തിരുവനന്തപുരം: കോർപ്പറേഷനിലെ തോൽവിക്ക് പിന്നാലെയുണ്ടായ രാഷ്ട്രീയ വിവാദത്തിനിടെ മേയർ ആര്യാ രാജേന്ദ്രൻ്റെ വാട്സ്‌ആപ്പ് സ്റ്റാറ്റസ്. ഒരിഞ്ച് പോലും പിന്നോട്ടില്ലെന്നാണ് ആര്യ വാട്സ്ആപ്പ് സ്റ്റാറ്റസിൽ കുറിച്ചത്. ആര്യക്കെതിരായ ഗായത്രി ബാബുവിൻ്റെ ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയാകുന്നതിനിടെയാണ് സ്റ്റാറ്റസ്.
രാഷ്ട്രീയ വിവാദത്തിൽ ആര്യാ രാജേന്ദ്രനെ പിന്തുണച്ച് മന്ത്രി വി. ശിവൻകുട്ടി രംഗത്തെത്തിയിരുന്നു. ആര്യക്ക് എതിരെ ഗായത്രി ബാബു ഉയർത്തിയ വിമർശനങ്ങൾ മന്ത്രി തള്ളി. തോൽവിയുടെ എല്ലാ കാരണവും മേയറുടെ തലയിൽ ചാരാമെന്ന് കരുതേണ്ടെന്നും രാഷ്ട്രീയ പക്വത നിലനിർത്തിയായിരുന്നു ആര്യയുടെ പ്രവർത്തനം എന്നും മന്ത്രി പറഞ്ഞു.
ഗായത്രി ബാബുവിൻ്റെ നിലപാട് വ്യക്തിപരമാണെന്നായിരുന്നു മന്ത്രി വി. ശിവൻകുട്ടിയുടെ പ്രതികരണം. അത് പാർട്ടിയുടെ അഭിപ്രായമല്ല. ആരോഗ്യപരമായ കാരണങ്ങളാലായിരുന്നു ആര്യ പ്രചാരണത്തിന് എത്താതിരുന്നത്. ആര്യയുടെ പ്രവർത്തനം സംബന്ധിച്ച് ഒരു പരാതിയും പാർട്ടിക്ക് ലഭിച്ചിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
തദ്ദേശ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ആര്യാ രാജേന്ദ്രനെതിരെ രൂക്ഷ വിമർശനവുമായാണ് ഗായത്രി ബാബു രംഗത്തെത്തിയത്. കരിയർ വളർത്താനുള്ള കോക്കസായി ഓഫീസിനെ കണ്ടെന്നും പാർട്ടിയെക്കാൾ വലുതെന്ന ഭാവമായിരുന്നെന്നും വിമർശനം. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിമർശനം. വിവാദമായതിന് പിന്നാലെ മുൻ കൗൺസിലർ പോസ്റ്റ് പിൻവലിച്ചു.
ആര്യ രാജേന്ദ്രന്റെ കൗൺസിലിലെ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കൂടിയായിരുന്നു ഗായത്രി ബാബു. പേര് പരാമർശിക്കാതെയാണ് ആര്യക്കെതിരായ വിമർശനം. ചിലർക്ക് പാർട്ടിയെക്കാൾ വലുതെന്ന ഭാവമാണെന്നും തന്നെക്കാൾ താഴ്‌ന്നവരോട് പുച്ഛമാണെന്നും പോസ്റ്റിൽ പറയുന്നു. കഴിഞ്ഞ അഞ്ചുവർഷം കൊണ്ട് എൽഡിഎഫിന്റെ ജനകീയത ഇല്ലാതാക്കി. അടിസ്ഥാനപരമായ കാര്യങ്ങൾ അവഗണിച്ചു.ഇവയെല്ലാം ഒഴിവാക്കിയിരുന്നെങ്കിൽ കനത്തിലാകുമായിരുന്നില്ല തിരിച്ചടിയെന്നും പോസ്റ്റിൽ പറയുന്നു.
"കരിയർ ബിൽഡിങ്ങിനുള്ള കോക്കസ് ആക്കി സ്വന്തം ഓഫീസിനെ മാറ്റി. തന്നെ കാണാൻ പുറത്ത് കാത്തുനിന്നിരുന്ന നാലാളെ പോലും കണ്ടില്ല. പ്രാദേശിക നേതാക്കളുടെയോ സഖാക്കളുടെയോ ആവശ്യങ്ങൾ പരിഗണിച്ചില്ല. ഒരു നല്ല ടീം ഉണ്ടാക്കിയെടുത്തിരുന്നെങ്കിൽ ഇത്ര കനത്ത തിരിച്ചടി ഉണ്ടാകില്ലായിരുന്നു," ഗായത്രി ബാബു ഫേസ്ബുക്കിൽ കുറിച്ചു.