

തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. തെരഞ്ഞെടുപ്പിൽ ഉണ്ടായത് അപ്രതീക്ഷിത തിരിച്ചടി നേരിട്ടതായി സമ്മതിച്ച എം.വി.ഗോവിന്ദൻ തിരുത്തലുകൾ നടത്തി തിരിച്ചടികളെ അതിജീവിച്ച അനുഭവം ഇടതുമുന്നണിക്കുണ്ടെന്നും പരാജയം പരിശോധിച്ച് ആവശ്യമായ തിരുത്തലുകൾ നടത്തുമെന്നും വ്യക്തമാക്കി. സംസ്ഥാന സർക്കാർ കേരളത്തിന് നൽകിയിട്ടുള്ളത് സമാനതകളില്ലാത്ത നേട്ടങ്ങളാണ്. ഈ നേട്ടങ്ങൾ എന്തുകൊണ്ട് തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചില്ലെന്നും പരിശോധിക്കും. സംഘടനാപരമായ പ്രശ്നങ്ങൾ സംഭവിച്ചോ എന്നും പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എൽഡിഎഫ് വിരുദ്ധ വികാരമല്ല തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്, അങ്ങനെയാണെങ്കിൽ 7 ജില്ലാ പഞ്ചായത്തുകൾ ജയിക്കില്ലല്ലോയെന്നും എം.വി.ഗോവിന്ദൻ ചോദിച്ചു. രാഷ്ട്രീയ വോട്ട് വിധി നിർണയിക്കുന്ന ജില്ലാ പഞ്ചായത്തുകളിൽ ഏഴെണ്ണം ലഭിച്ചു.2010-ൽ ആറെണ്ണമാണ് വിജയിച്ചത്. അതിനുശേഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ രണ്ട് സീറ്റിനാണ് ഭരണം നഷ്ടമായത്. ശബരിമല ഉൾക്കൊള്ളുന്ന പന്തളം എൽഡിഎഫ് ജയിച്ചു. ഫലപ്രദമായി പ്രവർത്തനം നടത്തിയതിനെ തുടർന്നാണ് തിരിച്ചുവരാൻ സാധിച്ചത്. ഇടതുമുന്നണിയുടെ അടിത്തറയിൽ കാര്യമായ മാറ്റമുണ്ടായിട്ടില്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
വർഗീയശക്തികളുമായി രഹസ്യമായും പരസ്യമായും യുഡിഎഫ് നീക്കുപോക്ക് നടത്തി. ഇടതുപക്ഷത്തിന് വിജയസാധ്യതയുള്ള സീറ്റുകളിൽ യുഡിഎഫും ബിജെപിയും തമ്മിൽ പരസ്പര സഹായമുണ്ടായി. യുഡിഎഫ് ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ട് ബിജെപിക്ക് ഗുണം ചെയ്തു. ശബരിമല സ്വർണ്ണക്കൊള്ള സ്വാധീമുണ്ടാക്കിയോ എന്ന് പരിശോധിക്കാമെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം കോർപറേഷനിൽ ഒരു നീക്കവും നടത്താൻ ഉദ്ദേശിക്കുന്നില്ലെന്നും എം.വി.ഗോവിന്ദൻ വ്യക്തമാക്കി. ഭരണമുണ്ടെങ്കിലേ നിലനിൽക്കൂ എന്നില്ല പാർട്ടിക്ക്. കോൺഗ്രസുമായി ചേർന്ന് ബിജെപിയെയോ ബിജെപിയുമായി ചേർന്ന് കോൺഗ്രസിനെയും നേരിടാൻ കേരളത്തിൽ ആഗ്രഹിക്കുന്നില്ലെന്നും എം.വി.ഗോവിന്ദൻ അറിയിച്ചു .
അതേസമയം, തിരുവനന്തപുരം മുൻ മേയർ ആര്യ രാജന്ദ്രനെതിരായ മുൻ കൗൺസിലർ ഗായത്രി ബാബുവിൻ്റെ പരാമർശവും എം.വി. ഗോവിന്ദൻ തള്ളി. പാർട്ടിക്ക് അകത്താണ് കാര്യങ്ങൾ പറയേണ്ടത്. അമ്മാതിരി പോസ്റ്റുകൾ ഇടുന്നതിനോട് യോജിപ്പില്ല. അക്കാര്യങ്ങൾ അടക്കം പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
തദ്ദേശ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം അവസാന ഘട്ടത്തോടടുക്കുമ്പോൾ കനത്ത പരാജയമാണ് എൽഡിഎഫിന് നേരിടേണ്ടി വന്നത്. എൽഡിഎഫിൻ്റെ ശക്തി കേന്ദ്രങ്ങളായിരുന്ന കൊല്ലം, കോഴിക്കോട് കോർപറേഷനുകൾ പോലും എൽഡിഎഫിനെ കൈയൊഴിഞ്ഞ കാഴ്ചയാണ് ഇത്തവണ കാണാനായത്. 30 വർഷമായി ഭരണം കൈയാളുന്ന തിരുവനന്തപുരം കോർപറേഷനും ഇത്തവണ എൽഡിഎഫിനെ കൈവിട്ട് എൽഡിഎയെ സ്വീകരിച്ചു. ജില്ലാ പഞ്ചായത്തുകളിൽ നിലവിൽ 7-7 എന്ന സ്ഥിതി തുടരുന്നുണ്ടെങ്കിലും ബ്ലോക്ക് പഞ്ചായത്തുകളടക്കം യുഡിഎഫ് തൂത്തുവാരി.