കൊച്ചി: നടൻ ടിനി ടോമിനെതിരെയും, താരസംഘടന 'അമ്മ'യുമായി ബന്ധപ്പെട്ടും കൂടുതൽ വെളിപ്പെടുത്തലുമായി നടി അൻസിബ ഹസൻ. ടിനി തനിക്കെതിരെ അവിഹിത കഥകൾ പടച്ച് വിടുകയാണ്. ഇത്രയും കാലം ഇതൊന്നും പറയാതിരുന്നത് സിനിമയിൽ നിന്ന് പുറത്താകുമെന്ന് ഭയന്നാണെന്നും അൻസിബ ഹസൻ. അമ്മയിൽ പരാതി പറഞ്ഞിട്ട് കാര്യമില്ലെന്നും, "എന്നെ പൊലീസ് സ്റ്റേഷന്‍ വരെ കയറ്റിയിട്ടുണ്ടെങ്കില്‍ അതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്." ഇങ്ങനെ വേട്ടയാടിയത് എന്തിനാണ് എന്ന് അറിയില്ലെന്ന് അൻസിബ പറഞ്ഞു.
" മതപരമായി എന്നെ കുറിച്ച് പറഞ്ഞത് അറിഞ്ഞപ്പോൾ ഇത്തരക്കാർക്ക് ഒപ്പമാണ് ഇരുന്നത് എന്ന് ആലോചിച്ച് അറപ്പ് തോന്നി. നേരിട്ട ദുരനുഭവം അമ്മയിൽ പറഞ്ഞെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ല. പരാതി നൽകാൻ വൈകി എന്ന് ശ്വേതാ മേനോൻ പറയുന്നത് തെറ്റാണ്. രാജി കാര്യം മോഹൻലാലിനെയും മമ്മൂട്ടിയെയും അറിയിച്ചിരുന്നു.അൻസിബ പറഞ്ഞു. ടിനിടോമിനെതിരെ നിയമനടപടി സ്വീകരിക്കുന്നത് നിലവിൽ ആലോചിച്ചിട്ടില്ലെന്നും ടിനി ടോമിനെ പുറത്താക്കണം എന്നും അമ്മ എക്സിക്യൂട്ടീവ് പിരിച്ച് വിടണമെന്നും അൻസിബ കൂട്ടിച്ചേർത്തു.
താരസംഘടനയായ 'അമ്മ' എക്സിക്യൂട്ടിവിൽ നിന്നും രാജിവെച്ചതിന് പിന്നാലെയാണ് ചലച്ചിത്രതാരം ടിനി ടോമിന് എതിരെ അൻസിബ ഹസൻ ഗുരുത ആരോപണങ്ങൾ ഉന്നയിച്ചത്. താൻ ആരോട് സംസാരിച്ചാലും അവരെ ചേർത്ത് ലൈംഗിക ചുവയോടെ സംസാരിക്കും. തന്നെ മതതീവ്രവാദിയാക്കാൻ ടിനി നിരന്തരശ്രമം നടത്തി തുടങ്ങിയ ആരോപണങ്ങളാണ് അൻസിബ ഉന്നയിച്ചത്. താൻ ആളുകളെ മതം മാറ്റാൻ ശ്രമിക്കുന്നതായി പറഞ്ഞ് പരത്തി. താൻ മാനസികമായി ആകെ തകർന്നുവെന്നും ഇത്രയും കാലം ഒന്നും പറയാതിരുന്നത് സിനിമയിൽ നിന്ന് പുറത്താകുമെന്ന് ഭയന്നാണെന്നുമാണ് അൻസിബ പറഞ്ഞത്.
അതിനിടെ അൻസിബ ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ടിനി ടോം പ്രതികരിച്ചിരുന്നു. ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയാണെന്നും നടൻ ആരോപിച്ചു. അൻസിബയ്ക്ക് പരാതിയുണ്ടെങ്കിൽ പൊലീസിന് സമീപിക്കാമെന്നും ടിനി ടോം വ്യക്തമാക്കി. അവിഹിത കഥകൾ പ്രചരിപ്പിച്ചുവെന്ന് വേറൊരാൾ പറഞ്ഞു എന്നാണ് അൻസിബ പറയുന്നത്. അങ്ങനെ പറയരുത്. നേരിട്ട് കേട്ടാലെ പറയാൻ പാടുള്ളൂ," ടിനി ടോം പറഞ്ഞു.
ടിനി ടോമിനെ പിന്തുണച്ച് നടി പ്രിയങ്കയും രംഗത്തെത്തി. "അമ്മ സംഘടനയിലുള്ള കാര്യങ്ങൾ 'അമ്മ'യിൽ തീർക്കണം. ഇതുപോലെ മാധ്യമങ്ങളിൽ പോയി പറയാനാണെങ്കിൽ ഞങ്ങൾക്കൊക്കെ ഒരുപാട് കാര്യങ്ങൾ പറയാനുണ്ടാകും. ഒരുപാട് വർഷങ്ങളായി ഞാൻ ടിനിയെ കാണുന്നതാണ്. ഇതുവരെ ടിനിയുടെ ഭാഗത്ത് നിന്ന് ഒരു മോശം പരാമർശമുണ്ടായിട്ടില്ല. ഒരാളെ വ്യക്തിഹത്യ ചെയ്യുന്നത് ശരിയല്ല," എന്നാണ് പ്രിയങ്ക പറഞ്ഞത്. സ്റ്റേജ് ഷോസിനിടയിൽ ദേഷ്യപ്പെടുന്നത് സ്വാഭാവികമാണെന്നും ഇരുവരും പറഞ്ഞു.
അതേസമയം 'അമ്മ'യുടെ ക്യാംപ് നടക്കുന്നതിനിടെ അന്‍സിബ ആരോപണം ഉന്നയിച്ചത് ആസൂത്രിതമെന്ന് പ്രസിഡന്റ് ശ്വേതാ മേനോന്‍ പറഞ്ഞു. അന്‍സിബയും ടിനിടോമും തമ്മിലുള്ളത് വ്യക്തിപരമായ പ്രശ്‌നങ്ങള്‍. പരാതി തന്നത്, മാധ്യമങ്ങളിലൂടെ പ്രതികരിച്ച ശേഷം. എക്‌സിക്യൂട്ടീവ് കമ്മിറ്റി അന്‍സിബയുടെ പരാതി കേള്‍ക്കുമെന്നും ശ്വേതാ മേനോന്‍ മാധ്യമങ്ങളോട് പറഞ്ഞു.