
മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് പ്രതീക്ഷിച്ചതു പോലെ ജനപ്രിയമായോ? ബിഹാറിനും ആന്ധ്രപ്രദേശിനും കൂടുതല്‍ പ്രാധാന്യം നല്‍കിക്കൊണ്ടാണ് നിര്‍മല സീതാരാമന്റെ ബജറ്റ് പ്രഖ്യാപനം. വാനോളം പ്രതീക്ഷയിലായിരുന്ന കേരളത്തിന് പതിവു പോലെ നിരാശപ്പെടേണ്ടിവന്നു. എയിംസ്, വിഴിഞ്ഞം, സില്‍വര്‍ ലൈന്‍, വയനാട് തുരങ്കപാത, ലൈറ്റ് മെട്രോ, ടൂറിസം മേഖല അങ്ങനെ ബജറ്റ് പ്രഖ്യാപനത്തില്‍ കേരളത്തിന്റെ പ്രതീക്ഷകള്‍ നിരവധിയായിരുന്നു. എന്നാല്‍, പദ്ധതികളിലൊന്നും കേരളത്തിന്റെ പേര് പരാമര്‍ശിക്കപ്പെട്ടില്ല.
വിദ്യാഭ്യാസം, നൈപുണ്യ വികസനം, തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കൽ എന്നിവയ്ക്കാണ് ബജറ്റില്‍ പ്രധാന പരിഗണന. ഇതിനായി രണ്ട് ലക്ഷം കോടി രൂപ നീക്കിയിരിപ്പ് നടത്തും. പ്രധാനമന്ത്രിയുടെ പാക്കേജില്‍ അഞ്ച് സ്‌കീമുകളാണ് യുവാക്കള്‍ക്കായി രൂപകല്പന ചെയ്തിരിക്കുന്നത്.
തൊഴില്‍ മേഖലയിലെ തുടക്കക്കാര്‍ക്കുള്ളതാണ് ആദ്യത്തെ സ്‌കീം. പുതുതായി ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് 15,000 രൂപ വരെയുള്ള ആദ്യ ശമ്പളം സര്‍ക്കാര്‍ നല്‍കും. ഒരുലക്ഷം രൂപവരെ മാസശമ്പളമുള്ളവര്‍ക്ക് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് മുഖേനയാണ് സഹായമെത്തുക. ഉത്പാദനമേഖലയില്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയാണ് രണ്ടാമത്തെ സ്‌കീമിന്റെ ലക്ഷ്യം. പുതിയ ജീവനക്കാരനും തൊഴിലുടമയ്ക്കും അടുത്ത നാല് വര്‍ഷം സര്‍ക്കാര്‍ സഹായം ലഭിക്കും. പുതുതായി ജോലിയില്‍ പ്രവേശിക്കുന്ന 30 ലക്ഷം പേര്‍ക്ക് സ്‌കീം ഗുണകരമാകും. തൊഴില്‍ദാതാക്കള്‍ക്ക് ഗുണകരമാകുന്ന മൂന്നാമത്തെ സ്‌കീം എല്ലാ മേഖലയിലും പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ലക്ഷ്യം വച്ചുള്ളതാണ്. ഒരു ലക്ഷം രൂപയ്ക്കുള്ളില്‍ മാസശമ്പളം വരുന്ന ഓരോ അധിക തൊഴിലവസരം സൃഷ്ടിക്കുമ്പോഴും ഈ സ്‌കീമിന്റെ ഗുണം ലഭിക്കും.
രണ്ടു വര്‍ഷത്തേയ്ക്ക് പ്രതിമാസം 3000 രൂപ വരെ ആനുകൂല്യം പ്രൊവിഡന്റ് ഫണ്ടിലേയ്ക്ക് സംഭാവന ചെയ്യും. ജോലിസ്ഥലത്തെ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ അധിക വിമണ്‍സ് ഹോസ്റ്റലുകളും സ്ത്രീകള്‍ക്കായി പ്രത്യേക നൈപുണ്യ വികസന പദ്ധതികളും ബജറ്റ് വിഭാവനം ചെയ്യുന്നുണ്ട്.
രാജ്യത്തെ യുവാക്കളുടെ നൈപുണ്യ വികസനം ലക്ഷ്യമിട്ട് പ്രത്യേക കേന്ദ്ര പദ്ധതിയും ധനമന്ത്രി പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി പ്രതിവര്‍ഷം 20 ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ നൈപുണ്യ പരിശീലനം ലഭ്യമാക്കും. നൈപുണ്യ വികസനത്തിന്റെ ഭാഗമായി രാജ്യത്തെമ്പാടുമായി 1,000 ഐടിഐകള്‍ ഉയര്‍ന്ന നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്നും ധനമന്ത്രി അറിയിച്ചു. അതായത് മേഖലകളുടെയും സംസ്ഥാന സര്‍ക്കാരുകളുടെയും സഹകരണത്തോടെയാകും പദ്ധതി നടപ്പാക്കുക.
രാജ്യത്തെ ഉന്നത വിദ്യാഭ്യാസ രംഗം മെച്ചപ്പെടുത്താന്‍ പ്രത്യേക ശ്രദ്ധയും ബജറ്റ് പ്രഖ്യാപനത്തിലുണ്ട്. ഉന്നത വിദ്യാഭ്യാസത്തിനു വേണ്ടിയെടുക്കുന്ന പത്തു ലക്ഷം രൂപവരെ വിദ്യാഭ്യാസ വായ്പകള്‍ക്ക് കേന്ദ്ര സഹായം നല്‍കും. ഉന്നത വിദ്യാഭ്യാസത്തിനായി രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ആശ്രയിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് സഹായം ലഭ്യമാകുക. വാര്‍ഷിക പലിശയില്‍ വായ്പാ തുകയുടെ മൂന്നു ശതമാനം വരെയാണ് കേന്ദ്ര സഹായം. രാജ്യത്തെമ്പാടുമായി പ്രതിവര്‍ഷം 10 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് ഇതിന്റെ ഗുണഫലം ലഭിക്കുമെന്നും ധനമന്ത്രി അറിയിച്ചു. പുറമേ, പ്രതിവര്‍ഷം 25,000 വിദ്യാര്‍ഥികള്‍ക്ക് സഹായകരമാകുന്ന വിധത്തില്‍ നിലവിലുള്ള മോഡല്‍ സ്‌കില്‍ ലോണ്‍ സ്‌കീം പുതുക്കുമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.
അടിസ്ഥാന സൗകര്യവികസനത്തിന് നിരവധി പ്രഖ്യാപനങ്ങളും ബജറ്റിലുണ്ട്. ഇതിനായുള്ള മൂലധനച്ചെലവ് 11,11,111 കോടി രൂപയായിരിക്കുമെന്ന് ധനമന്ത്രി അറിയിച്ചു. ഇത് രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ (ജിഡിപി) ഏകദേശം 3.4 ശതമാനമാണ്.
അടുത്ത അഞ്ച് വര്‍ഷത്തേയ്ക്ക് അടിസ്ഥാന സൗകര്യ വികസനത്തിന് സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്രസഹായം കൂട്ടുന്നതിന്റെ ഭാഗമായി 50 വര്‍ഷത്തേയ്ക്കുള്ള പലിശരഹിത വായ്പ പ്രഖ്യാപിച്ചു. ഇതിനായി 1.5 ലക്ഷം കോടി രൂപയാണ് ഈ സാമ്പത്തിക വര്‍ഷം നീക്കിവച്ചത്. അടിസ്ഥാന സൗകര്യ വികസനത്തിന് വയബിലിറ്റി ഗ്യാപ്പ് ഫണ്ടിംഗ് വഴിയാണ് സ്വകാര്യമേഖല നിക്ഷേപം അനുവദിക്കുക.
ജലവൈദ്യുത അടിസ്ഥാന സൗകര്യ വികസനത്തില്‍ അരുണാചല്‍ ഉള്‍പ്പെടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ നിക്ഷേപത്തില്‍ 25 ശതമാനം വരെ കേന്ദ്രസഹായം നല്‍കും. പ്രധാനമന്ത്രി ഗ്രാമ സഡക് യോജനയുടെ നാലാം ഘട്ടം 25 ഗ്രാമപ്രദേശങ്ങളില്‍ ആരംഭിക്കുമെന്നും വെള്ളപ്പൊക്ക മാനേജ്‌മെന്റിനും അനുബന്ധ പദ്ധതികള്‍ക്കുമായി അസമിന് സഹായം നല്‍കും.
ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചുള്ള ടൂറിസം ഹബ്ബ് പ്രഖ്യാപനങ്ങളുണ്ടായ ബജറ്റില്‍ പ്രത്യേക പരാമര്‍ശമുണ്ടായത് ഒഡിഷയ്ക്ക് മാത്രം. ബിഹാറിലെ വിഷ്ണുപാദ്, മഹാബോധി ക്ഷേത്രങ്ങളെ കാശിവിശ്വനാഥ ക്ഷേത്രത്തിന് സമാനമായ ടൂറിസം കേന്ദ്രമായി വളര്‍ത്തുമെന്നും ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി വ്യക്തമാക്കി.
ബിഹാറിനും ആന്ധ്രയ്ക്കും പ്രത്യേക പരിഗണന
ബിഹാറിന് 26000 കോടിയുടെ പ്രത്യേക റോഡുവികസന പാക്കേജിന് പുറമെ, 11500 കോടി പ്രളയ സഹായം. അസം, ഹിമാചല്‍, ഉത്തരാഖണ്ഡ്, സിക്കിം സംസ്ഥാനങ്ങള്‍ക്കും പ്രളയ- പുനരുദ്ധാരണ ഫണ്ട് നല്‍കും. കൂടുതല്‍ എയര്‍പോര്‍ട്ടുകള്‍, മെഡിക്കല്‍ കോളേജുകള്‍, സ്‌പോര്‍ട്‌സ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ വികസനത്തിന് കേന്ദ്രപിന്തുണ.
അടിസ്ഥാന വികസന, വ്യാവസായിക മേഖലയിലുള്‍പ്പെടെ പദ്ധതി വാഗ്ദാനങ്ങളോടെ, 15,000 കോടിയുടെ പ്രത്യേക പാക്കേജിനൊപ്പം, ജലം, വൈദ്യുതി, റെയില്‍വേ, റോഡുകള്‍ എന്നിങ്ങനെ അടുത്ത അഞ്ചുവര്‍ഷത്തേക്ക് സംസ്ഥാനത്തിന്റെ സമഗ്രവികസനത്തിന് കേന്ദ്രം അധിക ഫണ്ട് അനുവദിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. വിശാഖപട്ടണം-ചെന്നൈ വ്യാവസായിക ഇടനാഴി, ഹൈദരാബാദ്-ബാംഗ്ലൂര്‍ വ്യാവസായിക ഇടനാഴികളുടെ വികസനം. റീ ഓര്‍ഗനൈസേഷന്‍ ആക്ട് പ്രകാരം തലസ്ഥാനമായ അമരാവതിയുടെ രൂപീകരണം. സംസ്ഥാനത്തെ മൂന്ന് ജില്ലകള്‍ക്കുള്ള പിന്നാക്ക മേഖല ഗ്രാന്റും അടക്കം ആന്ധ്രയുടെ ആവശ്യങ്ങള്‍ നിറവേറ്റുമെന്ന വാഗ്ദാനമാണ് ധനമന്ത്രി നല്‍കിയത്.
ദക്ഷിണേന്ത്യയില്‍ ആന്ധ്ര മാത്രം
രാജ്യത്തിന്റെ വികസനം സംസ്ഥാനങ്ങളുടെ വികസനത്തില്‍ ആശ്രയിച്ചാണിരിക്കുന്നതെന്നും സംസ്ഥാനങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തും എന്നും പ്രഖ്യാപിച്ച ധനമന്ത്രി കേരളം അടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ ഒഴിവാക്കിയത് ശ്രദ്ധേയമായി. ആന്ധ്രയൊഴികെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളൊന്നും പരാമര്‍ശിക്കപ്പെട്ടില്ല. കേരളത്തിന് സമ്പൂര്‍ണ നിരാശയായിരുന്നു. സംസ്ഥാനത്തിനായി പ്രത്യേകിച്ച് ബജറ്റില്‍ ഒന്നും മാറ്റിവച്ചിട്ടില്ല. പ്രളയ ദുരിതാശ്വാസ പദ്ധതികളിലും കേരളം ഇടംപിടിച്ചില്ല. അതിവേഗ ട്രെയിന്‍ ഉള്‍പ്പെടെ പദ്ധതികള്‍ കേരളത്തിനില്ല. സംസ്ഥാനത്തിന്റെ ദീര്‍ഘകാല സ്വപ്നമായ എയിംസ് ഇത്തവണ പ്രഖ്യാപിക്കുമെന്നായിരുന്നു ഉറ്റുനോക്കിയിരുന്നത്. എന്നാല്‍ ബജറ്റ് പ്രഖ്യാപനത്തില്‍ അതുണ്ടായില്ല. പ്രളയ ദുരിതാശ്വാസ പദ്ധതികളില്‍ ബിഹാറിന് പുറമെ, സിക്കിം, അസം, ഉത്തരാഖണ്ഡ്, ഹിമാചല്‍ സംസ്ഥാനങ്ങളും ഇടംപിടിച്ചപ്പോഴും കേരളം അവഗണിക്കപ്പെട്ടു.