

തിരുവനന്തപുരം: വോട്ടർ പട്ടികയിൽ നിന്നും പേര് നീക്കിയ സംഭവത്തിൽ പ്രതികരണവുമായി യുഡിഎഫിൻ്റെ തിരുവനന്തപുരം മുട്ടടയിലെ സ്ഥാനാർഥി വൈഷ്ണ സുരേഷ്. പേര് നീക്കിയ സംഭവത്തിൽ ഹൈക്കോടതി രൂക്ഷ വിമർശനമുന്നയിച്ചതിന് പിന്നാലെയാണ് വൈഷ്ണയുടെ പ്രതികരണം.
ആദ്യ റൗണ്ട് പ്രചാരണം കഴിഞ്ഞപ്പോൾ ആണ് വോട്ടർ പട്ടിക പ്രശ്നം വരുന്നത്. മാനസിക സംഘർഷം മൂലം മാറി നിന്നു. പിന്നീടാണ് ഹൈക്കോടതി വിധി വന്നത്. ഹൈക്കോടതി വിധിയിൽ ശുഭ പ്രതീക്ഷയുണ്ടെന്നും വൈഷ്ണ പറഞ്ഞു. അതേസമയം, വലിയ രീതിയിലുള്ള സൈബർ ആക്രമണമാണ് ഇതിന് പിന്നാലെ നേരിട്ടതെന്നും വൈഷ്ണ വെളിപ്പെടുത്തി.
പ്രചരണം വീണ്ടും ആരംഭിച്ചിട്ടുണ്ട്. ഇടയ്ക്ക് പ്രചാരണം നിർത്തി വെക്കേണ്ടി വന്നത് ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. എന്തെങ്കിലും ഗൂഢാലോചന ഉണ്ടോയെന്ന് പറയേണ്ടത് പാർട്ടിയാണ്.പാർട്ടിയുടെ വീഴ്ചയായി കാണുന്നില്ല.സ്ഥാനാർഥി പട്ടിക വന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ് പരാതി വന്നത്. സെപ്റ്റംബറിൽ പരാതി കൊടുത്തതായി നോട്ടീസിലും പറഞ്ഞിട്ടില്ല. അതിനു മുമ്പ് പട്ടികയിൽ പേരുണ്ടായിരുന്നു. അതാണ് വെട്ടി മാറ്റിയത്. ഒരു വോട്ടറുടെ അവകാശമാണ് നിഷേധിച്ചതെന്നും ആ നടപടിയിൽ ബുദ്ധിമുട്ടുണ്ടെന്നും വൈഷ്ണ ആരോപിച്ചു.
വിജയസാധ്യതയുള്ള സ്ഥാനാർഥികളെയാണ് പാർട്ടി നിശ്ചയിച്ചത്. പ്രചാരണത്തിൽ അതിൻ്റെ പോസിറ്റീവ് റെസ്പോൺസ് ഉണ്ട്. ഹൈക്കോടതിയുടെ നിരീക്ഷണത്തിലുള്ള വിഷയമായതിനാൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും വൈഷ്ണ വ്യക്തമാക്കി.
വോട്ടർ പട്ടികയിൽ നിന്ന് പേര് വെട്ടിമാറ്റിയതിനെ തുടർന്നാണ് യുഡിഎഫ് സ്ഥാനാർഥിയായ വൈഷ്ണ ഹൈക്കോടതിയെ സമീപിച്ചത്. പേര് വെട്ടിമാറ്റിയ നടപടിയെ രൂക്ഷമായി വിമർശിച്ച കോടതി ഒരു യങ്സ്റ്റർ മത്സരിക്കാൻ വരുമ്പോൾ ഇങ്ങനെയാണോ കാണിക്കേണ്ടതെന്നും സാങ്കേതിക കാരണം പറഞ്ഞ് 24കാരിയെ മത്സരിപ്പിക്കാതിരിക്കരുതെന്നും അറിയിച്ചിരുന്നു. വിഷയത്തിൽ ഈ മാസം 20നകം ജില്ലാ കളക്ടർ തീരുമാനമെടുക്കാനും കോടതി നിർദേശം നൽകിയിട്ടുണ്ട്.