
ഉരുള്‍പൊട്ടലില്‍ നടുങ്ങി നില്‍ക്കുന്ന വയനാടിന് കൈത്താങ്ങായി നടന്‍ ചിയാന്‍ വിക്രം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം രൂപ സംഭാവന നല്‍കി കൊണ്ടാണ് വിക്രം കേരളത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. സിനിമ-സാംസ്കാരിക-വ്യവസായ രംഗത്തെ പ്രമുഖര്‍ വയനാട്ടിലെ രക്ഷാപ്രവര്‍ത്തനത്തിനും ജനങ്ങളുടെ പുനരധിവാസത്തിനും സഹായം വാഗ്ദാനം ചെയ്ത് രംഗത്തുവന്നിട്ടുണ്ട്. തമിഴ്നാട് സര്‍ക്കാരിന് വേണ്ടി മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ 5 കോടി രൂപ ധനസഹായം കൈമാറിയിരുന്നു. കേരളത്തിലെ എല്ലാ മന്ത്രിമാരും ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
ഇന്നലെ പുലർച്ചെ ഉരുൾപൊട്ടലുണ്ടായ ചൂരൽമല, മുണ്ടക്കൈ, മേപ്പാടി മേഖലകളിൽ രണ്ടാം ദിവസവും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. കേരളം ഇന്നേവരെ കാണാത്തത്രയും ശക്തമായ ഉരുൾപൊട്ടലിൽ 205 മരണമാണ് സംസ്ഥാന സർക്കാർ ഇതുവരെ സ്ഥിരീകരിച്ചത്. 1592 പേരെ ഇതിനോടകം രക്ഷപ്പെടുത്തി. 191 പേരെ കാണാതായിട്ടുണ്ട്. 90 പേര്‍ പരുക്കേറ്റ് ചികിത്സയിലാണ്. 82 ക്യാമ്പുകളിലായി 8017 പേര്‍ കഴിയുന്നു, ഇതില്‍ 19 പേര്‍ ഗര്‍ഭിണികളാണെന്ന് സര്‍ക്കാര്‍ ഔദ്യോഗികമായി അറിയിച്ചു.