
ഷിരൂരിൽ ദൗത്യം പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട അവലോകന യോഗം ഇന്ന്. ഉത്തര കന്നഡ ജില്ലാ കളക്ടർ ലക്ഷ്മി പ്രിയയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ദൗത്യ സംഘ പ്രതിനിധികളും പങ്കെടുക്കും. ഗംഗാവലി പുഴയുടെ ഒഴുക്ക് പരിഗണിച്ചാണ് തീരുമാനം.
ഗംഗാവലിപ്പുഴയിലെ ഒഴുക്ക് നാല് നോട്ടെങ്കിലും ആയാൽ മാത്രമേ തെരച്ചിൽ പുനരാരംഭിക്കാനാകൂ എന്നാണ് ജില്ലാ ഭരണകൂടത്തിൻ്റെ വിലയിരുത്തൽ. കാൻവാറിൽ നിന്നുള്ള നാവിക സേനാംഗങ്ങൾ ആയിരിക്കും ഇത് സംബന്ധിച്ച തീരുമാനം എടുക്കുക.
അതേസമയം, അർജുനെ കണ്ടെത്താനുള്ള എല്ലാ ശ്രമങ്ങളും നടത്തുമെന്ന് അർജുൻ്റെ കുടുംബത്തിന് മുഖ്യമന്ത്രി രേഖാമൂലം കത്ത് നൽകിയിട്ടുണ്ട്. ഹൈക്കോടതിയുടെ ഉത്തരവുണ്ടായിട്ടും അർജുനെ കണ്ടെത്താൻ കർണാടക സർക്കാർ ശ്രമിക്കുന്നില്ലെന്ന പരാതി ഉയരുന്നതിനിടെയാണ് വിഷയവുമായി ബന്ധപ്പെട്ട് കേരള സർക്കാർ സ്വീകരിച്ച നടപടികൾ ഉൾപ്പെടുത്തി രേഖാമൂലമുള്ള കത്ത് കുടുംബത്തിന് കൈമാറിയത്. കോഴിക്കാട് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ അർജുൻ്റെ വീട്ടിലെത്തിയാണ് കത്ത് കൈമാറിയത്. മുഖ്യമന്ത്രി അര്‍ജുന്‍റെ വീട്ടില്‍ എത്തിയ ഘട്ടത്തില്‍ തെരച്ചിൽ വൈകുന്നതിലുള്ള ആശങ്ക കുടുംബം പ്രകടിപ്പിച്ചിരുന്നു.
അതിനിടെ, അര്‍ജുന്‍റെ ഭാര്യ കൃഷ്ണപ്രിയയ്ക്ക് ജോലി നല്‍കുമെന്ന് കോഴിക്കോട്ടെ വേങ്ങേരി സര്‍വീസ് സഹകരണ ബാങ്ക് അറിയിച്ചു. ജൂലൈ 16നാണ് കര്‍ണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അര്‍ജുനെ കാണാതായത്. പിന്നാലെ, അര്‍ജുന് വേണ്ടി രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഗംഗാവലി പുഴയില്‍ അര്‍ജുന്റെ ട്രക്ക് ഉണ്ടെന്ന് സംശയിക്കുന്ന സ്ഥലത്ത് തെരച്ചില്‍ നടത്തിയെങ്കിലും ശക്തമായ അടിയൊഴുക്ക് കാരണം നിര്‍ത്തിവെക്കേണ്ടി വന്നു.