

തിരുവനന്തപുരം: അപ്രതീക്ഷിതമായി വന്നുചേര്‍ന്ന ഉത്തരവാദിത്തമാണ് തദ്ദേശ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ഥിത്വമെന്ന് തിരുവനന്തപുരം കോര്‍പ്പറേഷനിലെ പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥി മാഗ്‌ന ബി. വിജയിച്ചാല്‍ എല്ലാവരെയും സഹായിക്കണം. പഠനവും രാഷ്ട്രീയ പ്രവര്‍ത്തനവും ഒരുമിച്ചു കൊണ്ടു പോകണം. ഇരുപത്തിമൂന്നാം വയസിലാണ് ഏറ്റവും പ്രായം കുറഞ്ഞ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മാഗ്‌ന മത്സരിക്കുന്നത്.
'ഒട്ടും പ്രതീക്ഷിച്ചില്ല. ഇന്നലെയാണ് ഞാന്‍ ആണെന്ന് അറിഞ്ഞത്. സജീവ രാഷ്ട്രീയ പ്രവര്‍ത്തകയാണ്. കോളേജില്‍ പഠിക്കുമ്പോള്‍ സംഘടനാ പ്രവര്‍ത്തനം ഉണ്ടായിരുന്നു. ഡിവൈഎഫ്‌ഐയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സിപിഐഎം ബ്രാഞ്ച് കമ്മിറ്റി അംഗവും കൂടിയാണ്. ജയിച്ചാല്‍ എല്ലാ കാര്യങ്ങളും ചെയ്യണമെന്നുണ്ട്. പറ്റുമോയെന്നറിയില്ല. ശ്രമിക്കാം,' മാഗ്ന പറഞ്ഞു.
നിലവില്‍ എല്‍ഡിഎഫിന്റെ പക്കല്‍ അല്ല മത്സരിക്കുന്ന വാര്‍ഡ് എന്നും അത് തിരിച്ചുപിടിക്കണമെന്നു തന്നെയാണ് ആത്മവിശ്വാസമെന്നും മാഗ്ന പറഞ്ഞു. അലത്തറ വാര്‍ഡിലാണ് മാഗ്ന മത്സരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം കോര്‍പ്പറേഷനിലേക്കുള്ള എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. 93 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചത്. 70 സീറ്റുകളിലാണ് സിപിഐഎം മത്സരിക്കുന്നത്. 17 സീറ്റുകളില്‍ സിപിഐയും കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പും ആര്‍ജെഡിയും മൂന്ന് സീറ്റുകളില്‍ വീതവും ജെഡിഎസ് രണ്ട് സീറ്റുകളിലും ഐഎന്‍എല്‍ ഒരു സീറ്റിലുമാണ് മത്സരിക്കുക.