"പാർട്ടിയേക്കാൾ വലുതെന്ന ഭാവം, താഴെയുള്ളവരോട് പുച്ഛം"; തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ആര്യാ രാജേന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി മുൻ കൗൺസിലർ

ആര്യ രാജേന്ദ്രന്റെ കൗൺസിലിലെ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കൂടിയായിരുന്നു ഗായത്രി ബാബു
ആര്യാ രാജേന്ദ്രൻ, ഗായത്രി ബാബു
ആര്യാ രാജേന്ദ്രൻ, ഗായത്രി ബാബു
Published on
Updated on

തിരുവനന്തപുരം: കോർപ്പറേഷനിലെ തോൽവിക്ക് പിന്നാലെ സിപിഐഎമ്മിൽ പൊട്ടിത്തെറി. മേയർ ആര്യ രാജേന്ദ്രന് എതിരെ രൂക്ഷ വിമർശനവുമായി മുൻ കൗൺസിലർ ഗായത്രി ബാബു രംഗത്തെത്തി. കരിയർ വളർത്താനുള്ള കോക്കസായി ഓഫീസിനെ കണ്ടെന്നും പാർട്ടിയെക്കാൾ വലുതെന്ന ഭാവമായിരുന്നെന്നും വിമർശനം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിമർശനം. വിവാദമായതിന് പിന്നാലെ മുൻ കൗൺസിലർ പോസ്റ്റ് പിൻവലിച്ചു.

ആര്യ രാജേന്ദ്രന്റെ കൗൺസിലിലെ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കൂടിയായിരുന്നു ഗായത്രി ബാബു. പേര് പരാമർശിക്കാതെയാണ് ആര്യക്കെതിരായ വിമർശനം. ചിലർക്ക് പാർട്ടിയെക്കാൾ വലുതെന്ന ഭാവമാണെന്നും തന്നെക്കാൾ താഴ്‌ന്നവരോട് പുച്ഛമാണെന്നും പോസ്റ്റിൽ പറയുന്നു. കഴിഞ്ഞ അഞ്ചുവർഷം കൊണ്ട് എൽഡിഎഫിന്റെ ജനകീയത ഇല്ലാതാക്കി. അടിസ്ഥാനപരമായ കാര്യങ്ങൾ അവഗണിച്ചു.ഇവയെല്ലാം ഒഴിവാക്കിയിരുന്നെങ്കിൽ കനത്തിലാകുമായിരുന്നില്ല തിരിച്ചടിയെന്നും പോസ്റ്റിൽ പറയുന്നു.

"കരിയർ ബിൽഡിങ്ങിനുള്ള കോക്കസ് ആക്കി സ്വന്തം ഓഫീസിനെ മാറ്റി. തന്നെ കാണാൻ പുറത്ത് കാത്തുനിന്നിരുന്ന നാലാളെ പോലും കണ്ടില്ല. പ്രാദേശിക നേതാക്കളുടെയോ സഖാക്കളുടെയോ ആവശ്യങ്ങൾ പരിഗണിച്ചില്ല. ഒരു നല്ല ടീം ഉണ്ടാക്കിയെടുത്തിരുന്നെങ്കിൽ ഇത്ര കനത്ത തിരിച്ചടി ഉണ്ടാകില്ലായിരുന്നു," ഗായത്രി ബാബു ഫേസ്ബുക്കിൽ കുറിച്ചു.

ആര്യാ രാജേന്ദ്രൻ, ഗായത്രി ബാബു
തകര്‍ന്നത് 46 വര്‍ഷത്തെ കുത്തക; കോഴിക്കോട് കോര്‍പ്പറേഷനില്‍ കേവല ഭൂരിപക്ഷമില്ലാതെ എല്‍ഡിഎഫ്

ഗായത്രി ബാബുവിൻ്റെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം

ഏത് തിരിച്ചടിയിലും ഇടത് പക്ഷത്തെ ചേർത്ത് പിടിച്ച കോർപ്പറേഷനാണ് തിരുവനന്തപുരം. തിരുവനന്തപുരം ജില്ലയിൽ കോർപ്പറേഷൻ ഒഴികെ ബാക്കി എല്ലാ നഗരസഭകളിലും എൽഡിഎഫിന് ലീഡുണ്ട്. ജില്ലാ പഞ്ചായത്ത് നിലനിർത്താനും, ബ്ലോക്ക് പഞ്ചായത്തുകളിലും ഗ്രാമപഞ്ചായത്തുകളിലും മറ്റു രണ്ട് മുന്നണിയേക്കാൾ അധികം ഭരണസമിതി എൽഡിഎഫിനുണ്ട്. അതായത്, പാർട്ടിയുടെ ജില്ലയിലെ പ്രവർത്തനം സംഘടനാപരമായി മികച്ചതാണ് എന്നർഥം.

അതേസമയം, കോർപറേഷനിലാകട്ടെ എൽഡിഎഫ് വിജയിച്ച വാർഡുകളിൽ ഏകദേശം എല്ലാം വ്യക്തിബന്ധങ്ങളുടെ അടിസ്ഥാനത്തിലാണ്. കോർപ്പറേഷൻ ജനങ്ങളോട് ഏറ്റവും അടുത്ത് നിൽക്കുന്ന സംവിധാനമാണ്. ജനങ്ങളോട് ഇഴുകി ചേർന്ന് വേണം പ്രവർത്തിക്കാൻ. ഏത് മുക്കിലും സധൈര്യം ഇറങ്ങി ചെല്ലാൻ മുൻപുള്ള മേയർമാർക്കും, അവരുണ്ടാക്കിയ ടീമിനും കഴിഞ്ഞിരുന്നത് ഈ ജൈവ നാഡി ബന്ധത്തിനാലാണ്. ആ ജനകീയത ആണ് നഗരത്തിലെ പാർലമൻ്ററി പ്രവർത്തനത്തിൽ LDF നെ മുന്നോട്ട് നയിച്ചിരുന്നത്. ഇക്കഴിഞ്ഞ അഞ്ചുവർഷം കൊണ്ട് ഈ ജനകീയതയാണ് ഇല്ലാതാക്കിയത്.

ആര്യാ രാജേന്ദ്രൻ, ഗായത്രി ബാബു
തിരുവനന്തപുരം കോർപ്പറേഷനിൽ എൻഡിഎ തേരോട്ടം, ഇടത് കോട്ട പൊളിച്ച് ചരിത്ര വിജയം

പാർട്ടിയേക്കാൾ വലുതാണെന്ന ഭാവവും, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛവും, അധികാരപരമായി മുകളിലുള്ളവരെ കാണുമ്പോൾ മാത്രമുള്ള അതിവിനയവും ഉൾപ്പെടെ, കരിയർ ബിൽഡിങ്ങിനുള്ള കോക്കസാക്കി സ്വന്തം ഓഫീസ് മാറ്റി എടുത്ത സമയം, തന്നെ കാണാൻ പുറത്ത് വന്നിരിക്കുന്ന നാലാളെ കാണാൻ കൂട്ടാക്കിയിരുന്നെങ്കിൽ, പ്രാദേശിക നേതാക്കളുടെയും സഖാക്കളുടെയും ആവശ്യങ്ങൾ കേൾക്കാനുള്ള പരിഗണനയെങ്കിലും കാണിച്ചിരുന്നെങ്കിൽ, കൗൺസിലിനുള്ളിൽ തന്നെ ഒരു നല്ല ടീം ഉണ്ടാക്കിയെടുത്തിരുന്നെങ്കിൽ കുറഞ്ഞ പക്ഷം ഇത്ര കനത്തിലാകുമായിരുന്നില്ല തിരിച്ചടി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com