
ഷിരൂരിൽ അർജുന് വേണ്ടിയുള്ള തെരച്ചിനായി കുടുംബം ബുധനാഴ്ച കർണാടക മുഖ്യമന്ത്രിയെ കാണും. എം കെ രാഘവൻ എം പി യും എത്തുമെന്നാണ് ലഭ്യമാകുന്ന വിവരം.അതേസമയം അർജുനെ കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം നിലനിൽക്കുകയാണ്. തെരച്ചിലിനായി ഡൈവിങ്ങിന് അനുമതി കിട്ടുന്നില്ലെന്നും, ഡ്രഡ്ജിങ്ങ് മെഷീൻ എത്തിച്ച് മണ്ണെടുത്താൽ മാത്രമേ ഇനി തെരച്ചിൽ സാധ്യമാകൂവെന്ന് മുങ്ങൽ വിദഗ്ധനായ ഈശ്വർ മാൽപെ അർജുൻ്റെ വീട് സന്ദർശിച്ചതിന് ശേഷം പറഞ്ഞിരുന്നു.
പലതവണ അര്‍ജുന് വേണ്ടി ഗംഗാവലി പുഴയിൽ തെരച്ചില്‍ നടത്തിയ ആളാണ് മാല്‍പെ. ലോറിയിൽ മരം കെട്ടിയ കയർ ഉൾപ്പെടെയുള്ള ഭാഗങ്ങൾ സംഘം കണ്ടെത്തിയെങ്കിലും അർജുനെ കുറിച്ച് സൂചനകൾ ഒന്നും ലഭിച്ചിരുന്നില്ല. ഗംഗാവലി പുഴയിൽ വെള്ളത്തിൻ്റെ ഒഴുക്ക് വർധിക്കുകയും, കലങ്ങുകയും ചെയ്‌തതോടെ മുങ്ങിയുള്ള പരിശോധന ദുഷ്കരമാണ്. പുഴയിൽ മണ്ണും കല്ലും അടിഞ്ഞു കൂടിയതിനാൽ ഡ്രെഡ്‌ജ് ചെയ്യാതെ തെരച്ചിൽ സാധ്യമാകില്ലെന്നാണ് ലഭ്യമാകുന്ന വിവരം. ഷിരൂരിൽ ഇനി തെരച്ചിൽ തുടരണമെങ്കിൽ 30 അടി താഴ്ചയിൽ മണ്ണ് നീക്കണമെന്നും . അതിന് ഡ്രഡ്ജർ എത്തണമെന്നും മാൽപെ സൂചിപ്പിച്ചിരുന്നു.
എന്നാൽ അഞ്ച് ദിവസം കൊണ്ട് എത്തുമെന്ന് പറഞ്ഞ ഡ്രഡ്ജർ ഇതുവരെയും എത്തിയിട്ടില്ല. ഡ്രഡ്ജർ കൊണ്ടുവരാൻ ഫണ്ടില്ല എന്ന നിലപാടാണ് കർണാടക സർക്കാരിന്റേത്. അതുകൊണ്ടുതന്നെ വിഷയത്തിൽ എത്രയും പെട്ടെന്ന് കേരള സർക്കാർ ഇടപെടണമെന്ന് മാൽപെയും സംഘവും ആവശ്യപ്പെട്ടിരുന്നു.