
അഭിനയത്തിനു വേണ്ടി ഉഴിഞ്ഞുവെച്ച ജീവിതമാണ് പാലക്കാട് പട്ടാമ്പി സ്വദേശി ബീന ആർ. ചന്ദ്രൻ്റേത്. 25 വർഷമായി അഭിനയരംഗത്തുള്ള ടീച്ചർ പരുതൂർ സിഇയുപി സ്കൂൾ അധ്യാപികയാണ്.
മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാര നിറവിൽ നിൽക്കുമ്പോഴും ഏകാംഗ നാടകത്തിൻ്റെ തിരക്കിലാണ് ബീന ആർ. ചന്ദ്രൻ എന്ന പരുതൂരുകാരുടെ ബീന ടീച്ചർ. പരുതൂർ സിഇയുപി സ്കൂളിലെ അധ്യാപികയായ ബീന ചന്ദ്രൻ 25 വർഷത്തിലേറെയായി നാടക രംഗത്ത് സജീവമാണ്. ആറങ്ങോട്ടുകര നാടക സംഘത്തിലെ അംഗമായ ബീനയുടെ ഏകാംഗ നാടകം ഏറെ ശ്രദ്ധേയമാണ്.
തടവ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മികച്ച നടിക്കുള്ള പുരസ്‌കാരം ബീനയ്ക്ക് ലഭിച്ചത്. ദാരിദ്ര്യത്തിലൂടെയും രോഗത്തിലൂടെയും കടന്നുപോകുന്ന ജീവിതത്തിൻ്റെ വിവിധ ഭാഗങ്ങൾ അനായാസമായി അവതരിപ്പിച്ചതിന് പുരസ്‌കാരം നൽകുന്നുവെന്നാണ് ജൂറി വ്യക്തമാക്കിയത്. ഒറ്റയ്ക്ക് ജീവിക്കുന്നൊരാള്‍ അനുഭവിക്കേണ്ടി വരുന്ന സംഘര്‍ഷങ്ങളാണ് ബീന ടീച്ചർ അഭിനയത്തിലൂടെ കാഴ്ചവെച്ചത്. രണ്ട് വിവാഹജീവിതങ്ങളിലൂടെ ഒരു സ്ത്രീക്കുണ്ടായ പ്രശ്നങ്ങള്‍, പ്രണയം, ദേഷ്യം, വൈരാഗ്യം, സൗഹൃദം, നിസഹായാവസ്ഥ തുടങ്ങി എല്ലാ വികാരങ്ങളിലൂടെയും ബീന ആർ. ചന്ദ്രൻ ചിത്രത്തിൽ സഞ്ചരിക്കുന്നുണ്ട്.
സ്കൂളിൽ പഠിപ്പിക്കുന്നതിനിടയിലാണ് മികച്ച നടിക്കുള്ള അവാർഡ് ലഭിച്ച വിവരം അറിയുന്നത്. വിവരമറിഞ്ഞ സഹപ്രവർത്തകരും കുട്ടികളും ടീച്ചറെ വാനോളം അഭിനന്ദിച്ചു. പ്രതീക്ഷിക്കാതെ അംഗീകാരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ബീന ടീച്ചറും.