

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ ജനവിധി നിർണായക ഘട്ടം പിന്നിടുമ്പോൾ തലസ്ഥാനത്ത് അട്ടിമറി വിജയം നേടി എൻഡിഎ കരുത്തറിയിക്കുന്നു. വി.വി. രാജേഷ്, ആർ ശ്രീലേഖ തുടങ്ങിയ പ്രമുഖ സ്ഥാനാർഥികളുടെ വിജയവും എൻഡിഎ ക്യാമ്പിന് ആത്മവിശ്വാസം ഉയർത്തിയിരിക്കുകയാണ്. നിലവിലെ സൂചനകളനുസരിച്ച് കോർപ്പറേഷനിൽ 49 സീറ്റുകളാണ് എൻഡിഎ നേടിയിരിക്കുന്നത്. 28 ഇടത്ത് എൽഡിഎഫും 19 ഇടത്ത് യുഡിഎഫും മുന്നിട്ട് നിൽക്കുന്നു. രണ്ടു സീറ്റുകളിൽ സ്വതന്ത്ര സ്ഥാനർഥികളും ലീഡ് ചെയ്യുന്നുണ്ട്.
മാറാത്തത് മാറുമെന്ന മുദ്രാവാക്യത്തോടെ തെരഞ്ഞെടുപ്പിനെ നേരിട്ട എൻഡിഎ എൽഡിഎഫിനെ ഏറെ പിന്നിലാക്കിയാണ് വാർഡുകളിൽ മുന്നേറുന്നത്. 51 സീറ്റുകള്‍ ലഭിച്ചാൽ ബിജെപിക്ക് ഭരണം ഉറപ്പിക്കാം. സര്‍പ്രൈസ് എന്‍ട്രിയായി മുന്‍ ഡിജിപി ആര്‍. ശ്രീലേഖ എത്തിയത് തെരഞ്ഞെടുപ്പിനെ കൂടുതൽ ചർച്ചയാക്കി. എൻഡിഎയുടെ മേയര്‍ സ്ഥാനാര്‍ഥി എന്ന തരത്തിലായിരുന്നു പ്രചാരണം. വി.വി. രാജേഷ് അടക്കമുള്ള പ്രമുഖ സ്ഥാനാർഥികൾ വിജയിച്ച സ്ഥിതിക്ക് ഇനി മേയറെ തെരഞ്ഞെടുക്കാൻ ബിജെപി വിയർക്കുമോ എന്ന് കണ്ടറിയണം.
കഴിഞ്ഞ രണ്ട് തവണകളായി ത്രികോണ മത്സരം കൊണ്ട് ശ്രദ്ധേയമാണ് തിരുവനന്തപുരം കോർപ്പറേഷൻ. കഴിഞ്ഞ രണ്ട് ടേമുകളിലായി ബിജെപി പ്രതിപക്ഷത്താണ് ഇവിടെ. ആറ് തവണകളായി 30 വർഷം എൽഡിഎഫ് ഭരിച്ച കോർപ്പറേഷനിൽ ബിജെപിക്ക് ഇത് ആദ്യ ഭരണമാണ്. സിപിഎം ജില്ലാ കമ്മിറ്റി അംഗങ്ങള്‍, മുന്‍ മേയര്‍, മുന്‍ എംഎല്‍എ കെ.എസ്. ശബരിനാഥന്‍, വി.വി. രാജേഷ്, ആർ. ശ്രീലേഖ തുടങ്ങി പ്രമുഖരെ തന്നെ മുന്നണികള്‍ കളത്തിലിറക്കി നടത്തിയ പോരാട്ടത്തിൽ ജയം എൻഡിഎയ്‍ക്കൊപ്പം നിന്നു.
അപ്രതീക്ഷിത ഭൂരിപക്ഷവുമായാണ് കൊടുങ്ങാനൂരിൽ വി.വി. രാജേഷ് വിജയം നേടിയത്. അഞ്ഞിറിലധികം വോട്ടിന്റെ ഭൂരിക്ഷമാണ് വിവി രാജേഷിന് ലഭിച്ചത്. മുൻ ഡിജിപി ശ്രീലേഖ ശാസ്തമംഗലം വാര്‍ഡിൽ നിന്ന് വിജയിച്ചു. നിലവിലെ കണക്കുകളുസരിച്ച് ഫലപ്രഖ്യാപനം നടത്താനുള്ള വാർഡുകളിൽ മുഴുവൻ വിജയിച്ചാൽ പോലും എൽഡിഎഫിന് ഭരണം നിലനിർത്താനാകില്ല . ചരിത്രം കുറിച്ചുകൊണ്ടാണ് തിരുവനന്തപുരം കോർപ്പറേഷനിലെ ഇത്തവണത്തെ എൻഡിഎ മുന്നേറ്റം. കോര്‍പ്പറേഷനിൽ വിജയം ഉറപ്പിച്ചുകൊണ്ട് ബിജെപി പ്രവർത്തകർ ആഘോഷം തുടങ്ങി കഴിഞ്ഞു. തിരുവനന്തപുരത്തെ കണ്ണിലെ കൃഷ്ണമണിപോലെ നോക്കുമെന്നാണ് വി.വി. രാജേഷിന്റെ പ്രതികരണം.
ശബരീനാഥനെ രംഗത്തിറക്കി ഏറെ നേരത്തെ തന്നെ പ്രചാരണം തുടങ്ങിയെങ്കിലും യുഡിഎഫിന് കാര്യമായ നേട്ടമുണ്ടാക്കാനായില്ല. ശബരിനാഥൻ ജയിച്ചെങ്കിലും മറ്റ് പ്രമുഖ സ്ഥാനാർഥികൾക്ക് കാലിടറി. ഇടത് കോട്ടയായ മുട്ടട ഡിവിഷനിൽ കോൺഗ്രസ് സ്ഥാനാർഥി വൈഷ്‌ണ സുരേഷ് വിജയിച്ചു. വോട്ടർ പട്ടികയിൽനിന്ന് പേര് വെട്ടിയതുമായി ബന്ധുപ്പെട്ട വിവാദങ്ങളോടെയാണ് വൈഷ്ണയുടെ സ്ഥാനാർഥിത്വം ചർച്ചയാകുന്നത്. ഹൈക്കോടതി ഇടപെടലിലാണ് അവർ വീണ്ടും മത്സരത്തിനെത്തിയത്. വൈഷ്ണയെ സ്ഥാനാർഥിയായി കോൺഗ്രസ് നടത്തിയ പ്രഖ്യാപനത്തെ വിവാദം കൊണ്ടായിരുന്നു സിപിഐഎം നേരിട്ടത്.
കോടതിവിധിയിലൂടെ വോട്ടവകാശം നേടി മുട്ടടയിൽ മത്സരത്തിനിറങ്ങിയ വൈഷ്ണയുടെ ഈ വിജയം സി.പി.എമ്മിന് കനത്ത പ്രഹരം കൂടിയാണ്. എൽഡിഎഫ് സിറ്റിങ് സീറ്റിൽ 397 വോട്ടിന്റെ ഭൂരിപക്ഷത്തോടയാണ് വിജയം. ഇടത് സ്ഥാനാർത്ഥിയായ അംശു വാമദേവന് 1210 വോട്ടാണ് ലഭിച്ചത്. 1607 വോട്ടാണ് വൈഷ്ണ നേടിയത്. ബിജെപി സ്ഥാനാർത്ഥി അജിത് കുമാർ 460 വോട്ടുകൾ നേടി. മുട്ടട വാര്‍ഡിൽ 25 വർഷങ്ങൾക്ക് ശേഷമാണ് യുഡിഎഫ് വിജയിക്കുന്നത്. അഭിമാനകരമായ വിജയമാണെന്നും സന്തോഷമുണ്ടെന്നാണ് വൈഷ്ണയുടെ പ്രതികരണം.