ആലപ്പുഴ: താമരക്കുളം ഗ്രാമ പഞ്ചായത്ത് വേറിട്ട ഒരു മത്സരത്തിനാണ് വേദിയാകുന്നത്. അമ്മയും മകനും വ്യത്യസ്ത പാർട്ടികൾക്കായി ഇവിടെ മത്സരിക്കുകയാണ്.അമ്മ പ്രസന്ന മനോഹരൻ ബിജെപിയ്ക്ക് വേണ്ടി 16ആം വാർഡിലും മകൻ അനുജിത്ത് കോൺഗ്രസിനായി 18ആം വാർഡിലുമാണ് മത്സരിക്കുന്നത്.
താമരക്കുളം വേടർപ്ലാവ് ആപ്പീസ്മുക്കിലെ വീട്ടിൽ നിന്ന് പ്രസന്നയും അനുജിത്തും ഇറങ്ങുന്നത് തെരഞ്ഞെടുപ്പ് ഗോദയിലേക്കാണ്. അവിടെ അമ്മയും മകനുമില്ല, പിന്തുടരുന്ന രാഷ്ട്രീയ പാർട്ടിയുടെ ആശയങ്ങൾ മാത്രം. പ്രസന്ന 16ആം വാർഡിൽ ബിജെപിയുടെ സ്ഥാനാർഥി ആയി മത്സരിക്കുമ്പോൾ സ്വന്തം വാർഡ് ആയ 18ലാണ് അനുജിത്ത് ഇറങ്ങുന്നത്.
പക്ഷെ ഈ രാഷ്ട്രീയ പോരാട്ടം വീടിന് പുറത്ത് മാത്രമേയുള്ളൂ, വീടിനുള്ളിൽ സ്നേഹനിധികളായ അമ്മയും മോനുമാണ്. 25വർഷമായി ജയിക്കാൻ കഴിയാത്ത വാർഡിലാണ് ഇത്തവണ കോൺഗ്രസ് അനുജിത്തിനെ ഇറക്കിയിരിക്കുന്നത്. കടുപ്പമേറിയ മത്സരമാണ് ഇവിടെ.
ഭാഗവത പാരായണം നടത്തുന്ന പ്രസന്ന 10വർഷമായി ബിജെപി പ്രവർത്തകയും മഹിളാ മോർച്ചയുടെ മണ്ഡലം സെക്രട്ടറിയുമാണ്. എതിർ പാർട്ടി എങ്കിലും മകന്റെ ഉയർച്ച തന്നെയാണ് ഈ അമ്മയുടെ ആഗ്രഹം. ഭാര്യയും മകനും മത്സരത്തിന് ഇറങ്ങുമ്പോൾ സിപിഐഎം അനുഭാവിയായ മനോഹരന് വിയോജിപ്പുകൾ ഏറെയാണ് എങ്കിലും ഇരുവരുടെയും താല്പര്യങ്ങൾക്ക് എതിരല്ല.