

2015 ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ കൈവിട്ട വിജയം തിരിച്ച് പിടിക്കാൻ 10 വർഷങ്ങൾക്കിപ്പുറം വീണ്ടും തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങിയിരിക്കുകയാണ് ഒരു സ്ഥാനാർഥി . പല്ലാരിമംഗലം പഞ്ചായത്തിലെ 12 വാർഡിൽ ഇടത് സ്ഥാനാർഥിയായിരുന്ന സുലൈഖ. അന്ന് തോറ്റത് ഒരു നറുക്കെടുപ്പിലൂടെയായിരുന്നു. എന്നാൽ ഇത്തവണ ഭാഗ്യം തന്നെ തുണയ്ക്കുമെന്ന പ്രതീക്ഷയിലാണിവർ.
നിർഭാഗ്യമെന്ന് തന്നെ പറയേണ്ടി വരും സുലൈഖ മുഹിയുദ്ധീൻ്റെ 2015 ലെ തോൽവിയെ കുറിച്ച്. കാരണം കോതമംഗലത്തെ പല്ലാരിമംഗലം പഞ്ചായത്തിൽ 12 ആം വാർഡിൽ ഇടത് സ്ഥാനാർഥിയായിരുന്ന സുലൈഖയ്ക്കും എതിർ ചേരിയിലെ യുഡിഎഫ് സ്ഥാനാർഥിക്കും ലഭിച്ച വോട്ടുകൾ സമാസമം. കൃത്യമായി പറഞ്ഞാൽ 354 വോട്ടുകൾ.ഒടുവിൽ നറുക്കെടുപ്പ്. അന്ന് ഭാഗ്യം തുണച്ചത് യുഡി എഫ് സ്ഥാനാർഥിയെ.10 വർഷങ്ങൾക്കിപ്പുറം വീണ്ടും ഒരു തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോൾ വിജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല എൽ ഡിഎഫ് സ്ഥാനാർഥിയായ സുലൈഖ
പ്രചാരണ ചൂട് കടുത്തത് കൊണ്ട് തന്നെ പരമാവധി വോട്ടർമാരെ കണ്ട് വോട്ടുറപ്പിക്കാനുള്ള ഓട്ടത്തിലാണ് സുലൈഖ . ഇത്തവണ മറുപക്ഷത്തുള്ളത് എന്നും കാണാറുള്ള സ്വന്തം നാട്ടുകാരി തന്നെ. 2015 ൽ 12 ആം വാർഡിലായിരുന്നു സുലൈഖയുടെ മത്സരം നടന്നതെങ്കിൽ പല്ലാരിമംഗലം പഞ്ചായത്തിലെ വാർഡ് എണ്ണം കൂടിയതോടെ ഇത്തവണ നമ്പർ മാറി 13 ആയിട്ടുണ്ടെന്ന് മാത്രം.