
മലപ്പുറം നിലമ്പൂർ കുമ്പളപ്പാറ നടത്തിയ ജനകീയ തെരച്ചിലിൽ ഇന്ന് ഒരു ശരീരഭാഗം കൂടി കണ്ടെത്തി. കുമ്പളപാറ വനമേഖലയിൽ നടത്തിയ തെരച്ചിലിലാണ് ശരീരഭാഗം കണ്ടെത്തിയത്. ഇന്നലെ നടത്തിയ തെരച്ചിലിലും ഒരു മൃതദേഹ ഭാഗം കണ്ടെത്തിയിരുന്നു.
ചൂരൽമല-മുണ്ടെക്കൈ ദുരന്തം നടന്ന് 15 ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ്. മണ്ണിനടിയിൽ അനേകം മനുഷ്യരാണ് ഇനിയും കുടുങ്ങിക്കിടക്കുന്നത്. ലഭിക്കുന്ന ചില ശരീരഭാഗങ്ങൾ മനുഷ്യരുടേത് തന്നെയാണോ എന്ന് പോലും സ്ഥീരികരിക്കാനാവാത്ത അവസ്ഥയാണ്. തലയോട്ടി ഉൾപ്പെയുള്ള ശരീരഭാഗങ്ങൾ കഴിഞ്ഞ ദിവസങ്ങളിലായി നടത്തിയ തെരച്ചിലിൽ കണ്ടെത്തിയിരുന്നു.
ചാലിയാർ ഒഴുകിയെത്തുന്ന മലപ്പുറം ജില്ലയിലെ പോത്തുകൽ, മുണ്ടേരി എന്നിവിടങ്ങളിലായാണ് തെരച്ചിൽ നടത്തുന്നത്. വിവിധ സേനാ വിഭാഗങ്ങൾക്കൊപ്പം പ്രദേശവാസികളും സന്നദ്ധ പ്രവർത്തകരും ഉൾപ്പെടെ തെരച്ചിലിൻ്റെ ഭാഗമായിട്ടുണ്ട്. എട്ട് സംഘങ്ങളായി തിരിഞ്ഞാണ് തെരച്ചിൽ നടത്തുക. നിലവിൽ 15 ദുരിതാശ്വാസ ക്യാമ്പുകളിലായി 1736 പേരാണ് കഴിയുന്നത്.
അതേസമയം, ചൂരൽമല, മുണ്ടക്കൈ, പുഞ്ചിരി മട്ടം മേഖലകളിൽ പരിശോധനകൾ ഏതാണ്ട് പൂർത്തിയായെന്ന് എഡിജിപി എം.ആർ. അജിത് കുമാർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇപ്പോൾ നടക്കുന്നത് സംശയമുള്ള ഭാഗങ്ങളിലെ പരിശോധനകൾ മാത്രമാണ്. മലകളിലും പുഴയോരങ്ങളിലുമാണ് ഇപ്പോൾ കാര്യമായി തെരച്ചിൽ നടക്കുന്നത്. തെരച്ചിൽ നിർത്താൻ ഉദ്ദേശിക്കുന്നില്ലെന്നും സർക്കാരാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കുകയെന്നും എഡിജിപി പറഞ്ഞു.
വയനാട്ടിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. എന്നാൽ, കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ വെയിലിനെ തുടർന്ന് മുണ്ടെക്കൈ-ചൂരൽമല ഭാഗത്തെ ചെളി ഏകദേശം ഉറച്ചിരിക്കുകയാണ്. ഇതിനിടെ ചൂരൽമല ശാഖയിലെ വായ്പക്കാരിൽ മരിച്ചവരുടെയും, ഈടു നൽകിയ വീടും വസ്തുവകകളും നഷ്ടപ്പെട്ടവരുടെയും മുഴുവൻ വായ്പകളും എഴുതിത്തള്ളുമെന്ന് കേരള ബാങ്ക് അറിയിച്ചു. ബാങ്ക് ഭരണസമിതി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം.