

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ കാറ്റ് വലത്തോട്ട് വീശിയപ്പോള്‍ ആ കാറ്റ് കോഴിക്കോടും തൊടാതെ പോയില്ല. കോഴിക്കോട് കോര്‍പ്പറേഷന്‍ എല്‍ഡിഎഫ് തന്നെ ലീഡ് ചെയ്യുന്നുണ്ടെങ്കിലും കേവല ഭൂരിപക്ഷമില്ല. എല്‍ഡിഎഫിന്റെ 46 വര്‍ഷത്തെ കുത്തകയാണ് ഇക്കുറി തകര്‍ന്നത്.
34 സീറ്റുകൾ മാത്രമാണ് എല്‍ഡിഎഫ് ഇക്കുറി നേടിയത്. യുഡിഎഫ് 26 സീറ്റുകളും എന്‍ഡിഎ 14 സീറ്റുകളും നേടി. മറ്റുള്ളവര്‍ 3 സീറ്റുകളും നേടിയിട്ടുണ്ട്. ഇക്കുറി ബിജെപി യുഡിഎഫിനൊപ്പം ചേര്‍ന്നാല്‍ കോര്‍പ്പറേഷനില്‍ എല്‍ഡിഎഫിന് ഭരണം നഷ്ടമായേക്കും.
യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും മേയര്‍ സ്ഥാനാര്‍ഥികള്‍ തോറ്റു എന്നതും പ്രധാനപ്പെട്ടമാറ്റമാണ്. മീഞ്ചന്ത വാര്‍ഡില്‍ മത്സരിച്ച എല്‍ഡിഎഫ് മേയര്‍ സ്ഥാനാര്‍ഥി മുസാഫര്‍ അഹമ്മദും പാറോപ്പടിയില്‍ നിന്ന് ജനവിധി തേടിയ യുഡിഎഫ് മേയര്‍ സ്ഥാനാര്‍ഥി അഡ്വ. പിഎം നിയാസും പരാജയപ്പെട്ടു. എന്നാല്‍ എന്‍ഡിഎയുടെ മേയര്‍ സ്ഥാനാര്‍ഥി നവ്യ ഹരിദാസ് കാരപ്പറമ്പില്‍ നിന്ന് ഇത്തവണ ഹാട്രിക് വിജയമാണ് നേടിയത്.
2020ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ 51 സീറ്റുകള്‍ ഉണ്ടായിരുന്ന സീറ്റില്‍ നിന്നാണ് ഇക്കുറി 34 ലേക്ക് എല്‍ഡിഎഫ് കൂപ്പു കുത്തിയിരിക്കുന്നത്. യുഡിഎഫിന് കഴിഞ്ഞതവണ 17 സീറ്റുകളായിരുന്നു ഉണ്ടായിരുന്നത്. ഇക്കുറി 9 സീറ്റുകള്‍ വര്‍ധിപ്പിച്ച് യുഡിഎഫ് 26 സീറ്റുകളിലേക്കെത്തിച്ചു. എന്‍ഡിഎ വെറും ഏഴ് സീറ്റുകളില്‍ മാത്രമായിരുന്നു കഴിഞ്ഞ തവണ വിജയിച്ചതെങ്കില്‍ ഇക്കുറി 6 സീറ്റുകള്‍ അധികം വര്‍ധിപ്പിച്ച് 13 എന്ന നമ്പറിലേക്ക് എത്തിച്ചു. അഞ്ച് സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ എന്നത് ഇത്തവണ മൂന്നിലേക്ക് ചുരുങ്ങി.
എല്‍ഡിഎഫിന് 55 ആം വാര്‍ഡായ പയ്യാനക്കല്‍, 58ാം വാര്‍ഡായ മുഖദാര്‍ അടക്കം നഷ്ടമായി. യുഡിഎഫ് മീഞ്ചന്ത അടക്കമുള്ള വാര്‍ഡുകള്‍ പിടിച്ചെടുത്തു. കഴിഞ്ഞ തവണ ബിജെപി വിജയിച്ച വാര്‍ഡായിരുന്നു മീഞ്ചന്ത. അതേസമയം യുഡിഎഫ് മേയര്‍ സ്ഥാനാര്‍ഥി പിഎം നിയാസിന്റെ പാറോപ്പടി ഇക്കുറി ബിജെപി നേടിയെന്നതും ശ്രദ്ധേയമാണ്.
കന്നിയങ്കത്തിനിറങ്ങിയ ലീഗ് സ്ഥാനാര്‍ഥി ഫാത്തിമ തെഹിലിയ കുറ്റിച്ചിറ വാര്‍ഡില്‍ നിന്ന് മിന്നും ജയമാണ് നേടിയത്. കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ് മത്സരിച്ച് വിജയിച്ച പൊറ്റമ്മല്‍ വാര്‍ഡില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി ടി റനീഷ് ആണ് വിജയിച്ചത്.