തിരുവനന്തപുരം: മുട്ടട വാർഡിൽ യുഡിഎഫ് സ്ഥാനാർഥി വൈഷ്ണ സുരേഷിന് മത്സരിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ട് നീക്കിയ നടപടി റദ്ദാക്കി. വൈഷ്ണയുടെ പേര് തെരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തി.
ഹൈക്കോടതി ഇടപെടലിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നീക്കം. ഒരു യങ്സ്റ്റർ മത്സരിക്കാൻ വരുമ്പോൾ ഇങ്ങനെയാണോ കാണിക്കേണ്ടെന്നും, സാങ്കേതിക കാരണം പറഞ്ഞ് 24കാരിയെ മത്സരിപ്പിക്കാതിരിക്കരുതെന്നും ഹൈക്കോടതി നിർദേശിച്ചിരുന്നു.
തിരുവനന്തപുരം കോർപ്പറേഷനിൽ യുഡിഎഫ് പ്രഖ്യാപിച്ച ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥിയാണ് വൈഷ്ണ. മേൽവിലാസത്തിലെ പിഴവ് ചൂണ്ടിക്കാട്ടി സിപിഐഎം മുട്ടട ബ്രാഞ്ച് കമ്മറ്റി അംഗം ധനേഷ് കുമാറാണ് വൈഷ്ണ ഉൾപ്പെടെയുള്ള ആറ് പേർക്കെതിരെ പരാതി നൽകിയത്. ഇതിനു പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വൈഷ്ണയുടെ പേര് വോട്ടർ പട്ടികയിൽ നിന്നും നീക്കം ചെയ്തത്.