യുപി സർക്കാരിന് തിരിച്ചടി; കന്‍വാര്‍ യാത്രാ ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി

കന്‍വാര്‍ യാത്രക്കാലത്ത് മുസാഫര്‍ നഗറിലെ ഭക്ഷണശാലകളില്‍ ഉടമകളുടെ പേര് പ്രദര്‍ശിപ്പിക്കണമെന്ന ഉത്തരവാണ് കോടതി സ്റ്റേ ചെയ്തത്.
യുപി സർക്കാരിന്  തിരിച്ചടി; കന്‍വാര്‍ യാത്രാ ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി
Published on

ഉത്തർ പ്രദേശ്, ഉത്തരാഖണ്ഡ് സർക്കാരുകള്‍ പുറപ്പെടുവിച്ച കൻവാർ യാത്ര ഉത്തരവ് വെള്ളിയാഴ്ച വരെ സുപ്രീം കോടതി സ്റ്റേ ചെയ്തു. കന്‍വാര്‍ യാത്രക്കാലത്ത് മുസഫര്‍ നഗറിലെ ഭക്ഷണശാലകളില്‍ ഉടമകളുടെ പേര് പ്രദര്‍ശിപ്പിക്കണമെന്ന ഉത്തരവാണ് കോടതി സ്റ്റേ ചെയ്തതിരിക്കുന്നത്.  ഭക്ഷണശാലകൾ ഉടമകളുടെ പേരല്ല എന്ത് തരം ഭക്ഷണമാണ് വിതരണം ചെയ്യുന്നതെന്നാണ് പ്രദര്‍ശിപ്പിക്കേണ്ടതെന്ന് കോടതി പറഞ്ഞു.  പൊലീസിന് ഇത്തരത്തിലൊരു നിര്‍ദേശം ഭക്ഷണശാലകള്‍ നടത്തുന്നവരില്‍ അടിച്ചേല്‍പ്പിക്കാനാവില്ലായെന്ന് കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ ഋഷികേശ് റോയി,എസ്.എന്‍.വി ഭട്ടി എന്നിവരടങ്ങിയ ബെഞ്ചിന്‍റേതാണ് ഉത്തരവ്. എൻജിഒ അസോസിയേഷൻ ഓഫ് പ്രൊട്ടക്ഷൻ സിവിൽ റൈറ്റ്‌സാണ് കന്‍വാർ യാത്രാ വിവാദത്തില്‍ ഹർജി സമർപ്പിച്ചത്.

"കന്‍വാരിയ തീര്‍ഥാടകര്‍ക്ക് വൃത്തിയുള്ള ചുറ്റുപാടുകളില്‍ അവരുടെ താല്‍പര്യത്തിനനുസരിച്ച് സസ്യാഹാരങ്ങള്‍ കിട്ടുന്നുവെന്നുറപ്പിക്കാന്‍ അധികൃതര്‍ക്ക് അവകാശമുണ്ട്. എന്നാല്‍ ഉടമസ്ഥരെ കടകളില്‍ പേര് പ്രദര്‍ശിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നത് ഈ ലക്ഷ്യം നടപ്പാക്കാന്‍ സഹായിക്കില്ല. മാത്രമല്ല, ഈ ഉത്തരവ് നിര്‍ബന്ധപൂര്‍വം അടിച്ചേല്‍പ്പിച്ചാല്‍ ഇന്ത്യയുടെ മതേതര സ്വഭാവം ലംഘിക്കപ്പെടും", ജസ്റ്റിസ് റോയി പറഞ്ഞു.

മുസ്ലീം വ്യാപാരികളെ ലക്ഷ്യം വച്ചുള്ളതാണ് യുപി സർക്കാരിന്‍റെ ഉത്തരവെന്നും, ഇത് വ്യാപാരികളെ ദോഷകരമായി ബാധിക്കുമെന്നുമുള്ള വിമർശനങ്ങൾ നേരത്തെ ഉയര്‍ന്നിരുന്നു. വിവാദ ഉത്തരവിനെതിരെ നിരവധി രാഷ്‌ട്രീയ നേതാക്കളും രംഗത്ത് എത്തിയിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com