
ബംഗ്ലാദേശിൽ മുഹമ്മദ് യൂനസിൻ്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ നാളെ സത്യപ്രതിജ്ഞ ചെയ്യുമെന്ന് സൈനിക മേധാവി ജനറൽ വക്കർ-ഉസ്-സമാൻ അറിയിച്ചു. ഇടക്കാല സർക്കാർ രാത്രി 8 മണിക്ക് സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോർട്ട്. മുഹമ്മദ് യൂനസിനെ പുതിയ ഇടക്കാല സര്‍ക്കാരിൻ്റെ ഉപദേഷ്ടാവായി നിയമിക്കണമെന്ന് വിദ്യാര്‍ഥി സമൂഹം നേരത്തെ ആവശ്യമുന്നയിച്ചിരുന്നു. വിദ്യാര്‍ഥികളുടെ ആവശ്യത്തോട് യൂനസും അനുകൂലമായി പ്രതികരിച്ചെന്നാണ് റിപ്പോര്‍ട്ടുകളിൽ നിന്ന് വ്യക്തമാകുന്നത്.
'വിദ്യാര്‍ഥികള്‍ ആദ്യം ബന്ധപ്പെട്ടപ്പോള്‍ ഞാന്‍ സമ്മതിച്ചിരുന്നില്ല. എനിക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുണ്ട് എന്നാണ് ഞാനവരോട് പറഞ്ഞത്. എന്നാല്‍ കുട്ടികള്‍ വീണ്ടും വീണ്ടും ആവശ്യപ്പെട്ടുകൊണ്ടിരുന്നു. വിദ്യാര്‍ഥികളും സാധാരണക്കാരും ഉള്‍പ്പെടെ നിരവധിപ്പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ശരിയായ രീതിയില്‍ രാജ്യത്ത് ഭരണം നടത്താനുള്ള അവസരമാണിപ്പോഴുള്ളത്. ആരെങ്കിലും ഉത്തരവാദിത്തം ഏറ്റെടുത്താല്‍ മാത്രമേ അത് സാധ്യമാവുകയുള്ളൂ. ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ വിസമ്മതിക്കുകയാണെങ്കില്‍, അതാര്‍ക്കും ഗുണം ചെയ്യില്ല. അതുകൊണ്ടാണ് ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ആവശ്യപ്പെടുന്നതെന്നായിരുന്നു വിദ്യാര്‍ഥികളിലൊരാള്‍ പ്രതികരിച്ചത്' - യൂനസിനെ ഉദ്ധരിച്ച് ദി ഡെയ്‍ലി സ്റ്റാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
യൂനസ് നയിക്കുന്ന ഉപദേശക സമിതിയിൽ 15 അംഗങ്ങളുണ്ടാകുമെന്ന് സൈനിക മേധാവി പറഞ്ഞു. ഇടക്കാല സർക്കാരിനെ നയിക്കാൻ യൂനുസ് രാജ്യത്ത് എത്തുമ്പോൾ ഒരു ജനാധിപത്യ പ്രക്രിയയിലൂടെ ബംഗ്ലാദേശിനെ നയിക്കുമെന്നും ജനാധിപത്യ പ്രക്രിയയിലൂടെ നമ്മെ കൊണ്ടുപോകാൻ അദ്ദേഹത്തിന് കഴിയുമെന്ന് ഉറപ്പുണ്ടെന്നും സൈനിക മേധാവി കൂട്ടിച്ചേർത്തു.