എറണാകുളം: തദ്ദേശ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ നിലപാട് വ്യക്തമാക്കി ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ ഇടയലേഖനം. തെരഞ്ഞെടുപ്പിൽ പ്രശ്നാധിഷ്ഠിതവും മൂല്യാധിഷ്ഠിതവുമായ നിലപാട് സ്വീകരിക്കാനാണ് സമിതിയുടെ നിർദേശം. സീറോ മലബാർ സഭയ്ക്ക് പിന്നാലെ സംസ്ഥാന സർക്കാരിനെതിരെ ഒളിയമ്പുകളുകളാണ് ലത്തീൻ കത്തോലിക്കാ സഭയുടെ ഇടയിലേഖനത്തിലുമുള്ളത്.
എല്ലാ ജനവിഭാഗങ്ങൾക്കും സന്തുലിതമായ രീതിയിൽ അധികാരത്തിൽ പങ്കാളിത്തവും ആനുപാതികമായ പ്രാതിനിധ്യവും ലഭിക്കേണ്ടതുണ്ടെന്ന് ലത്തീൻ കത്തോലിക്കാ സഭ ഇടയലേഖനത്തിലൂടെ ചൂണ്ടിക്കാട്ടുന്നു. ഇതിനുള്ള ഏറ്റവും മികച്ച വേദിയാണ് തദ്ദേശ തെരഞ്ഞെടുപ്പെന്നും, അതു മനസ്സിൽ കണ്ട് നിലപാട് എടുക്കണമെന്നും മെത്രാൻ സമിതി വിശ്വാസികളോട് ആഹ്വാനം ചെയ്തു. ഭരണത്തിൽ അർഹമായ പങ്കാളിത്തം ലഭിക്കുന്നില്ലെന്ന പരാതി ഇടയലേഖനത്തിൽ ഉടനീളം പറയുന്നുണ്ട്.
ക്രൈസ്തവ പിന്നാക്കാവസ്ഥ പഠിക്കാൻ നിയോഗിക്കപ്പെട്ട ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് മൂന്ന് വർഷമായിട്ടും പുറത്തുവിട്ടില്ലെന്ന പ്രധാന വിമർശനവും ഇടയലേഖനത്തിലുണ്ട് . ലത്തീൻ കത്തോലിക്കാ സമുദായ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിലുള്ള പ്രതിസന്ധി ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ല. തീരദേശത്തെ പ്രശ്നങ്ങളും ഇടയലേഖനത്തിൽ എണ്ണിപ്പറയുന്നു . മുതലപ്പൊഴിയിലെ അപകടങ്ങൾക്ക് പരിഹാരം ഇല്ല, ഫോർട്ടുകൊച്ചി കടൽത്തീരത്തെ സംരക്ഷണത്തിനായി പ്രഖ്യാപിച്ച പ്രവർത്തനങ്ങൾക്ക് വേഗം പോരാ, തീരദേശ ഹൈവേയുമായി ബന്ധപ്പെട്ട ആശങ്കകൾ വർധിക്കുന്നു, എന്നിവയൊക്കെയാണ് പ്രധാന വിമർശനം.
വന്യമൃഗങ്ങളുടെ ആക്രമണം പ്രതിരോധിക്കാനാകാതെ ഭരണസംവിധാനങ്ങൾ നിസംഗതരാകുന്നു എന്നും ഇടയലേഖനം കുറ്റപ്പെടുത്തുന്നു. സമീപകാലത്തൊന്നും തെരഞ്ഞെടുപ്പിന് മുൻപ് രാഷ്ട്രീയ നിലപാട് വ്യക്തമാക്കി ലത്തീൻ കത്തോലിക്കാ സഭ ഇടയലേഖനം പുറത്തിറക്കിയിട്ടില്ല. ഞായറാഴ്ച സംസ്ഥാനത്തെ എല്ലാ ലത്തീൻ കത്തോലിക്ക ദേവാലയങ്ങളിലും ഇടയലേഖനം വായിക്കും.