തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ കോർപ്പറേഷനുകളിലെ മിന്നും പ്രകടനത്തിന് പിന്നാലെ മേയർ ചർച്ചകളിലേക്ക് കടന്ന് യുഡിഎഫ്. കൊച്ചിയിൽ ദീപ്തി മേരി വർഗീസ്, മിനിമോൾ വി കെ എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. സംഘടനാ രംഗത്തെ നേതൃനിരയിലുള്ള നാല് പേരാണ് തൃശൂരിലെ സാധ്യത പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്. കൊല്ലത്ത് കെപിസിസി അംഗവും ഐഎൻടിയുസി ജില്ലാ പ്രസിഡൻ്റുമായ എ.കെ. ഹഫീസ് മേയറാകും.
കൊച്ചി കോർപ്പറേഷൻ ഭരണം യുഡിഎഫ് തിരിച്ചുപിടിച്ചതോടെ മേയർ സ്ഥാനാർഥികളെ ചൊല്ലിയുള്ള ചർച്ചകൾ യുഡിഎഫിൽ സജീവമാണ്. സീനിയോറിറ്റി പരിഗണിച്ചാൽ ദീപ്തി മേരി വർഗീസിനാണ് സാധ്യത. എന്നാൽ മേയറാകാൻ മിനിമോൾ വി. കെയും രംഗത്തുണ്ട്.
എല്ലാം പാർട്ടി തീരുമാനിക്കുമെന്നും നേരത്തെ മേയറെ നിശ്ചയിക്കുന്ന രീതി കോൺഗ്രസിന് ഇല്ലെന്നും ദീപ്തി മേരി വർഗീസും മിനിമോളും ന്യൂസ് മലയാളത്തോട് പറഞ്ഞു. ഫോർട്ടുകൊച്ചി ഡിവിഷനിൽ നിന്ന് വിജയിച്ച ഷൈനി മാത്യുവും മേയർ സ്ഥാനത്തിനായി കളത്തിലുണ്ട്. സമുദായിക സമവാക്യം കൂടി പരിഗണിച്ചാകും നേതൃത്വത്തിന്റെ തീരുമാനം.
തൃശൂർ കോർപ്പറേഷനിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി അധികാരത്തിലെത്തിയതിന് പിന്നാലെ സംഘടനാ രംഗത്ത് നേതൃനിരയിലുള്ള നാലു പേരെയാണ് പാർട്ടി മേയർ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. നിലവിലെ കൗൺസിലർമാരും മഹിള കോൺഗ്രസ് നേതാക്കളുമായി ലാലി ജെയിംസ് , ശ്യാമള മുരളീധരൻ, ഡിസിസി ജനറൽ സെക്രട്ടറിയും മുൻ ഡെപ്യൂട്ടി മേയറുമായി സുബി ബാബു, ഡിസിസി വൈസ് പ്രസിഡൻ്റ് ഡോ. നിജി ജസ്റ്റിൻ എന്നിവരാണ് പരിഗണനയിലുള്ളത്. ക്രൈസ്തവ , നായർ-ഈഴവ വോട്ടുകൾക്ക് നിർണയക സ്വാധീനമുള്ള കോർപ്പറേഷനിൽ നിയമസഭാ തെരഞ്ഞെടുപ്പ് മുൻനിർത്തിയായിരിക്കും അന്തിമ തീരുമാനം കൈക്കൊള്ളുക. .
കണ്ണൂർ കോർപ്പറേഷനിൽ നിലവിലെ ഡെപ്യൂട്ടി മേയർ അഡ്വ. പി ഇന്ദിര , മഹിളാ കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് ശ്രീജ മഠത്തിൽ എന്നിവരാണ് പരിഗണനയിലുള്ളത്. പയ്യാമ്പലം ഡിവിഷനിൽ വിമത ഭീഷണി മറികടന്നെത്തിയ ഇന്ദിരക്കാണ് സാധ്യത കൂടുതൽ. ഇരുവർക്കുമൊപ്പം മുൻ കൗൺസിലറായ ലിഷ ദീപക്കിൻ്റെ പേരും പരിഗണനയിലുണ്ട്. ഇന്ദിരയുടെയും ശ്രീജയുടെയും പേരുകളിൽ തർക്കമുണ്ടായാൽ സമവായം എന്ന രീതിയിൽ ലിഷയിലേക്ക് എത്താനാണ് സാധ്യത.
കൊല്ലം കോർപ്പറേഷനിലെ ചരിത്ര ജയത്തിൻ്റെ ആത്മവിശ്വാസത്തിലാണ് യുഡിഎഫുള്ളത്. കെപിസിസി അംഗവും ഐഎൻടിയുസിജില്ലാ പ്രസിഡൻ്റുമായ എ.കെ. ഹഫീസ് മേയറാകും. നേരിയ ഭൂരിപക്ഷത്തിൽ എൽഡിഎഫ് ഭരണം നിലനിർത്തിയ കോഴിക്കോട് കോർപ്പറേഷനിൽ മൂന്ന് പേരെയാണ് മേയർ സ്ഥാനത്തേക്ക് പരിഗണിക്കുന്നത് . കോട്ടൂളി ഡിവിഷനിൽ നിന്നുള്ള ഡോ. ജയശ്രീ കോട്ടൂളി, മുൻ ഡെപ്യൂട്ടി കളക്ടർ അനിതാ കുമാരി, ഒതയമംഗലത്ത് സദാശിവൻ എന്നിവരാണ് സാധ്യതാ പട്ടികയിൽ ഇടംപിടിച്ചിട്ടുള്ളത്.