കോഴിക്കോട്: 2020 ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ മുക്കം നഗരസഭയിൽ വെൽഫയർ പാർട്ടി സ്ഥാനാർഥിയായി മത്സരിച്ച് ജയിച്ച സാറാ കൂടാരത്തിലിൻ്റെ പേരിൽ ഈ തെരഞ്ഞെടുപ്പിലും വ്യാജ പോസ്റ്റർ പ്രചരിക്കുന്നതായി പരാതി. ‘ഇന്ത്യയുടെ മോചനം ഇസ്‌ലാമിലൂടെ’ എന്നെഴുതിയ വ്യാജ പോസ്റ്ററാണ് വീണ്ടും പ്രചരിപ്പിക്കുന്നത്. വ്യാജ പ്രചരണത്തിനെതിരെ സാറ പൊലീസിൽ പരാതി നൽകി.
സാറാ കൂടാരത്തിനൊപ്പം ജമാഅത്തെ ഇസ്ലാമി സ്ഥാപകൻ അബുൽ ആല മൗദൂദി, മുസ്‌ലിം ലീഗ് നേതാക്കളായ ഹൈദരലി ശിഹാബ്തങ്ങൾ, കുഞ്ഞാലികുട്ടി എന്നിവരുടെ ചിത്രങ്ങളും ''ഇന്ത്യയുടെ മോചനം ഇസ്‌ലാമിലൂടെ '' എന്ന എഴുത്തും ഉൾപ്പെട്ട വ്യാജ പോസ്റ്ററാണ് വീണ്ടും പ്രചരിക്കുന്നത്.
2020ലെ തെരഞ്ഞെടുപ്പ് കാലത്താണ് പോസ്റ്റർ ആദ്യം പ്രത്യക്ഷപ്പെടുന്നത്. അന്ന് പോസ്റ്റർ പ്രചരിപ്പിച്ച സമൂഹമാധ്യമ അക്കൗണ്ടുകളുടെ പേര് ഉൾപ്പടെ ചൂണ്ടിക്കാട്ടി സാറ പരാതി നൽകിയിരുന്നു. പൊലീസിനൊപ്പം ജില്ലാ കളക്ടർ, തെരെഞ്ഞെടുപ്പ് കമ്മിഷൻ എന്നിവരേയും സമീപിക്കുകയുണ്ടായി. എന്നാൽ നടപടി സ്വീകരിച്ചില്ലെന്നാണ് ആക്ഷേപം. പ്രശ്നം ചൂണ്ടിക്കാട്ടി 2021ൽ നൽകിയ പരാതിയിലും നടപടിയെടുത്തില്ലെന്ന് സാറ പറഞ്ഞു.
സംഘടനയേയും സാറാ കൂടാരത്തിലിനെയും അപകീർത്തിപ്പെടുത്തുന്ന വ്യാജ പോസ്റ്റർ പ്രചരിപ്പിക്കുന്നതിൽ വീണ്ടും പരാതി നൽകുമെന്നും ശക്തമായ നിയമ നടപടിയുമായി മുൻപോട്ട് പോകുമെന്നും വെൽഫയർ പാർട്ടി മുക്കം മുൻസിപ്പൽ പ്രസിഡന്റ് റഹീം ചേന്നമംഗലൂർ പറഞ്ഞു. വ്യാജ പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ച സാഹചര്യത്തിൽ സ്‌പെഷൽ ബ്രാഞ്ച് സാറയിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു.