തെരഞ്ഞെടുപ്പ് കാലത്ത് മാത്രം പൊട്ടി മുളയ്ക്കുന്ന ചില പ്രാദേശിക ഗ്രൂപ്പുകളെയും പാർട്ടികളെയും കണ്ടിട്ടില്ലേ. അപൂർവം അവസരങ്ങളിൽ ഇക്കൂട്ടർ പെട്ടെന്ന് ശക്തരാകുന്നതും കാണാം. വലിയ പാരമ്പര്യമുള്ള രാഷ്ട്രീയപാർട്ടികളെ വരെ വിറപ്പിച്ചവരുണ്ട് ഇക്കൂട്ടത്തിൽ. അവരുടെ കഥ കേൾക്കാം.
ഒരുകാലത്ത് കോൺഗ്രസിൻ്റെ ശക്തികേന്ദ്രമായിരുന്നു കിഴക്കമ്പലം. അവിടെ കൂടുതൽ തവണയും അധികാരത്തിൽ വന്നിട്ടുള്ളതും കോൺഗ്രസ് ആയിരുന്നു. കോൺഗ്രസ് അധികാരത്തിൽ വന്നപ്പോഴൊക്കെ അന്ന-കിറ്റക്സ് ഗ്രൂപ്പുമായി സംഘർഷവും പതിവുണ്ട്. ഈ സംഘർഷങ്ങൾക്കിടെ കിറ്റക്സ് ഗ്രൂപ്പിന്‍റെ മാനേജിങ് ഡയറക്ടർ സാബു എം. ജേക്കബ് രൂപീകരിച്ചതാണ് ട്വൻ്റി ട്വൻ്റി എന്ന പാർട്ടി.
2010ൽ ആകെയുള്ള 19 സീറ്റിൽ 15ഉം ജയിച്ചത് യുഡിഎഫ് ആയിരുന്നു. രണ്ടെണ്ണം എൽഡിഎഫിനും രണ്ടു സ്വതന്ത്രരും. ആ കിഴക്കമ്പലത്ത് 2015ൽ പ്രതിപക്ഷം ഇല്ലാതായി. മുഴുവൻ സീറ്റിലും ട്വന്‍റി ട്വന്‍റി സ്ഥാനാർഥികൾ ജയിച്ചു. അതേഫലം 2020ലും ആവർത്തിച്ചു.
കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്‍റെ സമയത്ത് പട്ടാമ്പിയിലെ കോൺഗ്രസ് വിമതർ രൂപംകൊടുത്തതാണ് വി ഫോർ പട്ടാമ്പി എന്ന കൂട്ടായ്മ. ടി.പി. ഷാജിയുടെ നേതൃത്വത്തിലുള്ള ആ കൂട്ടായ്മ കോൺഗ്രസിന് വലിയ ക്ഷീണം ഉണ്ടാക്കുകയും ചെയ്തു. ടി.പി. ഷാജി നഗരസഭ വൈസ് ചെയർമാനുമായി. ഇത്തവണ പക്ഷേ വി ഫോർ പട്ടാമ്പി പിരിച്ചുവിട്ടു. ഷാജിയും കൂട്ടുകാരും കോൺഗ്രസിലേക്കു മടങ്ങി.
ഒറ്റപ്പാലത്തെ സ്വതന്ത്രമുന്നണി സിപിഐഎമ്മിന് ബദലായി ഉണ്ടായതാണ്. സിപിഐഎം പ്രാദേശിക നേതാക്കൾ തന്നെയായിരുന്നു നേതാക്കളും. കഴിഞ്ഞ പാർട്ടി സമ്മേളനത്തോടെ സ്വതന്ത്രമുന്നണി നേതാക്കളിൽ പലരും സിപിഐഎമ്മിൽ തിരിച്ചെത്തി.
പാലക്കാട്ട് തന്നെ പെരിങ്ങോട്ട് കുറിശ്ശിയിൽ കോൺഗ്രസ് നേതാവ് എ.വി. ഗോപിനാഥ് സമീപകാലത്ത് രൂപീകരിച്ചതാണ് സ്വതന്ത്ര ജനാധിപത്യ മുന്നണി. കോൺഗ്രസിലെ വിമതർ ചേർന്ന് രൂപീകരിച്ച ഈ സമിതി എൽഡിഎഫിന് ഒപ്പമാണ് ഇപ്പോൾ യാത്ര. ഇങ്ങനെ പ്രാദേശികമായി അലകളുണ്ടാക്കുന്ന നിരവധി കൂട്ടായ്മകൾ ഉയർന്നുവരുന്ന കാലം കൂടിയാണ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്.