗത്തിലാണ് പാർ്ട്ടിക്ക് സീറ്റ് അനുവദിച്ചത്. ഇവിടെ സുലഭി മോസസാണ് മത്സരിക്കുകയെന്ന് പാർട്ടി നിയോജക മണ്ഡലം കമ്മറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ആദ്യഘട്ട സീറ്റ് ചർച്ചയിൽ പാർട്ടിക്ക് സീറ്റ് നൽകുന്നത് സംബന്ധിച്ച് ധാരണയായിരുന്നില്ല. ഇതോടെ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പാർട്ടി മത്സരിച്ച തേലംപറ്റ ഡിവിഷനിൽ ഒറ്റക്ക് മത്സരിക്കുമെന്ന് നേതാക്കൾ അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് യുഡിഎഫ് യോഗം ചേർന്ന് സുൽത്താൻബത്തേരി ടൗൺ സീറ്റ് ജോസഫ് വിഭാഗത്തിന് നൽകാൻ തീരുമാനിച്ചത്. സ്ഥാനാർഥിയെ പ്രഖ്യാപിച്ചതോടെ ഐക്യജനാധിപത്യ മുന്നണി സ്ഥാനാർഥികളെ വിജയിപ്പിക്കാൻ ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്നും നേതാക്കൾ അറിയിച്ചു.