
ആലപ്പുഴ ചേർത്തലയിൽ വൺ റുപ്പീ മാൻ എന്ന് അറിയപ്പെടുന്ന ഒരാൾ ഉണ്ട്. ഒരു രൂപയുടെ വിപുലമായ നോട്ട് ശേഖരം കൊണ്ട് ഈ വിളിപ്പേര് കിട്ടിയ അർവിന്ദ് കുമാർ പൈ. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഒരു രൂപ നോട്ട് മുതൽ അവസാനം ഇറങ്ങിയ ഒരു രൂപ നോട്ട് വരെ അർവിന്ദ് മാഷിന്റെ കൈയിൽ സുരക്ഷിതമാണ്.
ഈ ഒരു രൂപ ഇങ്ങനെ ചേർത്ത് വെച്ചാൽ എന്ത് കിട്ടുമെന്ന് അർവിന്ദിനോട് ചോദിച്ചാൽ ചിരി ആയിരിക്കും മറുപടി. ആ ചിരിക്ക് റെക്കോർഡ് തിളക്കമുണ്ട്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഒരു രൂപ നോട്ടുകളുടെ ശേഖരം സ്വന്തമാക്കിയതിൻ്റെ റെക്കോഡ് അർവിന്ദിന്റെ പേരിലാണ്. 1949 ഓഗസ്റ്റ് 12 ന് ഇറങ്ങിയ ഒരു രൂപ നോട്ടു മുതൽ ഏറ്റവും ഒടുവിലിറങ്ങിയ പുതിയ നോട്ടും ഉൾപ്പെടുന്നതാണ് അർവിന്ദിന്റെ ശേഖരം. നോട്ടുകൾ ശേഖരിക്കുക മാത്രമല്ല നോട്ടിനെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തി വിവരങ്ങളും കുറിക്കും.
ചെറുപ്പം മുതൽ ആരംഭിച്ച ശീലമാണിത്, ഒട്ടുമിക്ക ധനകാര്യ സെക്രട്ടറിമാരുടെയും ഒപ്പുള്ള നോട്ടുകൾ കൈവശം ഉണ്ടെന്ന് തിരിച്ചറിഞ്ഞതോടെയാണ് മുഴുവൻ ഒരു രൂപ നോട്ടുകളും സ്വന്തമാക്കണം എന്ന ചിന്ത വന്നത്. ആദ്യത്തെ ഒരു രൂപ നോട്ട് പച്ചനിറത്തിൽ എബിസി സീരീസുകളിലായിരുന്നു. 1951 ൽ പച്ചയ്ക്കൊപ്പം ലാവണ്ടർ നിറത്തിലും നോട്ടിറക്കി. നീണ്ട ഇടവേളയ്ക്കു ശേഷം 2015ലാണ് ഒരു രൂപ നോട്ട് പുറത്തിറക്കുന്നത്.
1969ൽ മഹാത്മാ ഗാന്ധിയുടെ ജൻമശതാബ്ദി വർഷത്തിൽ മാത്രമാണ് ഗാന്ധിയുടെ ചിത്രം വച്ച് ഒരു രൂപ നോട്ട് പുറത്തിറക്കിയത്. നോട്ടുകളിലെ ചിത്രങ്ങളിലൂടെ 75 വർഷത്തെ ഇന്ത്യയുടെ പുരോഗതി വ്യക്തമാക്കുന്ന പ്രദർശനവും അർവിന്ദ് നടത്തിയിട്ടുണ്ട്. നോട്ടുകളെക്കുറിച്ച് എന്തു സംശയം ചോദിച്ചാലും ചേർത്തല ഗവ. ടൗൺ എൽ പി സ്കൂൾ അധ്യാപകനായ അർവിന്ദ് മാഷിന് ഉത്തരമുണ്ട്.