പത്തനംതിട്ട: കഴിഞ്ഞ തവണത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റ് ഇത്തവണ ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുകയാണ്. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് മലയാലപ്പുഴ ഡിവിഷനിലേക്കാണ് രേഷ്മ മറിയം റോയ് മത്സരിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റായി നടത്തിയ പ്രവർത്തന മികവ് തെരഞ്ഞെടുപ്പിൽ അനുകൂലമാകും എന്ന പ്രതീക്ഷയാണ് രേഷ്മയ്ക്കുള്ളത്.
അഞ്ചുവർഷങ്ങൾക്കു മുൻപ് ഇതുപോലൊരു നവംബർ 18ന് 21 വയസ് തികയുകയും തൊട്ടടുത്ത ദിവസം രേഷ്മ നോമിനേഷൻ നൽകുകയും ചെയ്തു. ഒടുവിൽ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റ് എന്ന പദവിയിൽ എത്തി. ഈ പിറന്നാൾ ദിനത്തിൽ ഇടതുമുന്നണിയുടെ ജില്ലാ പഞ്ചായത്തിലേക്കുള്ള സ്ഥാനാർഥി പ്രഖ്യാപനം വന്നു. രേഷ്മ മറിയം റോയ് മലയാലപ്പുഴ ഡിവിഷനിൽ ഇടതു സ്ഥാനാർഥി.
പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റ് എന്നതിലുപരി ഏറ്റവും മികച്ച പഞ്ചായത്ത് എന്ന് കേൾക്കണമെന്ന് ആഗ്രഹമായിരുന്നു രേഷ്മ മറിയം റോയ്ക്ക് ഉണ്ടായിരുന്നത്. ആ ആഗ്രഹം നിറവേറ്റി എന്ന ചാരിതാർത്ഥ്യത്തോടെയാണ് ഇക്കുറി ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്നത്. പഞ്ചായത്തിന്റെ നേതൃത്വത്തിൽ വയോജനങ്ങൾക്കായി ആരംഭിച്ച വയോ ക്ലബ്ബ് ഉൾപ്പെടെയുള്ളവ ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. രേഷ്മ മറിയം റോയ്ലൂടെ മലയാലപ്പുഴ ഡിവിഷൻ നിലനിർത്താം എന്ന പ്രതീക്ഷയാണ് ഇടതുമുന്നണിക്ക് ഉള്ളത്.