തൃശൂർ: മാളയിൽ അനുകൂല കോടതി ഉത്തരവുണ്ടായിട്ടും സ്ഥാനാർഥിയുടെ നോമിനേഷൻ തള്ളിയതായി പരാതി. പുത്തൻചിറ പഞ്ചായത്തിലെ ട്വൻ്റി 20 സ്ഥാനാർഥി വിജയ ലക്ഷ്മിയുടെ നോമിനേഷനാണ് തള്ളിയത്. കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് ലഭിച്ചിരുന്നെങ്കിലും ഉദ്യോഗസ്ഥർ പരിഗണിച്ചില്ലെന്നാണ് പ്രധാന ആരോപണം. പത്രിക തള്ളിയതോടെ പൊട്ടിക്കരഞ്ഞുകൊണ്ടായിരുന്നു ട്വൻ്റി 20 സ്ഥാനാർഥിയുടെ പ്രതികരണം.
സിപിഐഎം പ്രവർത്തകർ തനിക്കെതിരെ വ്യാജ പരാതി നൽകി വോട്ടർപട്ടികയിൽ നിന്ന് പേര് നീക്കം ചെയ്തെന്നാണ് വിജയലക്ഷ്മിയുടെ ആരോപണം. കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് ലഭിച്ചിരുന്നെങ്കിലും ഉദ്യോഗസ്ഥർ പരിഗണിച്ചില്ല. പരാജയ ഭീതിയെ തുടർന്നാണ് സിപിഐഎം വ്യാജ പരാതി നൽകിയതെന്നും ട്വൻ്റി 20 ആരോപിച്ചു.
11ാം വാർഡിൽ വിജയ ലക്ഷ്മി പ്രചാരണം തുടങ്ങിയിരുന്നു. പിന്നാലെയാണ് സിപിഐഎം പരാതി നൽകിയത്. എന്നാൽ 25 കൊല്ലമായി വിജയ 11ാം വാർഡിലെ വീട്ടിലാണ് താമസിച്ച് വരുന്നതെന്ന് പാർട്ടി പറയുന്നു. എല്ലാ ഡോക്യുമെൻ്റിറി തെളിവുകളും നൽകിയിട്ടും വോട്ട് ചെയ്യാനും സ്ഥാനാർഥിയാകാനും സാധിക്കുന്നില്ല. ഇത് കാട്ടുനീതിയാണെന്നും ട്വൻ്റി 20 പറഞ്ഞു.