
ഉത്തര്‍പ്രദേശ് ബിജെപിക്കുള്ളില്‍ പ്രശ്‌നങ്ങളുണ്ടെന്ന ഉഹാപോഹങ്ങള്‍ക്കിടയില്‍ ഭരണപക്ഷ എംഎല്‍എമാരോട് കൂറുമാറാന്‍ ആഹ്വാനം ചെയ്യുന്ന തരത്തിലുള്ള എക്‌സ് പോസ്റ്റുമായി സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്.
'മണ്‍സൂണ്‍ ഓഫര്‍ നൂറു പേരെ കൊണ്ട് വരൂ സര്‍ക്കാരുണ്ടാക്കൂ' - അഖിലേഷ് യാദവ് എക്‌സില്‍ കുറിച്ചു."2022 ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ എസ്‌പിക്ക് 111 സീറ്റുകള്‍ ലഭിച്ചിരുന്നു. അസംതൃപ്തരായ 100 ബിജെപി എംഎല്‍എമാരുടെ പിന്തുണ കൂടി ലഭിച്ചാല്‍ ഞങ്ങള്‍ക്ക് എളുപ്പത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കും"
ആരുടെയും പേരെടുത്ത് പറയാതെയുള്ള സമാജ് വാദി പാര്‍ട്ടി നേതാവിന്‍റെ പോസ്റ്റ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥില്‍ അസംതൃപ്തരായ ബിജെപി നേതാക്കളെ ഉദ്ദേശിച്ചാണെന്നാണ് സൂചന. യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ 'സംഘടന- പാർട്ടി' പരാമര്‍ശത്തിന് ശേഷമാണ് ബിജെപി സംസ്ഥാന നേതൃത്വത്തിനുള്ളിലെ പോര് വെളിയില്‍ വന്നത്. സര്‍ക്കാരിനെക്കാള്‍ വലുതാണ് പാര്‍ട്ടിയെന്നായിരുന്നു മൗര്യയുടെ പരാമര്‍ശം.
മൗര്യ ബിജെപി പ്രസിഡന്‍റ് ജെ.പി നദ്ദയുമായി ഡല്‍ഹിയില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു ശേഷമായിരുന്നു സര്‍ക്കാരിലെ രണ്ടാമന്‍റെ പാര്‍ട്ടിയെ പുകഴ്ത്തിയുള്ള പരാമര്‍ശം.
മൗര്യയും മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായുള്ള ബന്ധം വഷളായിരിക്കുന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ മുന്‍പും വന്നിരുന്നു. മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനശൈലിയില്‍ മൗര്യ അസംതൃപ്തനാണെന്നായിരുന്നു പുറത്തു വന്ന വിവരങ്ങള്‍.