
വയനാട് ചൂരൽമലയിലുണ്ടായ ദുരന്തത്തിൽ നിസഹായരായി നിൽക്കുന്നത് മലയാളികൾ മാത്രമല്ല, തൊഴിലും മികച്ച ജീവിതവും പ്രതീക്ഷിച്ച് കേരളത്തിലെത്തിയ ഇതര സംസ്ഥാന തൊഴിലാളികളും കൂടിയാണ്. ബിഹാറിൽ നിന്നും വയനാട്ടിലെ ഹാരിസൺ മലയാളം കമ്പനിയിൽ ജോലി ചെയ്യുന്നതിനായാണ് രവികുമാറും സഹോദരനും കേരളത്തിലേക്ക് വണ്ടി കയറിയത്.
എന്നാൽ, ഇന്ന് വയനാട്ടിലെ ചൂരൽമലയിലെ ദുരന്തഭൂമിയിൽ പകച്ചുനിൽക്കുകയാണ് അയാൾ. രവികുമാറിനോടൊപ്പം ഇന്ന് അയാളുടെ സഹോദരനില്ല. അയാളെ ആ ദുരന്തഭൂമിയിൽ കാണാതായതാണ്. സഹോദരനെ മാത്രമല്ല, അയാളോടൊപ്പം ജോലി ചെയ്തിരുന്ന മറ്റ് രണ്ടുപേരെയും കണ്ടെത്താനായിട്ടില്ല. ഒരാളുടെ മൃതദേഹം കണ്ടെത്തി. ഒരാൾ ആശുപത്രിയിൽ ചികിത്സയിലാണ്.
"ഞങ്ങൾ ഹിന്ദിക്കാരാണ്. എൻ്റെ സ്വദേശം ബിഹാറാണ്. ഞങ്ങൾക്ക് ഭാഷ അറിയില്ല. എന്താണ് ചെയ്യേണ്ടതെന്നറിയില്ല. ഗവൺമെൻ്റ് ഞങ്ങളുടെ കാര്യങ്ങളറിയുന്നില്ല. ഞങ്ങൾ മൂന്ന് ദിവസമായി ഭക്ഷണം കഴിച്ചിട്ടില്ല. വെള്ളം കുടിച്ചിട്ടില്ല. ഞങ്ങളെ ആരും സഹായിക്കുന്നില്ല.
ഞങ്ങൾ ആറ് പേരും രാത്രി ഉറങ്ങുകയായിരുന്നു. അപ്പോഴാണ്, വലിയ ശബ്ദത്തോടെ മണ്ണും വെള്ളവും ഒലിച്ചിറങ്ങി വന്നത്. അതിലാണ് അവരെയെല്ലാം നഷ്ടമായത്. ഞങ്ങളോടൊപ്പമുള്ള മൂന്ന് പേരെ ഇതുവരെ കണ്ടെത്തിയിട്ടില്ല. അതിൽ ഒരാൾ എൻ്റെ സഹോദരനാണ്. ഒരാൾ മരിച്ചുപോയി. ഒരാൾ ആശുപത്രിയിലുണ്ട്. ഞങ്ങളെ സഹായിക്കണം. അവരെ എനിക്ക് കണ്ടെത്തി തരണം,"
ഭാഷയറിയാതെ, വിവരങ്ങളറിയാതെ എല്ലാവർക്കും ഒരേ പോലെ മനസിലാകുന്ന കണ്ണീരിൻ്റെ ഭാഷയിൽ അധികൃതർക്ക് മുൻപിൽ സഹായത്തിനായി കൈനീട്ടുകയാണ് അയാൾ...