

ധാക്ക: ഐപിഎല്ലിൽ പങ്കെടുക്കുന്നതിൽ നിന്ന് ബംഗ്ലാദേശ് പേസ് ബൌളർ മുസ്തഫിസുർ റഹ്മാനെ വിലക്കിയ ബിസിസിഐ നീക്കത്തിനെതിരെ കടുത്ത നടപടിയുമായി ബംഗ്ലാദേശ്. രാജ്യത്തുടനീളം ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) സംപ്രേഷണം ചെയ്യുന്നത് ഉടനടി നിരോധിക്കുന്നതായി ബംഗ്ലാദേശ് സർക്കാരാണ് പ്രഖ്യാപിച്ചത്. രാജ്യത്തെവിടെയും ഐപിഎൽ മത്സരങ്ങൾ സംപ്രേഷണം ചെയ്യരുതെന്ന് ചാനലുകൾക്ക് നിർദേശം നൽകിക്കഴിഞ്ഞു.
ഇതോടെ ഇന്ത്യ-ബംഗ്ലാദേശ് ആഭ്യന്തര പ്രശ്നങ്ങൾ പുതിയ മാനങ്ങളിലേക്ക് വളരുകയാണ്. 2026 സീസണിന് മുന്നോടിയായി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് (കെകെആർ) ടീമിൽ നിന്ന് ബംഗ്ലാദേശ് സ്റ്റാർ പേസർ മുസ്തഫിസുർ റഹ്മാനെ ഒഴിവാക്കണമെന്ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) എടുത്ത തീരുമാനത്തിന് പ്രതികാരമെന്ന നിലയിലാണ് തുടർന്നാണ് ഈ നടപടി.
ബംഗ്ലാദേശി സ്റ്റാർ പേസറെ പുറത്താക്കാനുള്ള നീക്കം ഇന്ത്യൻ ബോർഡിൻ്റെ തീരുമാനം ധാക്കയിൽ വ്യാപകമായ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമിൽ നിന്ന് ബംഗ്ലാദേശി സൂപ്പർതാരം മുസ്തഫിസുർ റഹ്മാനെ ഒഴിവാക്കിയ നടപടി യുക്തിസഹമല്ലെന്നും അത്തരമൊരു തീരുമാനം ബംഗ്ലാദേശിലെ ജനങ്ങളെ ദുഃഖിപ്പിച്ചെന്നും ബംഗ്ലാദേശ് സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് അവരുടെ ടി20 ലോകകപ്പ് മത്സരങ്ങൾ ഇന്ത്യയിൽ നിന്ന് ശ്രീലങ്കയിലേക്ക് മാറ്റാൻ ഐസിസിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഫെബ്രുവരി 7ന് ആരംഭിക്കാൻ നിശ്ചയിച്ചിരിക്കുന്ന 2026 ഐസിസി പുരുഷ ടി20 ലോകകപ്പിനായി ദേശീയ ടീമിനെ ഇന്ത്യയിലേക്ക് അയയ്ക്കില്ലെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ഐസിസിയെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. ഇക്കാര്യം ജയ് ഷാ അധ്യക്ഷനായ ഐസിസി സജീവമായി പരിഗണിക്കുന്നുണ്ട്. വേദികളുടെ ലഭ്യതയടക്കം പരിശോധിച്ച് വരികയാണ്.
കൊൽക്കത്തയിൽ വെസ്റ്റ് ഇൻഡീസിനെതിരെയും (ഫെബ്രുവരി 7), കൊൽക്കത്തയിൽ ഇറ്റലിക്കെതിരെയും (ഫെബ്രുവരി 9), കൊൽക്കത്തയിൽ ഇംഗ്ലണ്ടിനെതിരെയും (ഫെബ്രുവരി 14), മുംബൈയിൽ നേപ്പാളിനെതിരെയും (ഫെബ്രുവരി 17) ആണ് ബംഗ്ലാദേശിൻ്റെ മത്സരങ്ങൾ നടക്കേണ്ടത്.
ബംഗ്ലാദേശ് താരത്തെ ടീമില്‍ ഉള്‍പ്പെടുത്തിയതിനു പിന്നാലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉടമ ഷാരൂഖ് ഖാനെതിരെ ആക്രമണവുമായി ബിജെപിയും ഹിന്ദു മഹാസഭയും രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് താരത്തെ ഒഴിവാക്കണമെന്ന് ബിസിസിഐ ആവശ്യപ്പെട്ടത്.