ഇടുക്കി: തദ്ദേശ തെരഞ്ഞെടുപ്പിൽ ഏറ്റവും ശ്രദ്ധേയമായ പോരാട്ടം നടക്കുന്ന പഞ്ചായത്ത് ആണ് തമിഴ്‌നാട് അതിർത്തിയോട് ചേർന്നുള്ള കരുണാപുരം. പഞ്ചായത്തിൽ ഭരണം പിടിക്കാനുള്ള പോരാട്ടത്തിലാണ് മുന്നണികൾ കളത്തിലിറങ്ങിയിരിക്കുന്നത്. ഭരണം പിടിക്കാൻ യുഡിഎഫും എൽഡിഎഫും മുന്നിട്ടിറങ്ങുമ്പോൾ അവരെ വെല്ലുവിളിച്ച് കൊണ്ട് എൻഡിഎയും മത്സരരംഗത്തുണ്ട്.
അവിശ്വാസ പ്രമേയങ്ങളും കൂറുമാറ്റവുമാണ് കഴിഞ്ഞ അഞ്ചുവർഷക്കാലം കരുണാപുരം പഞ്ചായത്തിനെ വിവാദ കേന്ദ്രമാക്കി മാറ്റിയത്. രണ്ട് അവിശ്വാസങ്ങളും കൂറുമാറ്റവും രണ്ട് മുന്നണികളുടേതുമായി മൂന്ന് പ്രസിഡൻ്റുമാരും ഈ കാലയളവിൽ പഞ്ചായത്തിൽ ഉണ്ടായി. ഒരു കാലത്ത് ഇടത് മുന്നണിയുടെ ഉരുക്ക് കോട്ട ആയിരുന്നു കരുണാപുരം. 2010ലാണ് 32 വർഷത്തെ ഇടത് ചരിത്രം യുഡിഎഫ് അവസാനിപ്പിച്ചത്. അടുത്ത 10 വർഷം കൂടി കരുണാപുരം യുഡിഎഫിനൊപ്പം നിന്നു.
2020 ലെ തെരഞ്ഞെടുപ്പിൽ ആകെയുള്ള 17 വാർഡുകളിൽ എട്ട് വീതം നേടി യുഡിഎഫും എൽഡിഎഫും ഒപ്പത്തിനൊപ്പം എത്തി. ബിഡിജെഎസിലൂടെ ഒരു വാർഡ് നേടി എൻഡിഎ നിർണായക സാന്നിധ്യവുമായി. ആദ്യം ബിഡിജെഎസ് ആരെയും പിന്തുണച്ചില്ല. നറുക്കെടുപ്പിലൂടെ ഭരണം എൽഡിഎഫിന് ലഭിച്ചു. സിപിഐഎമ്മിലെ വിൻസി വാവച്ചൻ പ്രസിഡൻ്റായി.
ആറ് മാസത്തിന് ശേഷം എൽഡിഎഫിനെതിരെ ആദ്യ അവിശ്വാസ പ്രമേയം കൊണ്ടുവന്നു. ബിഡിജെഎസ് സ്വതന്ത്രൻ പി. ആർ. ബിനുവിൻ്റെ പിന്തുണയോടെ യുഡിഎഫിലെ മിനി പ്രിൻസ് പ്രസിഡൻ്റായി. പിന്നീട് 2023 ഫെബ്രുവരിയിൽ എൽഡിഎഫ് അവിശ്വാസം അവതരിപ്പിച്ചെങ്കിലും ഭരണപക്ഷം വിട്ടുനിന്നതോടെ അത് പാസായില്ല.
2024 ജനുവരിയിൽ എൽഡിഎഫ് വീണ്ടും അവിശ്വാസപ്രമേയം അവതരിപ്പിച്ചു. കോൺഗ്രസ് അംഗമായ ശോഭനാമ്മ ഗോപിനാഥൻ്റെ പിന്തുണയോടെ ഇടതുമുന്നണി ഭരണം തിരിച്ചുപിടിച്ചു. ശോഭനാമ്മ പ്രസിഡൻ്റാക്കുകയും ചെയ്തു. വിപ്പ് ലംഘനം ചൂണ്ടികാട്ടി കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചതോടെ കഴിഞ്ഞ ഒക്ടോബറിൽ ശോഭനാമ്മയെ അയോഗ്യ ആക്കി. ഇതോടെ പ്രസിഡൻ്റ് സ്ഥാനം ഇടവേളയ്ക്ക് ശേഷം വിൻസി വാവച്ചനിൽ എത്തി.
പഞ്ചായത്തിലെ പല വികസന പദ്ധതികളും എൽഡിഎഫ് അട്ടിമറിച്ചെന്നാണ് യുഡിഎഫ് ആരോപിക്കുന്നു. കഴിഞ്ഞ തവണ നഷ്ടമായ ഭൂരിപക്ഷം ഇത്തവണ സ്വന്തമാക്കാനാവുമെന്ന് യുഡിഎഫ് ക്യാമ്പ് പ്രതീക്ഷയർപ്പിക്കുന്നു. ഇടതിൻ്റെ സിറ്റിങ്ങ് വാർഡ് ഏഴ് വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പിടിച്ചെടുത്താണ് കഴിഞ്ഞ തവണ ബിഡിജെഎസ് നിർണായക ഘടകം ആയത്. ഇത്തവണ കൂടുതൽ വാർഡുകളിൽ നേട്ടം ഉണ്ടാക്കുമെന്നാണ് എൻഡിഎയുടെ അവകാശവാദം.
ഇത്തവണ പതിനെട്ട് വാർഡുകളാണ് കരുണാപുരത്ത് ഉള്ളത്. കരുണപുരത്തെ പോയകാല രാഷ്ട്രീയ സംഭവവികാസങ്ങളിൽ ജനങ്ങൾ അമർഷത്തിലാണ്. വിനോദ സഞ്ചാര മേഖലയെയും കമ്പംമെട്ട് ശബരിമല ഇടത്താവളത്തെയും കോർത്തിണക്കിയുള്ള വികസനപ്രവർത്തനങ്ങൾ പഞ്ചായത്തിൽ നടപ്പിലാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.