"ചിരിച്ചുകൊണ്ട് കഴുത്തറുത്തതിന് നന്ദി"; കോഴിക്കോട് സീറ്റ് കിട്ടാത്തതിൽ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് വനിതാ നേതാവ്

കോൺഗ്രസ് നേതാക്കൾ പിന്നിൽ നിന്നും കുത്തിയെന്ന് യൂത്ത് കോൺഗ്രസ് വനിതാ നേതാവ്
അഭിന കുന്നോത്ത്
അഭിന കുന്നോത്ത്Source: FB/ Abhina Kunnoth
Published on
Updated on

കോഴിക്കോട്: സീറ്റ് കിട്ടാത്തതിൽ യൂത്ത് കോൺഗ്രസ് വനിതാ നേതാവിൻ്റെ പ്രതിഷേധം. കോൺഗ്രസ് നേതാക്കൾ പിന്നിൽ നിന്നും കുത്തിയെന്ന് യൂത്ത് കോൺഗ്രസ് വനിതാ നേതാവ്. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി അഭിന കുന്നോത്താണ് പ്രതിഷേധിച്ച് രംഗത്ത് വന്നത്. ചിരിച്ചു കൊണ്ട് കഴുത്തറുത്ത നേതാക്കൾക്ക് നന്ദിയെന്ന് അഭിന ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ബാലുശേരി ബ്ലോക്ക് പഞ്ചായത്തിൽ സ്ഥാനാർഥിയാക്കാത്തതിനാലാണ് പ്രതിഷേധം. അഭിനയ്ക്ക് പകരം കോൺഗ്രസ് നേതാവിന്റെ ഭാര്യയെ സ്ഥാനാർഥിയാക്കിയെന്ന് അഭിന ഫേസ്ബുക്കിൽ കുറിച്ചു.

അഭിന കുന്നോത്ത്
സിപിഐഎം യുവനേതാവിൻ്റെ പ്രതിശ്രുത വധു വോട്ടർപട്ടികയിൽ; കോതമംഗലം-നെല്ലിക്കുഴി പഞ്ചായത്തിൽ ക്രമക്കേട് നടന്നെന്ന് യുഡിഎഫ്

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:

കഴിഞ്ഞ കുറെ ദിവസങ്ങളായുള്ള പലരുടെയും ചോദ്യങ്ങൾക്ക് ഇന്ന് ഉത്തരം നൽകേണ്ടിയിരിക്കുന്നു...ഇനി വരാൻ പോകുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സര രംഗത്തില്ല....100%അർഹത ഉണ്ടായിരുന്ന സീറ്റിൽ ആരുടെയൊക്കെയോ സ്വാർത്ഥ താത്പര്യങ്ങൾക്ക് വേണ്ടി മാറ്റി നിർത്തപ്പെട്ടിരിക്കുന്നു.... സ്വന്തമെന്ന് കരുതിയവരും കൂടെ കൂട്ടിയവരും ഈ ചതിയിൽ പങ്കാളികളായിരുന്നു.... അവരോട് ഒക്കെ ഞാൻ മാറി മാറി ചോദിച്ചു ...സീറ്റ് നൽകുന്ന മാനദണ്ഡം എന്തായിരുന്നു? മുതിർന്ന നേതാവിൻ്റെ ഭാര്യ ആണത്രേ അതിനുള്ള യോഗ്യത...

ബൂത്ത് തലത്തിൽ മുതൽ ജില്ലയിൽ വാശിയോടെ പോരാട്ടം നടത്തുന്ന പലരെയും കണ്ടില്ലെന്ന് നടിക്കുന്ന നേതൃത്വം...നാട്ടിലെ ചെങ്കോട്ട എന്ന് വിശേഷിപ്പിക്കുന്ന എൻ്റെ വാർഡിൽ ഒറ്റയ്ക്ക് സഖാക്കളോട് പോരടിക്കുന്ന എന്നെ നേതൃത്വം കണ്ടില്ലത്രേ...ഏത് പാതിരാത്രിയിലും പാർട്ടിക്ക് വേണ്ടി ഓടി തളരുന്ന എന്നെ നേതൃത്വം കണ്ടില്ലത്രേ...സമര മുഖങ്ങളിൽ ഒരു സ്ഥിരമുഖമായ എന്നെ നേതൃത്വം കണ്ടില്ലത്രേ...എത്ര മനോഹരം....

എൻ്റെ അച്ഛനെ പോലെ അമ്മച്ഛനെ പോലെ എനിക്കും പാർട്ടി ആയിരുന്നു എല്ലാം....പാർട്ടി ആയിരുന്നു കുടുംബം,പാർട്ടി ആയിരുന്നു സൗഹൃദം,പാർട്ടി ആയിരുന്നു ശ്വാസം....എന്നിലെ എല്ലാം പാർട്ടി ആയിരുന്നു...അതിനു തന്ന മറുപടി മാറി നിൽക്കാനാണ്....പെൻഷൻ വാങ്ങി വിശ്രമ ജീവിതം നയിക്കേണ്ടവർക്ക് വേണ്ടി മാറി നിൽക്കാനാണ്...മുതിർന്ന നേതാവിൻ്റെ ഭാര്യയെന്ന് പരിഗണിച്ച് കൊണ്ട് മാറി നിൽക്കാനാണ്....രാഷ്ട്രീയ പ്രവേശനം ഇതുവരെ നടത്താത്തവർക്ക് വേണ്ടി മാറി നിൽക്കാനാണ്... സമരമുഖങ്ങളിൽ പരിചിതമല്ലാത്ത മുഖങ്ങൾക്ക് വേണ്ടി മാറി നിൽക്കാനാണ്....

തന്നേക്കാൾ മേലെ വളരുന്ന ചില്ലകൾ വെട്ടുന്ന ബാലുശ്ശേരിയിലെ "മുതിർന്ന" നേതാക്കൾക്ക് നന്ദി.....ഈ പ്രഹസനത്തിന് കൂട്ട് നിന്ന ജില്ലാ നേതൃത്വത്തിന് നന്ദി...ചിരിച്ച് കൊണ്ട് കഴുത്തറുത്ത സഹപ്രവർത്തകർക്ക് നന്ദി...നീതിക്ക് വേണ്ടി സംസാരിച്ച ഇതര പാർട്ടിയിലെ ബന്ധങ്ങൾക്കും നന്ദി...എനിക്ക് വേണ്ടി ശബ്ദം ഉയർത്തിയ എൻ്റെ പ്രിയപ്പെട്ട നേതാവിനും പ്രിയപ്പെട്ട സൗഹൃദങ്ങൾക്കും നന്ദി....

പ്രിയപ്പെട്ട അച്ഛാ, ഇങ്ങൾ മാഷെന്നും വക്കീലെന്നും വിളിച്ച് കൂട്ട് കൂടിയവർ തന്നെ ഇങ്ങളെ മോളെയും പിന്നിൽ നിന്നും കുത്തിയിരിക്കുന്നു...ഇങ്ങളെ അന്ന് ചതിച്ചവർ തന്നെ അവരുടെ പങ്ക് പറ്റിയിരിക്കുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com