
ഡെറാഡൂണിൽ ബസിൽ വച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായതായി റിപ്പോർട്ട്. പഞ്ചാബിൽ നിന്നുള്ള പതിനാറുകാരിയാണ് ഓഗസ്റ്റ് 13 ന് ഡെറാഡൂണിൽ കൂട്ടബലാത്സംഗത്തിനിരയായത്. മൊറാദാബാദിൽ നിന്ന് വരികയായിരുന്ന ബസ് നഗരത്തിലെ അന്തർ സംസ്ഥാന ബസ് ടെർമിനലിൽ നിർത്തിയിട്ടപ്പോഴായിരുന്നു സംഭവം.
സംഭവത്തിൽ കഴിഞ്ഞദിവസം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഒരു ട്രാൻസ്‌പോർട് ഉദ്യോഗസ്ഥനെ കസ്റ്റഡിയിൽ എടുത്തതായും പൊലീസ് അറിയിച്ചു. പെൺകുട്ടി ഇപ്പോൾ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ നിരീക്ഷണത്തിലാണ്. കുട്ടിയെ കൗൺസിലിംഗിന് വിധേയമാക്കിയതായും അധികൃതർ അറിയിച്ചു. ഐഎസ്ബിടി ബസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നതെന്നും പൊലീസ് അറിയിച്ചു.
കൊൽക്കത്തയിൽ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് സ്ത്രീ സുരക്ഷയെച്ചൊല്ലി രാജ്യവ്യാപകമായി പ്രതിഷേധം നടക്കുന്നതിനിടെയാണ് ഡെറാഡൂണിലെ സംഭവം. ഓഗസ്റ്റ് 9 നാണ് കൊൽക്കത്തയിലെ മെഡിക്കൽ കോളേജിൽ ഡോക്ടറെ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. അതേസയം ഏറ്റവും പുതിയ ക്രൈം ഡാറ്റ പ്രകാരം 2021ൽ രാജ്യത്തുടനീളം 31,000 ബലാത്സംഗ കേസുകൾ ആണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.