

കോഴിക്കോട് കോര്‍പ്പറേഷനില്‍ ഇക്കുറി വാശിയേറിയ മത്സരമാണ് നടന്നത്. കോര്‍പ്പറേഷനില്‍ എല്‍ഡിഎഫ് ലീഡ് ഉയര്‍ത്തുന്നുണ്ടെങ്കിലും മേയര്‍ സ്ഥാനാര്‍ഥിയായി എല്‍ഡിഎഫ് ടിക്കറ്റില്‍ മത്സരിച്ച സി.പി. മുസാഫര്‍ അഹമ്മദ് തോറ്റു. ഇക്കുറി യുഡിഎഫിനും വിധി മറ്റൊന്നല്ല. യുഡിഎഫ് മേയര്‍ സ്ഥാനാര്‍ഥിയായി മത്സരിപ്പിച്ച പി.എം. നിയാസും പരാജയപ്പെട്ടു.
കോഴിക്കോട് കോര്‍പ്പറേഷനിലെ 39ാം ഡിവിഷനിലാണ് സി.പി. മുസാഫര്‍ അഹമ്മദ് മത്സരിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എസ്.കെ. അബൂബക്കര്‍ ആണ് മീഞ്ചന്ത ഡിവിഷനില്‍ വിജയിച്ചത്. എന്‍ഡിഎ സ്ഥാനാര്‍ഥി ഷിജു മൂന്നാം സ്ഥാനത്താണ്. കഴിഞ്ഞ തവണ ബിജെപി വിജയിച്ച വാര്‍ഡാണ് ബിജെപി വാര്‍ഡ്. വാര്‍ഡ് വിഭജനം കൂടി വന്നതോടെ ഇക്കുറി തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലായിരുന്നു എല്‍ഡിഎഫ്.
പാറോപ്പടി 12ാം വാര്‍ഡിലാണ് യുഡിഎഫ് സ്ഥാനാര്‍ഥി പി.എം. നിയാസ് മത്സരിച്ചത്. എന്നാല്‍ പാറോപ്പടിയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി ഹരീഷ് പൊറ്റങ്ങാടിയാണ് വിജയിച്ചത്. കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ സിറിയക് മാത്യുവാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചത്.
കാരപ്പറമ്പ് നവ്യ ഹരിദാസ് ആണ് വിജയിച്ചത്. എന്‍ഡിഎ മേയര്‍ സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കൊണ്ടു വന്ന നവ്യ ഹരിദാസിന് ഇക്കുറി കാരപ്പറമ്പില്‍ ഹാട്രിക് വിജയമാണ്. ആര്‍ജെഡി സ്ഥാനാര്‍ഥി ഹാഷിത ടീച്ചര്‍ ആണ് എതിരാളി.
2020ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ 49 സീറ്റുകളാണ് എല്‍ഡിഎഫിന് ലഭിച്ചത്. 14 സീറ്റുകളിലേക്ക് യുഡിഎഫ് ഒതുങ്ങിയപ്പോള്‍ ഏഴ് സീറ്റുകള്‍ എന്‍ഡിഎയ്ക്ക് ലഭിച്ചിരുന്നു. ഇക്കുറി ലീഡ് നിലമാറി മറിയുന്നുണ്ടെങ്കിലും യുഡിഎഫും എന്‍ഡിഎയും നില മെച്ചപ്പെടുത്തുന്നതായാണ് ട്രെന്‍ഡുകളില്‍ വ്യക്തമാകുന്നത്.